എങ്ങനെയുള്ള ദൈവം?

What is the Nature of God?

Dec 27, 2024 - 22:26
Dec 27, 2024 - 22:27
എങ്ങനെയുള്ള ദൈവം?

മുൻ കഴിഞ്ഞ ഭാഗത്ത് നമ്മൾ ഒരു അനിവാര്യ അസ്തിത്വം അഥവാ necessary existence ഉണ്ടാവേണ്ടത് അത്യാവശ്യം ആണ് എന്ന് സ്ഥാപിച്ചിരുന്നല്ലോ. ഇനി അവിടെ നിന്ന് അടുത്ത തലത്തിലേക്ക് പോവുമ്പോൾ ആ അസ്തിത്വം അല്ലെങ്കിൽ ദൈവം എങ്ങനെ ഉള്ളത് ആവണം എന്ന് ചിന്ത വരുന്നു. ഇത് സ്ഥാപിക്കാൻ വേണ്ടി ആമുഖം എന്ന രീതിയിൽ ചില വസ്തുതകൾ നിരത്തുന്നു. ഒന്ന് നമ്മൾ നേരത്തെ സ്ഥാപിച്ച ഈ necessary existence നിലനിൽക്കുന്നു എന്നത്, രണ്ടാമത് basic laws of logic നിലനിൽക്കുന്നു എന്നാണ്, പരസ്പര വൈരുദ്ധ്യം സാധ്യം അല്ല എന്നത് ആണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് (Principle of non contradiction). അപ്പൊൾ necessary existence എന്നതിൻ്റെ നിർവചനത്തിൽ നിന്ന് തന്നെ നമുക്ക് ചില കാര്യങ്ങൾ യുക്തി ഉപയോഗിച്ച് മനസ്സിലാക്കാൻ കഴിയും. Philosophy  യുടെ ഭാഷയിൽ ഇതിനെ Priori Knowledge എന്ന് പറയുന്നു, അതായത് അനുഭവം ആവശ്യം ഇല്ലാതെ തന്നെ നിർവചനത്തിൽ നിന്ന് തന്നെ ബോധ്യം വരുന്ന കാര്യങ്ങളെ ആണ് Priori Knowledge എന്ന് പറയുന്നത്. ഉദാഹരണത്തിന് അവിവാഹിതൻ എന്ന വാക്ക് ഉപയോഗിക്കുമ്പോൾ തന്നെ കല്യാണം കഴിക്കാത്ത വ്യക്തി എന്ന് നമുക്ക് നിർവചനത്തിൽ നിന്ന് തന്നെ മനസ്സിലാക്കാൻ കഴിയുമല്ലോ. എന്നത് പോലെ, അനിവാര്യ അസ്തിത്വം എന്ന് നമ്മൾ മനസ്സിലാക്കിയ ആ ദൈവത്തിൻ്റെ പല പ്രത്യേകതകൾ നമുക്ക് അതിൻ്റെ നിർവചനത്തിൽ നിന്ന് നിരൂപിച്ചു എടുക്കാൻ സാധിക്കും.  

1) ദൈവം അനാശ്രയൻ ആയിരിക്കണം:


ദൈവത്തിൻ്റെ വളരെ പ്രധാനപ്പെട്ട ഒരു പ്രത്യേകത ആയിരിക്കണം അനാശ്രയത്വം. പ്രപഞ്ചത്തിലെ മറ്റെല്ലാം ആശ്രയിക്കുന്ന ഒരു അസ്തിത്വം ആയിരിക്കണം നമ്മൾ പരിചയപെടുത്തിയ ഈ അനിവാര്യ അസ്തിത്വം എങ്കിൽ ആ അസ്തിത്വം മറ്റൊന്നിനെയും ആശ്രയിക്കാതെ നിലകൊള്ളുന്നത് ആയിരിക്കണം. മറ്റൊരു രീതിയിൽ പറഞ്ഞാൽ ദൈവം പൂർണമായും സ്വയം പര്യാപ്തം ആയിട്ടുള്ള അസ്തിത്വം ആയിരിക്കണം. 

