ഇസ്‌ലാമാണോ ദൈവസന്ദേശം part1

Is Islam True Message?

Dec 27, 2024 - 23:11
ഇസ്‌ലാമാണോ ദൈവസന്ദേശം part1

ഈ പ്രപഞ്ചത്തിന്റെ ജീവോല്പത്തിക്കും, സൃഷ്‌ടിപ്പിനും, നിയന്ത്രണത്തിനും പിന്നിൽ അനിവാര്യമായൊരു അസ്തിത്വം (necessary existence) ഉണ്ടായേ തീരൂവെന്ന് സാമാന്യ ബുദ്ധിയുള്ള ഏതൊരു മനുഷ്യനും സമ്മതിക്കേണ്ടി വരും. അത് യുക്തിയനുസൃത വാദം (logical argumentation) മുഖേനയും സ്വയം സ്ഥാപിത സത്യം (self evident truth) വഴിയും തെളിയിക്കപ്പെട്ടതാണ്. ശേഷം അനിവാര്യമായ അസ്തിത്വം നമ്മോട് സംവദിച്ചിട്ടുണ്ടാകുമെന്ന് വ്യവകലന വിചിന്തനത്തിലൂടെയും (deductive reasoning) വിദ്യുല്‍പ്രരക വിചിന്തനത്തിലൂടെയും (inductive reasoning) സ്ഥാപിക്കപ്പെട്ടതുമാണ്.
ഇനി ഏറ്റവും സുപ്രധാനമായ നാലാമത്തെ ഘട്ടത്തിലേക്കാണ് കടക്കുന്നത്. ആ അസ്തിത്വം അതുല്യമായ ഒറ്റയൊരെണ്ണം മാത്രമായിരിക്കണം. അത് മറ്റൊന്നിനെയും ആശ്രയിക്കാത്ത എല്ലാവരും ആശ്രയിക്കുന്ന സ്വയംപര്യാപ്തമായ അസ്തിത്വമാകണം. ഭാഷ-ദേശ-വർഗ ഭേദമന്യേ ലോകം മുഴുവൻ അറിയുന്നതായിരിക്കണം. യുക്തിപരമായി നാമെത്തിച്ചേർന്ന ഇത്തരം നിഗമനത്തിലേക്ക് ഇസ്‌ലാം മതവും മറ്റു മതങ്ങളും എപ്രകാരമാണ് യോജിച്ചും വിയോജിച്ചും പോകുന്നതെന്ന് അറിയേണ്ടത് അനിവാര്യതയാണ്.

ദൈവം സ്വയം സ്ഥാപിതമായൊരു സത്യമാണ്. കൂടുതൽ വിശദീകരണങ്ങൾ അതിനാവശ്യമില്ല. അതു കൊണ്ട് തന്നെ ദൈവാസ്തിത്വത്തെ സംബന്ധിച്ചൊരു വാദം ഖുറാനിൽ കാണാൻ കഴിയില്ല. കാരണം ദൈവത്തിന്റെ അഭാവത്തെക്കുറിച്ചൊരു സാധ്യത തന്നെ ഉടലെടുക്കുന്നില്ല. അതു കൊണ്ടാണ് അത്രയും സ്പഷ്ടമായ ഒരു സത്യത്തെ നിഷേധിക്കുന്നവരെ കാഫിർ എന്ന നാമം കൊണ്ട് ഖുർആൻ അഭിസംബോധന ചെയ്തത്. നാം എത്തിചേർന്ന അനുമാനങ്ങളിൽ, ഖുർആൻ സൂചിപ്പിക്കുന്നതും പ്രത്യക്ഷനിലയിൽ സ്ഥാപിക്കുന്നതുമായ വിശേഷങ്ങളിലേക്കൊന്ന് ശ്രദ്ധ തിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

എല്ലാ വിശേഷണങ്ങളുമുൾകൊള്ളുന്ന, മറുവിശേഷണങ്ങൾ ആവശ്യമില്ലാത്ത ഒരു നാമമാണ് അല്ലാഹു. എന്നാൽ ഈ അസ്തിത്വത്തിന്റെ സവിശേഷതകൾ നിർവചിക്കുന്നതിനായി ഇസ്ലാമിലെ ക്ലാസിക്കൽ ടെക്സ്റ്റ്കളിൽ ഉപയോഗിച്ചിട്ടുള്ള ഒരു പദമാണ് സിഫാത്ത്. സിഫാത്തുകൾ പല തരത്തിലുണ്ട്.
സിഫാത്തുൽ അസാഫിയ്യ 
സിഫാത്തുൽ ദാത്തിയ്യ
സിഫാത്തുന്നഫ്സിയ്യ
ഈ ഗുണഗണനങ്ങൾ ദൈവത്തിന്റെ അനിവാര്യമായ സവിശേഷതകളെയാണ് പ്രതിപാദിക്കുന്നത്. ഇവയെല്ലാം നിശ്ചിതവും നിർബന്ധിതവുമാണ്. ദൈവത്തിന്റെ അസ്തിത്വം മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും സ്വീകാര്യമായതാണ്.

