അടിമ സ്ത്രീയുമായുള്ള ലൈംഗിക ബന്ധം : ഇസ്ലാമിക നിലപാടാണ് മാനവികം

Jan 7, 2026 - 21:20
Dr Jausal CP
അടിമ സ്ത്രീയും മനുഷ്യരാണ്. ഇണ ചേരാനും കുഞ്ഞുങ്ങളെ പ്രസവിക്കാനും ഒക്കെയുള്ള ജൈവിക ചോതന അവൾക്കുമുണ്ട്. മാനവികതയുടെ മതമായ ഇസ്ലാം അടിമ സ്ത്രീകൾക്കും ഈ അവകാശങ്ങൾ നൽകുന്നു.
അവൾക്ക് വിവാഹം കഴിക്കാനോ അതല്ലെങ്കിൽ ഉടമസ്ഥനുമായി മാത്രം  ലൈംഗികബന്ധത്തിലേർപ്പെടാനോ ഇസ്ലാമിൽ സ്വാതന്ത്ര്യമുണ്ട്. അടിമകളെ വിവാഹം കഴിപ്പിക്കണം എന്ന് ഖുർആൻ കൽപ്പിക്കുന്നു.
وَأَنكِحُوا۟ ٱلْأَيَٰمَىٰ مِنكُمْ وَٱلصَّٰلِحِينَ مِنْ عِبَادِكُمْ وَإِمَآئِكُمْ ۚ إِن يَكُونُوا۟ فُقَرَآءَ يُغْنِهِمُ ٱللَّهُ مِن فَضْلِهِۦ ۗ وَٱللَّهُ وَٰسِعٌ عَلِيمٌۭ
നിങ്ങളിലുള്ള അവിവാഹിതരെയും, നിങ്ങളുടെ അടിമകളില്‍ നിന്നും അടിമസ്ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുത്തുക. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ അവര്‍ക്ക്‌ ഐശ്വര്യം നല്‍കുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വ്വജ്ഞനുമത്രെ.
(Surat:24, Verse:32)
അവിവാഹിതരായ അടിമ സ്ത്രീയെയും അടിമ പുരുഷനെയും വിവാഹം കഴിപ്പിക്കുക അതിനു നിങ്ങൾ അവരെ സഹായിക്കുക എന്നാണ് വിശുദ്ധ ഖുർആൻ കൽപ്പിച്ചത്. അടിമയായ പുരുഷന് സ്വതന്ത്രയായ സ്ത്രീയെയോ അടിമയായ സ്ത്രീയെയോ ഒക്കെ വിവാഹം കഴിക്കാൻ സ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെ അടിമയായ സ്ത്രീക്ക് സ്വതന്ത്രനായ പുരുഷനെ വിവാഹം കഴിക്കുവാനും അടിമയായ പുരുഷനെ വിവാഹം കഴിക്കുവാനും ഒക്കെ സ്വാതന്ത്ര്യമുണ്ട്. 
സ്വന്തം ഉടമസ്ഥതയിലുള്ള അടിമസ്ത്രീയെ വിവാഹം ചെയ്യണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്യാനുള്ള അനുവാദവും ഖുര്‍ആന്‍ നല്‍കുന്നുണ്ട് (4:25). ഇങ്ങനെയുള്ള വിവാഹം ഇരട്ടി പ്രതിഫലം നല്‍കുന്നതാണെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്. "തന്റെ കീഴിലുള്ള അടിമസ്ത്രീയെ സംസ്‌കാര സമ്പന്നയാക്കുകയും അവള്‍ക്ക് ഏറ്റവും നന്നായി വിദ്യാഭ്യാസം  നല്‍കുകയും പിന്നീട് അവളെ മോചിപ്പിച്ച് സ്വയം വിവാഹം കഴിക്കുകയും ചെയ്തവനു ഇരട്ടി പ്രതിഫലമുണ്ട്” (ബുഖാരി, മുസ്‌ലിം).