2) ദൈവം ഏകൻ ആയിരിക്കണം:


മറ്റൊന്നിനെ ആശ്രയിക്കാത്തതും അനിവാര്യവുമായ ദൈവം എന്ന് പറയുമ്പോൾ വരുന്ന മറ്റൊരു വിഷയം ആണ് അങ്ങനെ ഉള്ള എത്ര ദൈവം ഉണ്ടാവാം എന്ന്. യുക്തിപരയാമായി ചിന്തിച്ചാൽ കാണാം അങ്ങനെ ഒരു ദൈവമേ നിലനിൽക്കാൻ കഴിയുകയുള്ളു എന്ന്. രണ്ടു ദൈവം ഉണ്ട് എന്ന് സങ്കൽപ്പിക്കാൻ ശ്രമിച്ചാൽ, അവിടെ അനാശ്രയത്വം എന്ന സവിശേഷത തന്നെ ഇല്ലാതാവുന്നു. ഉദാഹരണത്തിന് ഒരു കടലാസിൽ ഒരു വൃത്തം വരച്ചു എന്ന് കരുതുക, ഇനി രണ്ടാമത് ഒരു വൃത്തം അതേ കടലാസ്സിൽ വരക്കണമെങ്കിൽ ഒന്നാമത്തെ വൃത്തത്തിൽ നിന്ന് വേർതിരിക്കുന്ന ഒരു സവിശേഷത രണ്ടാമത്തേതിന് ഉണ്ടാവണം, അതായത് മറ്റൊരു അളവിലോ, മറ്റൊരു നിറത്തിലോ,  മറ്റൊരു സ്ഥലത്തോ അങ്ങനെ എന്തെങ്കിലും ഒരു വ്യത്യാസം വരണം. ഒന്നാമത്തെ വൃത്തത്തിനു മുകളിൽ തന്നെ അതെ നിറത്തിൽ അതെ വലിപ്പത്തിൽ ഒന്ന് കൂടെ വരച്ചാൽ അത് രണ്ടാമതൊരു വൃത്തം ആവില്ല. അപ്പൊ ഇവിടെ രണ്ടു വൃത്തം ഉണ്ടാവണമെങ്കിൽ അതൊരു പ്രതലത്തിനെയോ, രൂപത്തിനെയോ, വലിപ്പത്തിനെയോ, നിറത്തിനെയോ അങ്ങനെ എന്തെങ്കിലും ഒന്നിനെ ആശ്രയിക്കണം. ദൈവം അനാശ്രയനാണു എന്ന് പറയുമ്പോൾ ഏറ്റവും യുക്തിപരമായി നമുക്ക് വന്നെത്താൻ കഴിയുന്ന നിഗമനം ആ ദൈവം ഏകൻ ആയിരിക്കണം എന്നാണ്. ഒന്നിലധികം ദൈവങ്ങൾ ഉണ്ടെങ്കിൽ ഒരു ദൈവത്തിനെ മറ്റൊരു ദൈവത്തിൽ നിന്ന് വ്യത്യസ്തത പ്രകടിപ്പിക്കുന്ന ഒരു സവിശേഷതയെ എങ്കിലും ഓരോ ദൈവവും ആശ്രയിക്കേണ്ടി വരും. 

3) ദൈവം സ്രഷ്ടാവും, നിലനിർത്തുന്നവനും ആവണം:


ഏകനായ ഒരു അനിവാര്യ അസ്തിത്വവും ബാക്കി എല്ലാം അതിനെ ആശ്രയിച്ചും ആണെന്ന് നമ്മൾ മനസിലാക്കി. അതിൽ നിന്ന് നമുക്ക് ഈ അനിവാര്യ അസ്തിത്വം ആണ് സൃഷ്ടാവ് അല്ലെങ്കിൽ സർവ്വതിൻ്റെയും കാരണഭൂതൻ  എന്ന് മനസ്സിലാവും. 

നമ്മളും ഈ പ്രപഞ്ചവും ഇന്നും നിലകൊള്ളുന്നു. അതിനെ ഇന്നുള്ള നിലയിൽ നിർത്താൻ ആവശ്യമായ എല്ലാ ഘടകങ്ങളും നിയമങ്ങളും ഇന്നും നിലകൊള്ളുന്നത് കൊണ്ടാണ് ഇങ്ങനെ തുടരുന്നത്. ഇവയെല്ലാം മറ്റൊന്നിലേക്ക് ആശ്രിതമാണ്. അതെല്ലാം ചെന്നെത്തുന്നത് ആ അനാശ്രയമായ അസ്തിത്വമായ ദൈവത്തിലേക്ക് ആണ്. അതിനാൽ ദൈവം സർവ്വതും നിലനിർത്തുന്നവൻ ആയിരിക്കണം. 