ദൈവത്തിന്റെ അനിവാര്യഗുണങ്ങൾ ;
1. വുജൂദ്
യാതൊന്നും അവശേഷിക്കാത്ത അവസ്ഥയിലും അല്ലാഹുവിന്റെ വുജൂദ് ശേഷിക്കും. ഇതാണ് കണ്ടിജൻസി ആർഗുമെന്റിലൂടെ ആദ്യം സ്ഥാപിക്കപ്പെട്ടത്. മറ്റൊന്നിനെയും പടച്ചവൻ ആശ്രയിക്കുന്നില്ല. അദം (ഇല്ലായ്മ) എന്നതിന്റെ വിപരീതം കൂടിയാണ് വുജൂദ്.
2. ഖിധം
(Pre eternity)
നിത്യതയ്ക്ക് മുമ്പുള്ള കാലം  ഇല്ലാതിരിക്കുക. അതായത് അല്ലാഹുവിന് മുമ്പ് എന്നൊരു കാലം തന്നെ ഇല്ലാതിരിക്കുന്ന ഒരവസ്ഥ. കാരണം ഈശ്വരൻ അനശ്വരനാണ്. അവൻ എല്ലായ്പ്പോഴും നിലനിൽക്കുന്നവനാണ്. കാലവും കാലഘട്ടങ്ങളും അവൻ സൃഷ്ടിച്ചതാണ്. പടച്ചവൻ ഒരു പോയിന്റിന് ശേഷം സൃഷ്ടിക്കപ്പെട്ടതല്ല. അവനാണ് സ്രഷ്ടാവ്. സമയവും, സ്ഥലവും, ആകാശങ്ങളും, ഭൂമിയും, പ്രപഞ്ചവും ബഹിരാകാശവുമെല്ലാം പടച്ചവൻ അവനാണ്. തുടക്കവും ഒടുക്കുവുമില്ലാത്തവനാണ് അല്ലാഹു.
3. ബഖാഅ 
(Ever lastingness)
പടച്ചവന്റെ നിലനിൽപ്പിനു അറ്റവും അന്തവുമില്ല. അവൻ എല്ലായ്‌പ്പോഴും സന്നിഹിതനാണ്. അനശ്വരതയിൽ അധിവസിക്കുന്ന അധിപനാണ്. ബഖാഇന്റെ നേർവിപരീതമാണ് ഫനാ 
(നാശം).
4. Mukhalafathul lil havadisi
(Non resemblance to the creatures)
സൃഷ്ടികളുമായി യാഥാലൊരു വിധത്തിലും സ്രഷ്ടാവിനു സാമ്യമുണ്ടാകാൻ പാടില്ല.
സൃഷ്ടിച്ചതിനോടും സൃഷ്ടിക്കാൻ പോകുന്നതിനോടും സ്രഷ്ടാവ് അതുല്ല്യനായിരിക്കണം. 
"നിങ്ങളുടെ മനസ്സിൽ എന്തൊക്കെ വരുന്നുവോ അതൊന്നും അല്ലാഹുവല്ല" എന്ന പ്രവാചകവചനം ഇതിനോട് ചേർത്ത് പറയാവുന്നതാണ്. ഇത് സൂറത്തുൽ ഇഖ്ലാസിൽ വ്യക്തമായി ക്കപ്പെട്ടിട്ടുള്ളതാണ്.
5.
(Self existence quality)
പടച്ചവന് സ്വയം നിലനിൽക്കാനുള്ള കഴിവുണ്ട്. പ്രപഞ്ചമുൾപ്പടെ സർവവും നശിച്ച ശേഷവും അല്ലാഹുവിനു നിലനിൽക്കാൻ സാധിക്കും. സർവ്വസൃഷ്ടികൾക്കും മുന്നേയുള്ള അസ്തിത്വമാണ് അല്ലാഹു. ആ അസ്തിത്വമുള്ളത് കൊണ്ടാണ് സൃഷ്ടിപ്പ് (creation) സാധ്യമാകുന്നതും, സൃഷ്ടികൾക്ക് നിലനിൽക്കാൻ സാധിക്കുന്നതും. എല്ലാ കണ്ടിജന്റ് ആയിട്ടുള്ള വസ്തുക്കൾക്കും ക്രിയേറ്ററും സ്പെസും ആവശ്യമാണ്.
6. Vahdhaaniya 
അല്ലാഹുവിനു തുല്ല്യമായൊരു ദൈവമില്ല. അവന്റെ ഗുണങ്ങളിലോ വിശേഷണങ്ങളിലോ പ്രവർത്തനങ്ങളിളോ അവന് തുല്ല്യമായ ഒന്നുമില്ല. ഇതിന്റെ വിപരീതമായി ശിർക്ക്.
തൗഹീദിന്റെ ഈയൊരു ആശയത്തെ കണ്ടിജൻസി ആർഗുമെന്റിലൂടെ ഇവിടെ സാധൂകരിക്കാം.
ഖുറാനിൽ ഖുൽ ഹുവള്ളാഹു അഹദ് എന്ന് പറയുന്നുണ്ട്. അഹദ് എന്നാൽ ഏകൻ. ഒന്നിനോടും തുല്ല്യമല്ലാത്ത പങ്കാളികളില്ലാത്ത ഒരുവൻ!.
ഒറ്റ നോട്ടത്തിൽ ഇതെല്ലാം ഏതാണ്ട് ഒരുപോലെയാണെന്ന് തോന്നുമെങ്കിലും, ഇതിന്റെയൊക്കെ അർത്ഥതലങ്ങളിലും അർത്ഥവ്യാപ്തിയിലും വ്യതിയാനങ്ങളുണ്ട്.
സൂറത്തുൽ മുഅമിനൂൻ 99,
സൂറത്തുൽ ഫാത്തിർ 3, സൂറത്തുൽ അമ്പിയാഅ 22 എന്നീ ആയത്തുകൾ ഇത് വ്യക്തമായി പറയുന്നുമുണ്ട്.