ഒരു അടിമ സ്ത്രീക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ല അല്ലെങ്കിൽ അവൾക്ക് വിവാഹം ഒന്നും നടക്കുന്നില്ല എന്നാണെങ്കിൽ അവൾക്ക് അവളുടെ ഉടമയുമായി മാത്രം ലൈംഗികബന്ധത്തിലേർപ്പെടാൻ സ്വാതന്ത്ര്യമുണ്ട്. ഓട്ടോമാറ്റിക്കായി അടിമസ്ത്രീ സ്വതന്ത്ര ആക്കപ്പെടുന്നതിനുള്ള ഒരു സംവിധാനമായിരുന്നു അത്.
 ഉടമയ്ക്ക് അടിമസ്ത്രീയിൽ ഒരു കുട്ടി ഉണ്ടാവുന്നതോട് കൂടി അവളുടെ സ്ഥാനം അടിമ എന്നതിൽ നിന്നും ഉയരുന്നു. പിന്നീട് അവൾ "ഉമ്മിവലദ്‌" അഥവാ (യജമാനന്റെ) "കുട്ടിയുടെ ഉമ്മ" എന്ന പദവിയിലെത്തുന്നു. പിന്നീട് അവൾ വിൽക്കപ്പെടുന്നതല്ല. അവളുടെ കുട്ടികൾ അടിമകളായി മാറുന്നില്ല. അവർ പൂർണമായ സ്വതന്ത്രരായി മാറുന്നു. ഉടമയുടെ സ്വത്തിൽ അവകാശം ഉള്ള അനന്തരാവകാശികളായി മാറുന്നു. ഉടമയുടെ ഭാര്യമാരിൽ ഉള്ള മക്കളുടെ അതേ അവകാശം തന്നെയാണ് അടിമ സ്ത്രീയിൽ ഉണ്ടാകുന്ന കുട്ടികൾക്കുമുള്ളത്. യജമാനന്റെ മരണത്തോടെ അയാളുടെ മക്കളുടെ ഉമ്മയായ അടിമസ്ത്രീ സ്വതന്ത്രയായിത്തീരുന്നു. പിന്നെ അവളെ സംരക്ഷിക്കുന്നത് അവളുടെ മക്കളാണ്. അവര്‍ക്കാണെങ്കില്‍ പിതൃസ്വത്തില്‍നിന്ന് മറ്റു മക്കളെപ്പോലെതന്നെയുള്ള അനന്തരാവകാശം ലഭിക്കുകയും ചെയ്യും. അഥവാ ഒരൊറ്റ തലമുറയോടു കൂടിത്തന്നെ അടിമത്തം ഓട്ടോമാറ്റിക്കായി അവസാനിക്കുന്നു. 
എന്നാൽ ഇസ്ലാമിതര സമൂഹങ്ങളിൽ അടിമസ്ത്രീയുടെ കുട്ടികളും അടിമകളായിരുന്നു. അവർ പരമ്പരയായി അടിമകളായി തുടർന്നുകൊണ്ടേയിരിക്കും. അടിമസ്ത്രീകളുമായി ഉടമകൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന ഇസ്ലാമിക നിയമം കൊണ്ടുതന്നെ സ്ത്രീകളുടെ അടിമത്തം ഒരൊറ്റ തലമുറയോട് കൂടി അവസാനിക്കപെട്ടു.