4) ദൈവം അനാദി ആയിരിക്കണം:


ഒന്നിനെയും ആശ്രയിക്കാത്ത അസ്തിത്വത്തിനു തുടക്കമോ ഒടുക്കമോ പാടില്ല. തുടക്കം ഉണ്ടായാൽ ആ തുടക്കം മറ്റൊന്നിനെ ആശ്രയിച്ചിരിക്കേണ്ടി വരും, അതുപോലെ തന്നെ ഒടുക്കം ഉണ്ടെങ്കിലും അത് മറ്റൊന്നിൽ ആശ്രയിച്ചിരിക്കും. അങ്ങനെ ഉള്ള ഒരു അസ്തിത്വം അനാശ്രയമായ അനിവാര്യ അസ്തിത്വം അല്ലെങ്കിൽ ദൈവം എന്ന നിർവചനത്തിനു യോജിക്കില്ല 

5) ദൈവത്തിന് ബോധവും ഇച്ഛാശക്തിയും ഉണ്ടായിരിക്കണം:


നമ്മൾ മനുഷ്യർക്കു ബോധവും ഇച്ഛാശക്തിയും ഉണ്ടല്ലോ. നമുക്ക് ഉള്ള ഈ സവിശേഷതകളെ സാധൂകരിക്കുന്ന ഒരു ഉറവിടം ഉണ്ടായിരിക്കേണ്ടത് ആണ്. എന്നാൽ ഇത് മറ്റൊരു അസ്തിത്വത്തിലും ഉള്ളതായി കാണാൻ കഴിയില്ല. എങ്കിൽ നമ്മളെ ഈ രീതിയിൽ സംവിധാനിച്ച അനിവാര്യ അസ്തിത്വത്തിൽ നിന്ന് ആയിരിക്കണം നമുക്ക് ബോധവും ഇച്ഛാശക്തിയും കൈവന്നത്. അപ്പോൾ തീർച്ചയായും ദൈവത്തിനും ഈ സവിശേഷതകൾ ഉണ്ടായേ മതിയാവൂ 

6) ദൈവം സർവജ്ഞൻ ആയിരിക്കണം:


നമുക്ക് ഒരുപാട് അറിവുകൾ ഉണ്ട്. നമുക് അതിലധികം ഇനി അറിയാൻ ഉണ്ട്. നമ്മുടെ കഴിവ് കൊണ്ട് അറിയാൻ സാധ്യത ഇല്ലാത്ത ഒരുപാട് കാര്യങ്ങളും ഉണ്ട്. ഈ അറിവുകൾക്കും ഒരു ഉറവിടം ഉണ്ടാവണം. ഒന്നുമില്ലായ്മയിൽ നിന്ന് ഇത്ര അറിവ് നമ്മൾ നേടിയെങ്കിൽ, ആ സ്രോതസ്സ് എല്ലാ അറിവും ഉൾക്കൊള്ളുന്നത് ആവണം. അതുകൊണ്ട് തന്നെ സർവത്തിൻ്റെയും ആസൂത്രകൻ ആണെന്ന് നമ്മൾ വിശേഷിപ്പിച്ച ദൈവം സര്വ്വ അറിവുകളുടെയും ഉടമസ്ഥത ഉണ്ടായിരിക്കണം. ഇവിടെ നമ്മൾ മനുഷ്യന് സമാനമായ ഒന്നിനെയല്ല ദൈവമായി സങ്കൽപ്പിക്കുന്നത് നമ്മുടെ ബുദ്ധിക്ക് ഉൾകൊള്ളാൻ കഴിയാത്ത omniscient അഥവാ സർവജ്ഞൻ ആയ ഒരു അസ്തിത്വം 

7) ദൈവം സർവശക്തൻ ആയിരിക്കണം:


നമ്മൾ വസിക്കുന്ന ഈ പ്രപഞ്ചവും അതിലുള്ള സകല ചരാചരങ്ങളും ആശ്രയിക്കുന്നത് ഏകനായ  അനാശ്രയനായ ദൈവത്തെ ആണല്ലോ. ഇതുപോലെ ഉള്ള മറ്റു പ്രപഞ്ചങ്ങളും ഉണ്ടെങ്കിൽ തന്നെ തീർച്ചയായും അതെല്ലാം ഉണ്ടാക്കാൻ കഴിവ് ഉള്ളവൻ ആയിരിക്കണം നമ്മൾ വിശേഷിപ്പിച്ച ദൈവം. അതുകൊണ്ട് ദൈവം സർവശക്തനും സർവ്വതിനും കഴിവ് ഉള്ളവനും ആയിരിക്കണം  