ഇതെല്ലാം അടിസ്ഥാനപരമായ വിശേഷങ്ങളാണ്. ഇവയുടെ ദ്വിതീയ വിശേഷങ്ങളെ (secondary attributes) അല്ലെങ്കിൽ സവിശേഷ ഗുണങ്ങളെയാണ് സിഫാത്തുൽ മആനി എന്ന് പറയുന്നത്. അതിൽ പ്രധാനമാണ് ഹയാ. അതായത് ദൈവം ജീവിച്ചിരിക്കുന്നവാണ്. ഹൈന്ദവദർശനങ്ങളിൽ നിർഗുണ പരബ്രഹ്മമെന്നും സർഗുണപരബ്രഹ്മമെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നത് കാണാം. (ആക്ടീവും ഇനാക്റ്റീവുമായ ദൈവ സങ്കല്പങ്ങൾ) രണ്ടും തീർത്തും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ്. താൻ സൃഷ്ടിക്കാൻ പോകുന്നതിനെപ്പറ്റിയും അതിന്റെയൊക്കെ പരിണാമഗുപ്തിയെക്കുറിച്ചും പരിസമാപ്തിയെ സംബന്ധിച്ചും ദൈവത്തിന് കൃത്യമായ ഇൽമ് അഥവാ അറിവുണ്ടായിരിക്കണം. അല്ലാഹുവിന്റെ അറിവ് സമ്പൂർണ്ണവുമാണ്.
ഒരു കാര്യം തുടങ്ങാൻ ഇച്ഛ(will) യുണ്ടാവണം. അതായത് ഇറാദ. സൂറത്തുൽ ആലിംറാനിൽ ഇത് സൂചിപ്പിക്കുന്നുണ്ട്.
ഖുദ്രത്ത്, അല്ലെങ്കിൽ ശക്തിയും കരുത്തുമുണ്ടാകണം.
സംഅ,ബസർ,ഖലാം ഇവയുമുണ്ടാകണം. കേവലം ജീവശാസ്ത്രപരമായ കാഴ്ചയും കേൾവിയുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്.
കണ്ണില്ലാതെ കാണുന്ന, ചെവിയില്ലാതെ കേൾക്കുന്നവാണ് അല്ലാഹു. സമീഉൻ ബസീറുൻ എന്ന് തന്നെ ഖുറാനിൽ കാണാൻ കഴിയും.
ഖലാമെന്ന വിശേഷണം ഇവ രണ്ടും പോലെ നേരിട്ട് ഇതുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നതല്ല. അത് അല്ലാഹുവിന്റെ ആശയപ്രകാശങ്ങളും ആവിഷ്കാരവുമാണ്. വേദങ്ങളും, പ്രപഞ്ചവും മനുഷ്യബുദ്ധിയുമൊക്കെ അതിനൊരു തെളിവാണ്. അത് വളരെ ആഴമേറിയ ഒരു സംഗതിയാണ്. ഈ പ്രപഞ്ചത്തിലെ വൃക്ഷങ്ങളെ മുഴുവൻ പേനയാക്കിയും സമുദ്രങ്ങളെ മഷിയാക്കിയുമെടുത്ത് അല്ലാഹുവിന്റെ ഖലാമിനെ നിങ്ങൾ എഴുതാൻ തുനിഞ്ഞാലും നിങ്ങൾക്കത് എഴുതി പൂർത്തീകരിക്കാനാവില്ല എന്ന് അല്ലാഹു തന്നെ ഖുർആനിലൂടെ പറയുന്നുണ്ട്.
ഖലാം എന്ന പദം കൊണ്ടുള്ള ഉദ്ദേശം സംസാരമല്ല, അറിവ് ജ്ഞാനം എന്ന അടിസ്ഥാനത്തിലോക്കെയാണ് അത് പ്രയോഗിച്ചിരിക്കുന്നത്. ഈ പ്രപഞ്ചം തന്നെ വിജ്ഞാനങ്ങളാൽ സമ്പന്നമാണ്. അമൂർത്തമായവയെല്ലാം അറിവുകളാണെന്ന ചിന്താഗതിയാണ് ശാസ്ത്രം പോലും മുന്നോട്ടുവെക്കുന്നത്.

 അനിവാര്യമായ അസ്ഥിത്വ(necessary existence)ത്തിന്റെ സ്ഥാപിക്കപ്പെട്ട അനിവാര്യമായ ഗുണവിശേഷണങ്ങൾ ഖുറാനിലും ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിലും കൃത്യമായ നിലയിൽ സ്ഥിരീകരിക്കപ്പെട്ടതാണ്. ആധുനികത മുന്നോട്ട് വക്കുന്ന ഇത്തരം വാദഗതികൾ ലോകത്ത് ഉടലെടുക്കുന്നതിനും പരിചിതമാകുന്നതിനും മുമ്പ് തന്നെ ഇവയെല്ലാം ഖുർആനിലും ഇസ്ലാമിക വിശ്വാസപ്രമാണങ്ങളിലും ഉണ്ടായിരുന്നത് തന്നെയാണ്. കലാം കോസ്മോളജിക്കൽ എവിഡൻസിനും ഒത്തിരി നൂറ്റാണ്ടുകളുടെ പഴക്കമൊന്നുമില്ല. ഇവയ്ക്കും മുമ്പ് തന്നെ വിശ്വാസീസമൂഹത്തിൽ പഠിപ്പിക്കപ്പെട്ടതാണ് മേൽ സൂചിപ്പിച്ചതാണ്.

 നവയുഗവാദങ്ങൾ വിശദീകരിക്കുന്ന നെസസ്സറി എക്സിസ്റ്റൻസിന്റെ നെസസ്സറി ക്വാളിറ്റിസ് ഏതു മതദൈവ സങ്കല്പത്തോടാണ് യോജിച്ചു പോകുന്നതെന്ന് പറയാൻ ഇനിയും വിശദീകരണത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം ഈ പറഞ്ഞ വിശേഷണങ്ങളെല്ലാം ഇസ്ലാമിലെ ദൈവ സങ്കൽപ്പത്തോട് അക്ഷരാർത്ഥത്തിൽ ചേർന്നു നിൽക്കുന്നതാണ്.
 ഉദാഹരണത്തിന് മേൽ വിശദീകരിക്കപ്പെട്ട അനിവാര്യമായ ഗുണവിശേഷണങ്ങളോട് ക്രിസ്തുമതത്തെ അടിസ്ഥാനപ്പെടുത്തി നോക്കിയാൽ, അവിടെയൊരു പരസ്പര വിരുദ്ധത കാണാൻ സാധിക്കും. കാരണം ക്രിസ്തുമത പുരാണങ്ങൾ പറയുന്നത് ത്രിയേകത്വത്തെ (Trinity) ക്കുറിച്ചാണ്. തത്വത്തിൽ ഒന്നെന്ന് വാദിച്ചാലും, അവിടെത്തന്നെ മൂന്ന് അസ്ഥിത്വങ്ങൾ പ്രകടമാണ്. പിതാവ്, പുത്രൻ, പരിശുദ്ധത്മാവ് എന്നിങ്ങനെ മൂന്നെണ്ണം.
ഒന്നുകിൽ ഇച്ഛ(will)യിൽ വിട്ടുവീഴ്ച(compromise)സംഭവിക്കണം, അല്ലെങ്കിൽ അവിടെ ഒരു വൈരുദ്ധ്യം സംഭവിക്കണം. അങ്ങനെ ഒരു വിരുദ്ധ സംഭവിച്ചാൽ അത് നെസസ്സറി എക്സിസ്റ്റൻസ് ആവില്ല. ബഹുദൈവ വിശ്വാസദർശനങ്ങളും സങ്കല്പങ്ങളുമൊന്നും തന്നെ യുക്തിപരമായി നമ്മളെത്തിച്ചേർന്ന നിഗമനത്തോട് യോജിച്ചു പോകുന്നതല്ല. മുപ്പത്തിമുക്കോടി ദൈവസങ്കൽപ്പങ്ങളെയും,
പ്രാപഞ്ചിക പ്രതിഭാസങ്ങളെയും എന്തിനേറെ 
മണ്ണിനേയും, പെണ്ണിനേയും, സൂര്യനെയും ചന്ദ്രനെയും, പ്രപഞ്ചത്തെയും, പ്രപഞ്ചത്തിന്റെ ഊർജത്തെയൊക്കെ ആരാധിക്കുന്ന അനവധി നിരവധി വിഭാഗം മനുഷ്യർ ലോകത്തുണ്ട്. ഇവിടെയെല്ലാം ദൈവത്തിന്റെ ഏകത്വ(oneness)മെന്ന അടിസ്ഥാനഗുണത്തിന്റെ അഭാവം വളരെ വ്യക്തമാണ്.

