ഭ്രൂണ ശാസ്ത്രം ഖുർആനിലും ഹദീസിലും - പാർട്ട് 1.

ഭ്രൂണ ശാസ്ത്രം ഖുർആനിലും ഹദീസിലും -Dr.Jauzal CP
അണ്ഡവും ബീജവും കൃത്യമായി ഖുർആനിൽ വിശദീകരിക്കപ്പെടുന്നു.
ആദ്യകാലത്ത് മനുഷ്യർക്ക് ഒരുവിധ ധാരണയും ഇല്ലാതിരുന്ന ഒരു വിഷയമാണ് എങ്ങനെയാണ് മനുഷ്യൻ ഉണ്ടാകുന്നത് ? എങ്ങനെയാണ് ഗർഭപാത്രത്തിൽ ഒരു കുട്ടി വളരുന്നത് എന്നൊക്കെ. പ്രത്യേകിച്ച് ധാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല വളരെ അബദ്ധധാരണകൾ ആയിരുന്നു ഉണ്ടായിരുന്നത്.
മനുഷ്യഭ്രൂണത്തിന്റെ ഡെവലപ്മെന്റിനെ കുറിച്ച് പഠിക്കുക എന്നുള്ളത് ഒരു എളുപ്പമുള്ള കാര്യമല്ല . വളരെ പ്രയാസമുള്ള ഒരു ശാസ്ത്രശാഖയാണ് ഭ്രൂണശാസ്ത്രം. ഇന്നും കൂടുതൽ കൂടുതൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന മേഖലയാണു. ഗർഭത്തിൻറെ ആദ്യ ആഴ്ചകളിൽ ഏതാനും മില്ലിമീറ്ററും ഏതാനും സെന്റിമീറ്ററുകളും മാത്രം വലിപ്പമുള്ള ഒരു വളരെ ചെറിയ ഒരു രൂപമാണ് ഭ്രൂണത്തിനു ഉള്ളത്. ഭ്രൂണത്തെപ്പറ്റി പഠിക്കാനായി ഭ്രൂണം ഗർഭപാത്രത്തിനകത്ത് നിന്നും എടുത്തു പുറത്തേക്കു കൊണ്ടുവരുവാനോ ഗർഭപാത്രത്തിന് അകത്തുപോയി മൈക്രോസ്കോപ്പ് വച്ച് പരിശോധിക്കാനോ സാധ്യമല്ല. ഗർഭകാലത്തിലെ ആദ്യ ആഴ്ചകളിൽ ഒന്നും തന്നെ സ്കാനിംഗ് കൊണ്ടും കാര്യമായി ഒന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുകയില്ല. കുറച്ച് വലുതായശേഷം മാത്രമേ അഥവാ കുറച്ചു മാസങ്ങൾ പ്രായമുള്ളപ്പോൾ മാത്രമേ സ്കാനിങ്ങിലൂടെ ഒക്കെ നമുക്ക് കുട്ടിയുടെ അവയവങ്ങൾ കാണുവാനും മനസ്സിലാക്കാനും സാധിക്കുകയുള്ളൂ.
മനുഷ്യ ഭ്രൂണത്തെപ്പറ്റി പഠിക്കാൻ ആകെ ഒരു നിലവിലുള്ള മാർഗ്ഗം എന്നുള്ളത് ഗർഭത്തിൻറെ ആദ്യ ആഴ്ചകളിൽ അബോർഷൻ ആകുന്ന സ്ത്രീകളുടെ അബോർഷൻ ഫ്ലൂയിഡ് കളക്ട് ചെയ്ത് മൈക്രോസ്കോപ് വച്ച് പരിശോധിക്കുക എന്നതാണ്. അങ്ങനെ പരിശോധിച്ചാണ് ഇന്ന് കാണുന്ന രൂപത്തിലുള്ള ഭ്രൂണശാസ്ത്രം രൂപം എടുത്തിട്ടുള്ളത്.
ഈ കാര്യങ്ങളൊക്കെ ആമുഖമായി പറയാൻ കാരണം ഏഴാം നൂറ്റാണ്ടിൽ അന്നത്തെ ഒരാൾക്കും തന്നെ ഇത്തരത്തിലുള്ള ഒരു ശാസ്ത്രീയ അറിവുകളും ഉണ്ടാവാൻ യാതൊരുവിധത്തിലുള്ള ചാൻസുമില്ല അഥവാ മൈക്രോസ്കോപ്പ് ഒക്കെ കണ്ടുപിടിക്കുന്നതിനും ആയിരം വർഷങ്ങൾക്കു മുമ്പാണ് ഈ കാര്യങ്ങൾ വിശുദ്ധ ഖുർആനിലും ഹദീസുകളിലും ഒക്കെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.
പതിനേഴാം നൂറ്റാണ്ടിലാണ് ആന്റണീ വാൻ ലീവൻഹുക്ക് മൈക്രോസ്കോപ്പ് കണ്ടു പിടിക്കുന്നത് 1677 ഇൽ ആന്റണീ വാൻ ലീവൻഹുക്കും അദ്ദേഹത്തിൻറെ സഹപ്രവർത്തകൻ നികോളാസ് ഹാർറ്റ്സീകറും ചേർന്നാണ് ലോകത്താദ്യമായി ശുക്ല പരിശോധനയിലൂടെ പുരുഷബീജം കണ്ടെത്തിയത്. അവർ കരുതിയിരുന്നത് ഒരു ബീജത്തിന് അകത്ത് ഒരു ചെറിയ രൂപത്തിലുള്ള ഒരു മനുഷ്യ കുട്ടിയുണ്ട് എന്നാണു. ഹോമൻകുലസ് homunculus എന്നായിരുന്നു അതിനെ വിളിച്ചിരുന്നത് ബീജത്തിനകത്തുള്ള ഈ ഒരു ഹോമൻകുലസ് എന്ന ചെറിയ മനുഷ്യക്കുട്ടി അത് ഗർഭാശയത്തിൽ അകത്തെത്തുമ്പോൾ അവിടെനിന്ന് വികാസം പ്രാപിക്കുകയും വലിയൊരു കുട്ടിയായി മാറുകയും ചെയ്യുന്നു ഇവരുടെയും ധാരണ.