അതായത് നമുക്ക് അനിവാര്യ അസ്തിത്വത്തിൻ്റെ നിർവചനത്തിൽ നിന്ന് അനുമാനിക്കാൻ കഴിയുന്ന സവിശേഷതകൾ ആണ് ദൈവം അനാശ്രയനും, ഏകനും ആയിരിക്കണം, സൃഷ്ടാവും, നിലനിർത്തുന്നവനും ആയിരിക്കണം, ബോധവും ഇച്ഛാശക്തിയും ഉണ്ടായിരിക്കണം, സർവജ്ഞനും, സർവശക്തനും ആയിരിക്കണം

നിരീശ്വരവാദികൾ വളരെ പ്രസക്തം എന്ന രീതിയിൽ ഉന്നയിക്കാറുള്ള ഒരു വാദം ആണ് ലോകത്തു നാലായിരത്തിൽ പരം മതങ്ങൾ ഉണ്ട്, മുസ്ലിങ്ങൾ ഇസ്ലാം ഒഴികെ എല്ലാം തെറ്റ് ആണെന്ന് പറയുന്നു എന്നാൽ, നിരീശ്വരവാദികൾ എല്ലാം തെറ്റ് ആണെന് പറയുന്നു എന്ന്. ഇസ്ലാം ബാക്കി എല്ലാ മതങ്ങളും തെറ്റ് ആണെന് പറയാൻ കാരണം ദൈവത്തിന് ഇസ്ലാം കൊടുക്കുന്ന നിർവചനം നമ്മൾ അനുമാനിച്ചെടുത്ത അനിവാര്യ അസ്തിത്വത്തിനോട് യോജിച്ചു പോവുന്നു എന്നുള്ളത് കൊണ്ട് ആണ്. മറ്റു വിശ്വാസങ്ങളിലെ പോലെ ഒന്നിലധികം ദൈവങ്ങളോ, സൃഷ്ടികളുടെ രൂപം ഉള്ള ദൈവമോ, മക്കൾ ഉള്ള ദൈവമോ ഒന്നും അനിവാര്യ അസ്തിത്വത്തിൻ്റെ  നിർവചനം ആയി ഒത്തു പോവില്ല എന്ന് ബോധ്യമാവും. അതുകൊണ്ട് തന്നെ അവ എല്ലാം തള്ളപ്പെടും.

8) ദൈവം ആരാധനക്ക് അർഹനായിരിക്കണം:


ഈ വിഷയത്തിൽ ഇനി അവസാനമായി വിശദീകരിക്കാൻ ഉള്ളത് നമ്മൾ മനസ്സിലാക്കിയ ദൈവം ആരാധനക്ക് അർഹൻ ആണോ എന്നാണ്. അതിൽ പ്രധാനമായും ചർച്ച ചെയ്യാൻ ഉള്ളത് ദൈവം എന്തിനു ആരാധിക്കപ്പെടണം അതുപോലെ ദൈവം എങ്ങനെ ആരാധിക്കപ്പെടണം എന്നാണ്. 

ദൈവം ആണല്ലോ നമ്മളെ സൃഷ്ടിച്ചതും ഇവ്വിധം സംവിധാനിച്ചതും, ഒരു ഉദാഹരണം എന്ന നിലയിൽ നമ്മളുടെ കണ്ണുകൾ എടുക്കുക. അതി സങ്കീർണ്ണമായ ഒരു അവയവം ആണ് കണ്ണ്. ഈ കണ്ണിനു നമ്മൾ എന്ത് വിലയിടും എന്ന് സ്വയം ചിന്തിച്ചു നോക്കുക. എത്ര വലിയ തുക ഒരാൾ നമുക്ക് വാഗ്‌ദാനം ചെയ്താലും നമ്മളുടെ കണ്ണിനു പകരം ആവില്ല എന്നറിയാം. അങ്ങനെ നമ്മളുടെ ശരീരത്തിലേക്ക് നോക്കിയാൽ ഇത്പോലെ ഒരുപാട് സങ്കീർണ്ണമായ അവയവങ്ങൾ ഉണ്ട്. നമ്മൾ പോലും അറിയാതെ നമ്മളുടെ ജീവിതം ഇവ എളുപ്പം ആക്കിത്തരുന്നു. അങ്ങനെ ഉള്ള ശരീരത്തിന് നമ്മൾക്കു എന്ത് വില ഇട്ടാലും മതിയാവില്ലല്ലോ. എന്നാൽ ഈ രീതിയിൽ നമ്മളെ സംവിധാനിച്ചത് ദൈവം ആണ് എന്ന് തിരിച്ച അറിഞ്ഞാൽ നമുക്ക് ആ ദൈവത്തിനോട് നന്ദി പറയാതിരിക്കാൻ കഴിയുമോ?