അതു കൊണ്ട് തന്നെ ഏകദൈവവിശ്വാസ പ്രമാണങ്ങളൊഴിച്ചുള്ള മറ്റെല്ലാ മതങ്ങളെയും ഇക്കാരണത്താൽ നിരാകരിക്കാവന്നതാണ്. എന്നാൽ ഇസ്ലാമല്ലാത്ത ഏകദൈവ മതവിശ്വാസങ്ങളെ ദൈവത്തിൽ നിന്നുള്ളതാകാനുള്ള സാധ്യതയെ പൂർണമായും തള്ളിക്കളയുന്നില്ല. ക്രിസ്തു മതത്തിന്റെ ത്രിയേകത്തെക്കുറിച്ച് മേൽ സൂചിപ്പിച്ചിട്ടുണ്ട്. പിന്നെയുള്ളത് ജൂത മതമാണ്. അതു ദൈവത്തിൽ നിന്ന് അവതരിച്ചത് തന്നെയായിരിക്കാം. പക്ഷേ പിന്നീട് ദൈവത്തിൽ നിന്നുണ്ടായ സന്ദേശങ്ങളിൽ കൈകടത്തലുകളും ദുർവ്യാഖ്യാനങ്ങളും വന്നു. ടെസ്റ്റിമോണിയൽ എവിഡൻസിന്റെ സാധ്യതയെ പിന്നീട് ചോദ്യം ചെയ്യേണ്ടതായി വരും. അതു കൊണ്ട് ഇന്ന് നിലനിൽക്കുന്ന ജൂതമതത്തിന്റെ ആശയ ദർശനങ്ങളോടും പ്രത്യയശാസ്ത്രങ്ങളോടും സമരസപ്പെട്ടു പോവുക സാധ്യമല്ല.

ഇസ്ലാമിന്റെ അജയ്യതയെക്കുറിച്ചും ദൈവികതയെക്കുറിച്ചും പറയുമ്പോൾ പ്രവാചകത്വത്തെക്കുറിച്ച് പറയാതെ ഇസ്‌ലാമിക അധ്യാപനങ്ങൾ പൂർണ്ണമാവില്ല.
എന്തുകൊണ്ടാണ് പ്രവാചകത്വം അംഗീകരിക്കേണ്ടി വരുന്നത് ഏറ്റവും യുക്തിപരമായ മാർഗമായി മാറുന്നതെന്ന ചോദ്യം വളരെ പ്രസക്തമാണ്. മുകളിൽ വിവരിച്ചു പോയ കണ്ടിജൻസി ആർഗുമെന്റിലൂടെ കടന്നു പോയൊരാൾക്ക് അതിവേഗത്തിൽ ഇസ്ലാമിലെ പ്രവാചകത്വസങ്കല്പത്തിലേക്ക് യുക്തിപരമായി എത്തിച്ചേരാൻ സാധിക്കും. അത് വഴി ഇസ്ലാമിന്റെ അജയ്യത അനായാസം തെളിയിക്കാൻ സാധിക്കും.

പ്രവാചകജീവിതത്തിന്റെ നിഖിലവിധ മേഖലകളുമെടുത്തു നോക്കിയാലും അവിടെയൊന്നും യാതൊരു തരത്തിലുമുള്ള പുഴുക്കുത്തുകൾ ഒരാൾക്കും കണ്ടെത്താൻ കഴിയില്ല. മുഹമ്മദ്‌ നബിയുടെ ജീവിതത്തെ വിശകലനത്തിന് വിധേയമാക്കി നോക്കാം.