അടിമക്കും സ്വതന്ത്രനും എല്ലാം വ്യഭിചാരം ഇസ്ലാം നിഷിദ്ധമാക്കി. ഉടമയുമായി അല്ലാതെ മറ്റാരുമായും ബന്ധപ്പെടാൻ അവിവാഹിതയായ അടിമ സ്ത്രീക്ക് പാടുള്ളതല്ല. വിവാഹിതയായ അടിമ സ്ത്രീക്ക് സ്വന്തം ഭർത്താവുമായി മാത്രമേ ലൈംഗികബന്ധത്തിലേർപ്പെടാൻ പാടുള്ളൂ. വിവാഹിതയായ അടിമ സ്ത്രീയുമായി ബന്ധപ്പെടാൻ ഉടമയ്ക്കും അവകാശമില്ല. 
ഉത്തരവാദിത്തരഹിത സ്വതന്ത്ര ലൈംഗികതയും ഇസ്ലാമിലില്ല. തൻറെ കീഴിലുള്ള അടിമ സ്ത്രീക്ക് ഭക്ഷണവും പാർപ്പിടവും വസ്ത്രവും മറ്റ് സൗകര്യങ്ങളും എല്ലാം നൽകാൻ ഉടമ ബാധ്യസ്ഥനാണ്. അവളിലൂടെ ഒരു കുഞ്ഞു ജനിച്ചാൽ ഉടമയുടെ സ്വത്തിൽ അവകാശങ്ങളുള്ള സ്വതന്ത്രനായ കുട്ടിയാണ്. പിന്നീട് അവളെ വിൽക്കാനും പാടില്ല. ഭാര്യയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പോലെതന്നെ അടിമ സ്ത്രീയെയും മക്കളെയും ഒക്കെ സംരക്ഷിക്കാനുള്ള പരിപൂർണ്ണ ഉത്തരവാദിത്വം ഉടമയിൽ നിക്ഷിപ്തമാക്കി കൊണ്ടുള്ള ഉത്തരവാദിത്ത ലൈംഗികതയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. 
എന്നാൽ വേശ്യാവൃത്തിയിൽ സ്ത്രീക്ക് ഇത്തരത്തിൽ യാതൊരു അവകാശവുമില്ല. പുരുഷൻറെ കാമദാഹം തീർക്കാൻ മാത്രം ഉള്ള വെറും ശരീരം മാത്രമാണ് അവൾ ! മാംസക്കച്ചവടത്തിനപ്പുറം സ്നേഹമോ കാരുണ്യമോ അതിലില്ല. ഉണ്ടാകുന്ന കുഞ്ഞുങ്ങൾ പിതാവാര് എന്ന് പോലും അറിയാത്ത യാതൊരുവിധ അവകാശങ്ങളും ഇല്ലാത്തവർ ആണ് ! ലൈംഗികബന്ധത്തിന്റെ ഈ ബാധ്യതകൾ ഏൽക്കാൻ വേശ്യയെ പ്രാപിക്കാൻ വന്നവൻ തയ്യാറാവുകയില്ല ! ഓരോ വേശ്യാവൃത്തിയും അവളെ കൂടുതൽ പതിതയാക്കുന്നു ! നല്ല പ്രായം കഴിഞ്ഞാൽ അവളെ സംരക്ഷിക്കാൻ ആരും ഉണ്ടാവുകയുമില്ല ! യാതൊരുവിധ ഉത്തരവാദിത്വവും ഇല്ലാത്ത തികഞ്ഞ അരാജകത്വ ലൈംഗികത !
മറ്റ് സമൂഹങ്ങൾ അടിമസ്ത്രീകളെ വ്യഭിചാരത്തിന് ആയി ഉപയോഗിച്ചപ്പോൾ ഇസ്ലാം അതു നിരോധിക്കുകയും (24:33) അടിമ സ്ത്രീയുടെ അന്തസ്സിന് കോട്ടം തട്ടാത്ത വിധത്തിൽ അവൾക്ക് മാന്യമായി വിവാഹം കഴിക്കാനോ അതല്ലെങ്കിൽ സ്വന്തം ഉടമയുമായി മാത്രം ലൈംഗികബന്ധത്തിലേർപ്പെടാനോ ഉള്ള സ്വാതന്ത്ര്യം നൽകി. ഇതിൽ ഏത് വ്യവസ്ഥിതിയാണ് മാനവികം എന്ന് ബുദ്ധിയുള്ളവർ ചിന്തിക്കുക. 

What's Your Reaction?

like

dislike

love

funny

angry

sad

wow