ചിന്തിച്ചു നോക്കുക, ഒരാൾ നമുക്ക് ഒരുപാട് സഹായങ്ങൾ ചെയ്തു. ഇനി അതല്ലെങ്കിൽ നമ്മളുടെ പോക്കറ്റിൽ നിന്നും നമുക്ക് അത്ര പ്രാധാന്യമില്ലാത്ത ഒരു കടലാസ് വീണുപോവുകയും ഒരാൾ അതെടുത്തു തന്നാൽ അതിനു പോലും നമ്മൾ നന്ദി പറയില്ലേ? നമുക്ക് വില കൽപ്പിക്കാൻ പോലും കഴിയാത്ത ശരീരവും സൗകര്യങ്ങളും ചെയ്തു തന്ന ദൈവത്തിനോടും നമ്മൾ അത്യധികം നന്ദി കാണിക്കേണ്ടതുണ്ട്. നമ്മൾ ജനിക്കുന്നതിനു മുമ്പ് തൊട്ടു മരിക്കുന്ന സമയം വരെ നിർത്താതെ നമ്മുടെ ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ, ആ ഓരോ മിടിപ്പിനും ദൈവത്തിനോട് നന്ദി പറയേണ്ട ബാധ്യത നമുക്കില്ലേ? ദൈവത്തിനോട് കാണിക്കുന്ന ആ നന്ദി ഒരു ആരാധനയാണ്.

നമുക്ക് ഉപകാരം ചെയ്തവരോട് നന്ദി കാണിക്കുന്നതിനെ കുറിച്ചു  പറഞ്ഞുവല്ലോ, ഇനി അതല്ലെങ്കിൽ അവർക്ക്  എന്തെങ്കിലും പാരിതോഷികം നൽകുകയാണെങ്കിൽ പോലും, അവർ എന്താണോ ആഗ്രഹിക്കുന്നത് ആ രീതിയിൽ ആയിരിക്കും  നമ്മൾ അവർക്ക് വേണ്ടി നന്ദി കാണിക്കുക അല്ലെങ്കിൽ സമ്മാനം നൽകുക. നമ്മൾ സമർപ്പിക്കുന്നത് അവർക്ക് കൂടെ സ്വീകാര്യം ആവുമ്പോൾ ആണ് അത് കൊടുത്ത നമുക്ക് തൃപ്തി തോന്നുന്നത്. ദൈവത്തിന് നന്ദി പറയേണ്ട ബാധ്യത നമുക്ക് ഉണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അങ്ങനെ ആണെങ്കിൽ ആ ദൈവത്തിന് അർപ്പിക്കേണ്ട നന്ദി ദൈവത്തിനു ഇഷ്ടപെടുന്ന രീതിയിൽ ആയിരിക്കണം. ആ രീതി എന്താണ് എന്ന് ദൈവത്തിന് മാത്രം ആണ് അറിയിച്ചു തരാൻ കഴിയുകയുള്ളു. മനുഷ്യർക്ക് സ്വയം കണ്ടെത്താൻ ആവില്ല 

ഇസ്ലാമിൽ സർവ്വതും ആരാധന ആണ്, നമസ്കാരം മാത്രമല്ല, ഒരു മുസ്ലിം അവൻ ചെയ്യുന്നത് എല്ലാം ഇസ്ലാമിൽ ദൈവം കല്പിച്ചത് പ്രകാരം ആണ്. അവൻ ഉറക്കത്തിൽ എഴുന്നേൽക്കുന്നത് മുതൽ, ശുദ്ധിയാവുന്നതും, ഭക്ഷണം കഴിക്കുന്നതും, ജോലി ചെയ്യുന്നതും, കുടുംബത്തിന് വേണ്ടിയോ അല്ലാതെയോ  പണവും, സമയവും, ആരോഗ്യവും ചെലവഴിക്കുന്നതും എല്ലാം അല്ലാഹുവിൻ്റെ കല്പന പ്രകാരം ആവുമ്പോൾ അവൻ്റെ ജീവിതം തന്നെ ആരാധന ആയി മാറുന്നു. 