മുഹമ്മദ് എന്ന പ്രവാചകൻ ജീവിച്ചിരുന്നതിന് തെളിവായി മുസ്‌ലീങ്ങളും അമുസ്ലീങ്ങളുമായ രചയിതാക്കൾ രചിച്ച ചരിത്ര ഗ്രന്ഥങ്ങളും ചരിത്രരേഖകളും ലഭ്യമാണ്. നിരക്ഷരനായിരുന്ന മുഹമ്മദിനാണ് ഖുർആൻ അവതരിക്കുന്നത്. 1400 വർഷങ്ങൾക്കു മുമ്പ് ഖുർആനെന്നൊരു ഗ്രന്ഥം ഈ ഭൂലോകത്തുണ്ടായിരുന്നതിനെപ്പറ്റി യാതൊരാൾക്കും ഒരറിവുമില്ല. അപ്പോ 1500 വർഷങ്ങൾക്കു മുമ്പ് നിലവിലില്ലാതിരുന്ന ഒരു പുസ്തകം ആയിടയ്ക്ക് ആരോ എഴുതിയതാണ് എന്നിരിക്കട്ടെ, സ്വാഭാവികമായും അതിന്റെ രചയിതാവിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ എത്തിനിൽക്കുന്നത് മുഹമ്മദിൽ തന്നെയായിരിക്കും. തല്ക്കാലം അദ്ദേഹമൊരു പ്രവാചകനല്ലെന്നു തന്നെ കരുതാം. നിരക്ഷരനായ ഒരു വ്യക്തിക്ക് എങ്ങനെയാണ് ഇത്തരത്തിലൊരു ഗ്രന്ഥമെഴുതാൻ സാധിക്കുക എന്നതാണ് മനസ്സിൽ കടന്നുവരുന്ന ആദ്യത്തെ ചോദ്യം.
 ഒരുദാഹരണത്തിന് എലിസബീത്തൻ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന ലോക പ്രശസ്ത സാഹിത്യകാരനായ ഷേക്ക്‌സ്പീയറിന് എഴുതാൻ കഴിയില്ലെങ്കിൽ അദ്ദേഹത്തിന്റെ നാടകങ്ങളും, രചനകളും കൃതികളും ഇന്ന് നമുക്ക് മുന്നിൽ എത്തിനിൽക്കുമോ?.
ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഗ്രന്ഥരൂപത്തിൽ ഇന്ന് നമുക്ക് മുന്നിലുള്ള ഖുർആൻ തുറന്നു നോക്കിയാൽ, അതിലൊരുപാട് അമാനുഷികമായ സംഭവങ്ങളും വിശദീകരണങ്ങളും കാണാൻ കഴിയും. ഭ്രൂണ ശാസ്ത്രത്തെക്കുറിച്ച് ഖുർആൻ കൃത്യമായി വിവരിക്കുന്നുണ്ട്. ഭ്രൂണവളർച്ചയുടെ മൂന്നു ഘട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. പ്രപഞ്ചോല്പത്തിയെക്കുറിച്ചും അതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും പറയുന്നുണ്ട്. ബിഗ് ബാങ്ങിനെക്കുറിച്ചുള്ള വിവരണങ്ങളും ഖുർആനിലുണ്ട്.

 ഭ്രൂണശാസ്ത്ര വിജ്ഞാനത്തെ കുറിച്ച് പറയുമ്പോൾ, അരിസ്റ്റോട്ടിലും ഗാലനും അതിനെ സംബന്ധിച്ച് പറഞ്ഞിട്ടുണ്ടെന്ന് പലരും അവകാശപ്പെടാറുണ്ട്. പക്ഷെ വാസ്തവത്തിൽ എന്താണ് അരിസ്റ്റോട്ടിൽ പറഞ്ഞത്?.
ആർത്തവ രക്തത്തിൽ നിന്നാണ് കുഞ്ഞുങ്ങളുണ്ടാകുന്നതെന്നാണ് അരിസ്റ്റോട്ടിൽ പറഞ്ഞത്. 2000 വർഷം അങ്ങനെ തന്നെ ലോകം വിശ്വസിച്ചു പോന്നിരുന്നു. കേവലം നൂറ്റിയൻപതോ ഇരുന്നൂറോ വർഷങ്ങൾക്കു മുമ്പാണ് അതല്ല സത്യമെന്ന് ശാസ്ത്രം തെളിയിച്ചത്. 2000 വർഷങ്ങൾ തത്വചിന്തകർ ശരിയാണെന്ന് പറഞ്ഞു മനുഷ്യൻ വിശ്വസിച്ചിരുന്ന ഒരു കാര്യം ഖുർആനിൽ തെറ്റായിരുന്നു. 2000 വർഷങ്ങൾക്കിപ്പുറം ശാസ്ത്ര സത്യങ്ങളോട് ചേർന്ന് നിൽക്കുന്നതാണ് ഖുർആനിന്റെ ശാസ്ത്രീയ വിജ്ഞാനമെന്ന് തെളിയിക്കപ്പെട്ടു. അത് പോലെ ഒരു മിനി എംബ്ര്യോ പുരുഷന്റെ ബീജത്തിലുണ്ടെന്നും ഗാലൻ വാദിച്ചു. പക്ഷേ അതും വാസ്തവിരുദ്ധമാണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. അതുവരെ ലോകത്തില്ലാതിരുന്ന, ശരിയാണെന്നു ലോകം വിശ്വസിച്ചിരുന്ന ഒരറിവിനെ ഖുർആൻ തിരുത്തി. എന്നിട്ടും ആ 1400 വർഷത്തിൽ 1200 വർഷവും തത്വചിന്തകർ പറഞ്ഞതാണ് ശരിയെന്ന് തന്നെയാണ് ശാസ്ത്രം വിശ്വസിച്ചിരുന്നത്. പ്രൊഫസർ കീറ്റുമോറിന്റെ ഇത് സംബന്ധിച്ച വീഡിയോകൾ യൂട്യൂബിൽ സുലഫമാണ്.
കടൽ രണ്ടായി പിരിഞ്ഞ ചരിത്രവും ഖുർആൻ വിശദീകരിക്കുന്നുണ്ട്. അപ്പൊ ഈ അറിവുകൾ പ്രവാചകൻ മുഹമ്മദിന് എവിടുന്നു കിട്ടി എന്നതാണ് അടുത്ത ചോദ്യം. ഇതൊരിക്കലും പ്രവാചകൻ തന്റെ മനസ്സിൽ നിന്ന് പകർത്തിയെഴുതിയ കാര്യങ്ങളളായിരുന്നില്ല. മുഹമ്മദ്‌ നബി(സ്വ) ലോകം മുഴുവൻ സഞ്ചരിച്ചു നടന്നൊരു യാത്രികനും സഞ്ചാരിയുമായിരുന്നില്ല. ഇതാണ് രണ്ടാമത്തെ പോയിന്റ്. ഇവിടെയാണ് നമ്മൾ നമ്മുടെ യുക്തി ഉപയോഗിക്കേണ്ടത്.

നമുക്ക് ഏറെ പരിചിതനായ കഥാപാത്രമാണ് ആർതർ കൊനാൻ ഡോയലിന്റെ ഷെർലക് ഹോംസ്. തനിക്ക് മുന്നിലെത്തുന്ന കുറ്റകൃത്യങ്ങളുടെ കുറ്റവാളികളെ കണ്ടു പിടിക്കാൻ പതിവായി ഹോംസ് ഉപയോഗിക്കുന്നൊരു ഉപയമുണ്ട്. കൃത്യം ചെയ്യാൻ സാധ്യതയുള്ള എല്ലാ വ്യക്തികളെയും സംശയത്തിന്റെ മുനയിൽ നിർത്തും. ചിലപ്പോൾ അത് നാല് വ്യക്തികളാകാം, അല്ലെങ്കിൽ അഞ്ചാവാം. ഇതിൽ അജ്ഞാതനായ അഞ്ചാമനെ ഒരു ചോദ്യചിഹ്നമിട്ട് സാധ്യതകളെ നിരത്തി വക്കും. കുറ്റം ചെയ്യാൻ സാധ്യത തീരെ കുറഞ്ഞ നാല് വ്യക്തികളെയും ഒഴിവാക്കി ആ അഞ്ചാമനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കും. അയാൾ തന്നെയാവും കുറ്റവാളിയും. പിന്നെ ആ അഞ്ചാമനെതിരെയുള്ള തെളിവുകൾ ശേഖരിച്ച് കുറ്റവാളി അയാളാണെന്ന് സമർത്ഥിക്കലാണ് ഷെർലക് ഹോംസിന്റെ രീതി.

ഹോംസിന്റെ ഇതേ തന്ത്രം നമുക്കും ഉപയോഗിക്കാം. പ്രവാചകന് ഈ അറിവുകൾ എങ്ങനെ കിട്ടി എന്നുള്ളതിന് മൂന്നു സാധ്യതകളാണ് നിലവിലുള്ളത്.
 ഒന്ന് പ്രവാചകൻ സ്വന്തമായി രചിച്ചതാവാം.
 രണ്ട് പിശാച് വഴി കിട്ടിയതാവാം 
 മൂന്ന് ദൈവത്തിൽ നിന്ന് അവതരിച്ചതാവാം.

 പ്രവാചകൻ എഴുതി എന്നുള്ള സാധ്യതയെ ഉപവിഭജനം ചെയ്ത് നോക്കിയാൽ,
 തനിക്ക് പ്രവാചകത്വം ലഭിച്ചൂവെന്ന് പ്രവാചകൻ എന്റെ ജനതയോട് കളവു പറഞ്ഞതാമെന്ന് അനുമാനിക്കാം. അല്ലെങ്കിൽ അദ്ദേഹം ഒരു ഭ്രാന്തനായിരിക്കാം. അതുമല്ലെങ്കിൽ മതിഭ്രമം ബാധിച്ച, പിശാചുമായി അടുപ്പമുള്ള ഒരാളായിരിക്കാം. അല്ലെങ്കിൽ റിചാർഡ് ഡോക്കിൻസ് പറഞ്ഞത് പോലെ ഒരു തോന്നൽ(delusion) മാത്രമായിരിക്കാം.
പിന്നെയുള്ള ഖുർആനിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായിരിക്കാം എന്നതുമാണ്.

 പ്രവാചകൻ നുണയാനൊരു വ്യക്തിയായിരുന്നു എന്നൊരു വാദത്തെ വിശകലനത്തിന് വിധേയമാക്കി നോക്കാം. 
" ഈ മലക്കിപ്പുറം ഒരു ശത്രുസൈന്യം നിങ്ങളെ അക്രമിക്കാൻ വന്നു നിൽപ്പുണ്ടെന്നു ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ"? എന്ന് പ്രവാചകൻ തന്റെ ജനതയോട് ചോദിച്ച സന്ദർഭത്തിൽ, ചോദ്യത്തിന് അവർ നൽകിയ ഉത്തരം "അതേ" എന്നായിരുന്നു. "എന്നാൽ നിങ്ങൾ വിശ്വസിക്കണം" എന്ന് പ്രവാചകൻ പറഞ്ഞപ്പോൾ അവർ അതിനെ നിരാകരിച്ചു. പ്രവാചകന് ഭ്രാന്താണ് എന്നവർ വാദിച്ചു. പക്ഷെ പിന്നീട് അങ്ങനെ പറഞ്ഞവർ തന്നെ മാറ്റി പറഞ്ഞു. ഖുർആനിക വചനങ്ങൾ കേട്ട നിമിഷം അവർക്കത് മാറ്റി പറയേണ്ടി വന്നു. ഒരു ഭ്രാന്തന്റെ കേവല ജല്പനങ്ങളല്ല ഖുർആനെന്ന് അവരും പരസ്യമായി പ്രഖ്യാപിച്ചു. ചരിത്ര രേഖകൾ പരിശോധിച്ചാൽ, അക്കാലത്ത് ജീവിച്ചിരുന്ന അറബികൾ മുതൽ ഇന്നോളമുള്ള ജനങ്ങളിൽ ഒരാളും തന്നെ പ്രവാചകനൊരു ഭ്രാന്തനായിരുന്നു എന്നൊരു വാദഗതി മുഴക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഖുർആൻ ദൈവത്തിൽ നിന്ന് അവതരിച്ചതാണെന്ന സത്യത്തെ യുക്തിപരമായി ചിന്തിക്കുന്ന ഒരാളിന് സമ്മതിക്കാതെ നിർവാഹമില്ല.

 അറേബ്യയിലെ അക്കാലത്തെ പ്രശസ്തരായ സാഹിത്യ കുലപതികൾ ഖുർആനിന്റെ സാഹിത്യ ശൈലിയെക്കുറിച്ച് പ്രസ്താവിച്ചത് അസാധ്യവും അമാനുഷികവുമാണെന്നാണ്.