ഇനി മറ്റൊരു ഉദാഹരണം നോക്കാം, ഒരു ഫുട്ബോൾ കളിക്കാരൻ ഒരു മികച്ച ഗോൾ അടിക്കുമ്പോൾ നമ്മൾ അറിയാതെ തന്നെ അവരെ പ്രശംസിച്ചു പോവും. നമ്മൾ വീട്ടിൽ ഇരുന്നു നടത്തുന്ന ഈ പ്രശംസ കളിക്കാരന് യാതൊരു ഗുണവും ചെയ്യുന്നില്ല, നമ്മൾക്കും അതിൽ നിന്ന് ഒന്ന് ലഭിക്കുന്നില്ല. എങ്കിലും ആ ഗോളിൻ്റെ ഒരു മികവ് കാരണം നമ്മൾ സ്വാഭാവികമായി ആ ഗോൾ അടിച്ച ആളെ പ്രശംസിക്കും. ഇനി ഇതുപോലെ തന്നെ ഗോൾ അടിക്കുന്ന ഒരു റോബോട്ടിനെ ഒരാൾ അല്ലെങ്കിൽ ഒരു കമ്പനി ഉണ്ടാക്കി എന്ന് ചിന്തിച്ചു നോക്കുക. അവിടെ നമ്മൾ പ്രശംസിക്കുക ആ റോബോട്ടിനെ അല്ല, മറിച്ചു അതിൻ്റെ സ്രഷ്ടാവിനെ ആണ്. ഇവിടെയും നേരത്തെ പറഞ്ഞത് പോലെ നമ്മൾ നടത്തുന്ന പ്രശംസ അവർക്ക് ഗുണം ചെയ്യുന്നില്ലെങ്കിലും അവർ ചെയ്ത കാര്യം പ്രശംസക്ക് അർഹം ആണ് എന്ന് നമുക്ക് അറിയാം. നമുക്കു ചുറ്റും ഉള്ള ഈ ഭൂമിയും സകല ജീവജാലങ്ങളും ദൈവത്തിൻ്റെ സൃഷ്ടി ആണ് എന്ന് തിരിച്ചറിയുമ്പോൾ ആ ദൈവം പ്രശംസക്ക് അർഹൻ ആവുന്നു. ഇന്ന് നമുക്ക് അറിയാം ഭൂമി എന്നത് പ്രപഞ്ചത്തിൽ ഒരു മൺതരിയുടെ വലിപ്പം പോലും ഇല്ലാത്ത ഒരു ഗ്രഹം ആണെന്ന്. അവയെല്ലാം പരസ്പര ആശ്രിതമായ അസ്തിത്വം ആണ്. ഇവയെല്ലാം ആശ്രയിക്കുന്നത് ഏകനായ അനാശ്രയനായ അസ്തിത്വത്തെ ആണ്. അങ്ങനെ ഉള്ള ദൈവത്തിനു നമ്മൾ പ്രശംസ അരിപ്പിക്കേണ്ടത് ആണ്. ആ പ്രശംസയും ദൈവത്തിനു ഉള്ള ആരാധന ആണ്. ആ പ്രശംസ ആണ് നമ്മൾ നിസ്സാരം ആണെന്നും ദൈവം മാത്രമാണ് സർവ്വശക്തൻ എന്നും നമ്മളെ ഓർമ്മപ്പെടുത്തുന്നത് 

ദൈവത്തിനെ എന്തിനു ആരാധിക്കണം എന്നതിലേക്ക് അവസാനമായി ഒരു കാര്യം കൂടെ സൂചിപ്പിക്കാം. നമ്മൾ നമ്മളെ സ്നേഹിക്കുന്നുണ്ടല്ലോ. നമ്മളുടെ ആരോഗ്യവും, സൗന്ദര്യവും, വ്യക്തിത്വവും നിലനിർത്താൻ പരിശ്രമിക്കും. നമ്മളെ ഈ വിധം സംവിധാനിച്ചത് ദൈവം ആണ് എന്ന് തിരിച്ചു അറിഞ്ഞു കഴിഞ്ഞാൽ നമ്മളെക്കാൾ ഏറെ നമ്മൾ സ്നേഹിക്കേണ്ടതും അങ്ങേ അറ്റം നന്ദി അർപ്പിക്കേണ്ടതും ദൈവത്തിനു അല്ലേ? അങ്ങനെ ഉള്ള ദൈവം മാത്രം അല്ലെ ആരാധനക്ക് അർഹൻ?

What's Your Reaction?

like

dislike

love

funny

angry

sad

wow