പ്രവാചകനൊരു നുണയനാണെന്ന സാധ്യതയെ പഠനവിധേയമാക്കുമ്പോൾ അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളേയും മാർഗ്ഗങ്ങളെയും കൂടി വിശകലനം ചെയ്യേണ്ടത് അനിവാര്യതയാണ്. അൽ അമീൻ എന്നായിരുന്നു അദ്ദേഹത്തെ അറബികൾ അഭിസംബോധന ചെയ്തിരുന്നത്. ഒരു മലയ്ക്കിപ്പുറം ശത്രു സൈന്യം നിങ്ങളെ ആക്രമിക്കാൻ കാത്തുനിൽപ്പുണ്ട് എന്ന് നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ എന്ന ചോദ്യത്തിന് അവർ അതേ എന്ന് മറുപടി നൽകിയതിനു കാരണം അദ്ദേഹത്തിനാ സമൂഹത്തിലുണ്ടായിരുന്ന സ്വീകാര്യതയായിരുന്നു. അക്കാലത്ത് മക്കയിൽ ജീവിച്ചിരുന്നവരിൽ വച്ചേറ്റവും ധനികയായിരുന്ന ഒരു പ്രമാണി വനിതയെയാണ് പ്രവാചകൻ വിവാഹം കഴിച്ചത്. മാത്രവുമല്ല കുടുംബ പാരമ്പര്യവും, കുടുംബ മഹിമയുമുള്ള ഒരു പ്രമാണീത്തറവാട്ടിലെ കണ്ണിയായിരുന്നു മുഹമ്മദ്‌ നബി(സ്വ). ശക്തമായ ഒരു കുടുംബ പശ്ചാത്തലമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. കഅബയുടെ പരിപാലന ചുമതല പോലും പ്രവാചകന്റെ കുടുംബത്തിന് അവകാശപ്പെട്ടതായിരുന്നു.

സത്യമതപ്രബോധനവുമായി പ്രവാചകൻ(സ്വ) രംഗത്തിറങ്ങിയപ്പോൾ, പ്രലോഭിപ്പിക്കുന്ന പലതും പ്രവാചകന് അവർ വാഗ്ദാനം ചെയ്തു. "പെണ്ണോ പണമോ നീ ചോദിക്കുന്നതെന്തും നിനക്ക് തരാം, പക്ഷേ നീ തുടർന്നുകൊണ്ടിരിക്കുന്ന ഈ പ്രവർത്തനം, അല്ലാഹു മാത്രമാണ് ഏകദൈവമെന്ന സന്ദേശം ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ നിന്ന് നീ പിൻവാങ്ങണം". ഇതായിരുന്നു റസൂൽ(സ്വ)യുടെ നേർക്ക് അവർ വച്ചു നീട്ടിയ നിർദേശം.
ഇതെല്ലാമുണ്ടായിരുന്ന ഒരു വ്യക്തിക്ക് പിന്നെയും ഇതെല്ലാം വാഗ്ദാനം ചെയ്തിട്ടും അദ്ദേഹമത് തൽക്ഷണം നിരസിച്ചു. പിന്നെ എന്തിനുവേണ്ടിയാണ് അദ്ദേഹം നുണ പറയേണ്ടത്?പ്രവാചകത്വം ലഭിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നുവർഷക്കാലത്തെ ജീവിതം മുഴുവൻ ക്ലേശ പൂർണ്ണമായിരുന്നു. ദുഃഖങ്ങളും, ദുരിതങ്ങളും, യാതനകളും, വേദനകളും നിറഞ്ഞ കഠിനപർവം!

 അധികാര കാമനകളുടെ അംശവടികളുമായി പ്രത്യക്ഷപ്പെട്ടവർക്ക് മുന്നിൽ തൗഹീദിന്റെ ധീരോത്തതമായ മഹിതദർശനം പ്രചരിപ്പിക്കുവാൻ ശ്രമിച്ചു. ആദ്യകാലങ്ങളിൽ രഹസ്യമായി പ്രബോധനം ചെയ്യേണ്ടിവന്നു. പിന്നീട് പരസ്യമായി അതിനിറങ്ങി. ഇതിനിടയിൽ എത്രയോ തവണ ഭീഷണികളും വധശ്രമങ്ങളും! പടച്ചവന്റെ കാവലുണ്ടായിരുന്നത് കൊണ്ട് തലനാരിഴക്ക് പലപ്പോഴും രക്ഷപ്പെട്ടു.
മക്കയിൽ നിന്ന് പലായനം ചെയ്യുന്ന  ദിവസം വരെയും ശത്രു സൈന്യം പ്രവാചകനെ വധിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് ഒളിച്ചിരുന്ന ഗുഹയുടെ സമീപത്തുപ്പോലും ശത്രുക്കൾ പതിയിരുന്നു തിരച്ചിൽ നടത്തി. സ്വന്തം ജീവൻ പണയം വയ്ക്കാതെ ഇവിടെ വച്ചെല്ലാം നബി(സ്വ)യ്ക്ക് തന്റെ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങാമായിരുന്നു. പ്രബോധന നിലച്ചു പോകാമായിരുന്നു. പക്ഷേ സത്യമത സന്ദേശം ലോകം മുഴുവൻ പ്രചരിപ്പിക്കുവാൻ  ദുരിതങ്ങളും യാതനകളും സഹിച്ച് അദ്ദേഹം തന്റെ ദൗത്യം തുടർന്നുപോന്നു. മനുഷ്യരെല്ലാം ആരാധിക്കേണ്ടത് സ്രഷ്ടാവിനെ മാത്രമാണെന്നും അഭൗതികമായ നന്മയും നേട്ടങ്ങളും പ്രതീക്ഷിച്ചുകൊണ്ട് സഹായം തേടേണ്ടതും, അടിമയാവുകയുമെല്ലാം ചെയ്യേണ്ടത് സർവ്വസ്രഷ്ടമായ പ്രബന്ധനാഥനു മുന്നിൽ മാത്രമാണെന്നും പ്രവാചകൻ സധൈര്യം ഉറക്കെ പറഞ്ഞു.
വർഷങ്ങളോളം പിന്നീട് പല യുദ്ധങ്ങളും നടന്നു. ഇവിടെയെല്ലാം ജീവൻ നഷ്ടപ്പെടാനുള്ള സാധ്യകൾ ഏറെയായിരുന്നു. ഒരു നുണയെ നിലനിർത്താൻ വേണ്ടി ഒരാൾ തന്റെ ജീവിതം തന്നെ അപകടപ്പെടുത്താൻ തയ്യാറാകില്ലായെന്ന് ബുദ്ധിയും ബോധവുമുള്ള ഏതൊരു മനുഷ്യനും സമ്മതിക്കേണ്ടി വരും. പ്രതികൂലതകളുടെ കഠോര പ്രതലങ്ങൾ താണ്ടി ഒരാൾ തന്റെ 'നുണ'കളിൽ ധൈര്യപൂർവ്വം നിലനിൽക്കണമെങ്കിൽ, അതൊരു നുണയാകാൻ തീരെ സാധ്യതയില്ല.
 ഇതിനെല്ലാം അവസാനം അദ്ദേഹം മക്കയിലേക്ക് തിരികെ വരികയാണ്. പണ്ടുണ്ടായിരുന്ന തന്റെ അതേ സാമൂഹിക പദവിയിലേക്ക് അദ്ദേഹം തിരിച്ചെത്തുകയാണ്. അവിടെയും പ്രവാചകനും പെരുമ നടിക്കാനോ പോരു കാണിക്കാനോ ചെന്നിട്ടില്ല.

 പരീക്ഷണങ്ങളുടെ കഠിനയാതനകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയം, മക്കയിൽ ജീവിച്ചിരിക്കെ പ്രവാചകന്റെ രണ്ട് ആൺമക്കൾ മരിച്ചുപോയിരുന്നു. ആ ദിവസം തന്നെ അറേബ്യയിൽ ഒരു ഗ്രഹണം നടന്നു. ഇത് അറിയേണ്ട താമസം, അറബികൾ രണ്ടും കൂടി കൂട്ടി കുഴച്ച് ചിന്തിച്ചു. സൂര്യനും ചന്ദ്രനും പ്രവാചകപുത്രന്റെ മരണത്തിൽ ദുഖിതരായത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അവർ വാദിച്ചു. എന്നാൽ റസൂൽ(സ്വ) ഈ വ്യാജവാദങ്ങളെയെല്ലാം പാടെ തള്ളി. സൂര്യനും ചന്ദ്രനും പടച്ചവന്റെ രണ്ട് ദൃഷ്ടാന്തങ്ങളാണ്, ഒരാളുടെ ജനനം കൊണ്ടോ മരണം കൊണ്ടോ അവയ്ക്കൊന്നും ഗ്രഹണം സംഭവിക്കുകയില്ലെന്നും നബി(സ്വ)  പറഞ്ഞു. യാദൃശ്ചികമായി സംഭവിച്ച ഈ രണ്ടു കാര്യങ്ങളും കൂടി കൂട്ടിവായിച്ച് നുണകൾ പ്രചരിപ്പിക്കുക എന്നത് അന്ധവിശ്വാസത്തിലാണ്ടു കിടന്ന ജനതയ്ക്ക് ലഭിച്ച മികച്ചൊരു അവസരമായിരുന്നു. എന്നാൽ ദുഃഖത്തിന്റെ മൂർദ്ധന്യതയിൽ നിൽക്കുന്ന സമയത്ത് പോലും പ്രവാചകൻ ജനങ്ങളുടെ അജ്ഞതയെ  പരിഗണിക്കാതിരുന്നിട്ടില്ല, മറിച് കടുത്ത സങ്കടത്തിന്റെ വേളയിൽ പോലും തന്റെ ജനതയെ അന്ധവിശ്വാസത്തിൽ നിന്ന് തട്ടിയകറ്റാനാണ്  ആവതും ശ്രമിച്ചത്.
പ്രവാചകൻ നുണ പറയുന്ന ഒരാളാണെങ്കിൽ ഇത് കേൾക്കേണ്ട താമസം ഈ വാദങ്ങളെ സമ്മതിച്ചു കൊടുക്കേണ്ടതാണ്. പക്ഷേ അവയെല്ലാം നിരസിക്കുകയാണ് നബി(സ്വ) ചെയ്തത്.

 പിശാചിൽ നിന്ന് മുഹമ്മദ്‌ നബി(സ്വ) ലഭിച്ച സന്ദേശങ്ങളാണ് ഇവയെല്ലാം എന്നൊരു സാധ്യതയെ കൂടി പരിശോധിക്കാം. ഖുർആനിൽ എവിടെ നോക്കിയാലും പിശാചിനെ ശപിക്കുന്നതായി മാത്രമേ കാണാൻ സാധിക്കൂ. പിശാചിനെ ശപിക്കാൻ വേണ്ടി പിശാച് തന്നെ ഒരു ഗ്രന്ഥമുണ്ടാക്കുമോ? അപ്പൊ അതും യുക്തിരഹിതമാണ്.

 ഇനി ആകെ നിലനിൽക്കുന്ന ഒരേയൊരു സാധ്യത അത് സർവ്വ സൃഷ്ടാവിൽ നിന്ന് അവതരിച്ചതാണ് എന്നുള്ളത് മാത്രമാണ്. ഹോംസിന്റെ ആസൂത്രിത നടപടിക്രമങ്ങൾ പോലെ, സാധ്യതകൾ തീരെ കുറഞ്ഞവയെല്ലാം മാറ്റിനിർത്തി,  ആകെ നിലനിൽക്കുന്ന ഒരു വാദത്തെ കീറി മുറിച്ച് പരിശോധിച്ചു അതിന്റെ വാസ്തവത്തിലേക്ക് എത്തിച്ചേരലാണ് ഏറ്റവും യുക്തിസഹം. അങ്ങനെ വരുമ്പോൾ ദൈവവിശ്വാസത്തിലേക്കും, ഇസ്ലാമിന്റെ ദൈവികതയിലേക്കും,  ദൈവം അത് സന്ദേശത്തിലേക്കും മനുഷ്യമനസ്സ് എത്തിച്ചേരും.

What's Your Reaction?

like

dislike

love

funny

angry

sad

wow