പതിനെട്ടാം നൂറ്റാണ്ടുവരെ ശാസ്ത്രലോകത്തിന്റെ കാഴ്ചപ്പാട് പ്രീഫോർമേഷൻ എന്ന ഈ സിദ്ധാന്തമായിരുന്നു. അഥവാ പുരുഷൻറെ ശുക്ലത്തിനകത്ത് ഉള്ള ബീജത്തിൽ ഒരു ചെറിയ കുട്ടിയുടെ അവസ്ഥയിൽ ഒരു കുഞ്ഞു ശിശു ഉണ്ട്; അത് സ്ത്രീപുരുഷ ബന്ധത്തിലൂടെ ഗർഭാശയത്തിനകത്ത് എത്തുമ്പോൾ അവിടെ കിടന്നു വളർന്നു വലുതാകുന്നു , വലിയൊരു കുട്ടിയായി മാറുന്നു ഈയൊരു പുരുഷ ബീജത്തിന് അകത്തുള്ള ഈ കുട്ടിയെ വളർത്താൻ ആവശ്യമായ ഒരു മാധ്യമം മാത്രം ആണ് സ്ത്രീയുടെ ഗർഭാശയം എന്നാണ് അവർ വിചാരിച്ചിരുന്നത്. അഥവാ കുട്ടി ഉണ്ടാകുന്നത് പൂർണ്ണമായും പുരുഷ ബീജത്തിനകത്ത് ഉള്ള ഈ ഒരു ഹൊമൻകുലസ് വളർന്നാണ് . അതിന് ആവശ്യമായ ഒരു സാഹചര്യമൊരുക്കുക എന്നത് മാത്രമാണ് സ്ത്രീയുടെ ഗർഭപാത്രത്തിന്റെ റോൾ.
ലീവൻഹുക്കിനൊപ്പം ആദ്യമായി മനുഷ്യബീജം മൈക്രോസ്കോപ്പിലൂടെ ദർശിച്ച നിക്കോളാസ് ഹാർട്ട്സീക്കർ 1695 വരച്ച ഹോമൻകുലസിന്റെ ചിത്രം വളരെ പ്രസിദ്ധമാണ്. ഒരു പുരുഷ ബീജത്തിന് ഉള്ളിൽ ഒളിച്ചിരിക്കുന്ന ഒരു ചെറിയ കുട്ടിയുടെ രൂപത്തിലുള്ള ഹോമൻകുലസിന്റെ ചിത്രം താഴെ കൊടുക്കുന്നു.
പുരുഷബീജം കണ്ടെത്തി 2 നൂറ്റാണ്ടുകൾ കഴിഞ്ഞാണ് സ്ത്രീയുടെ അണ്ഡം കണ്ടുപിടിക്കപ്പെട്ടത്.
ഒരു മനുഷ്യ കുഞ്ഞുണ്ടാവാൻ പുരുഷ ബീജം സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാൽ മാത്രം പോരാ സ്ത്രീയുടെ ബീജവും കൂടി ആവശ്യമുണ്ട് എന്നുള്ളത് വളരെ അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുള്ളത്. പുരുഷ ബീജവും സ്ത്രീബീജവും കൂടി ചേർന്നാൽ മാത്രമേ കുട്ടി ഉണ്ടാവുകയുള്ളൂ എന്നുള്ളത് ശാസ്ത്രലോകത്തിന് രണ്ട് നൂറ്റാണ്ടു മുമ്പ് വരെ അജ്ഞാതമായ കാര്യമായിരുന്നു.
ഈ കാര്യങ്ങളൊക്കെ മുൻനിർത്തി ആലോചിക്കുമ്പോഴാണ് ഏഴാം നൂറ്റാണ്ടിലെ നിരക്ഷരനായ ഒരു പ്രവാചകൻറെ നാവിലൂടെ പുറത്തുവന്ന ഖുർആൻ സൂക്തങ്ങളും നബിവചനങ്ങളും എത്രമാത്രം ശാസ്ത്രീയമായിരുന്നു എന്ന് നാം അത്ഭുതം കൂറുന്നത്. എഴുതാനോ വായിക്കാനോ അറിയാത്ത ശാസ്ത്രത്തിൻറെ ബാലപാഠങ്ങൾ പോലും അറിയാത്ത പ്രവാചകൻറെ നാവിലൂടെ ഇത്തരം കൃത്യമായ ശാസ്ത്രീയ സത്യങ്ങൾ 1400 വർഷങ്ങൾക്കുമുമ്പ് അവതരിക്കപ്പെട്ടു എന്നുണ്ടെങ്കിൽ. അതിനുപിന്നിൽ ദൈവികമായ ഒരു ഇടപെടൽ ഉണ്ടായിരിക്കുമെന്നത് സാമാന്യബുദ്ധി അംഗീകരിക്കുന്ന ഒരു സത്യം മാത്രമാണ്. ഒരു കുട്ടി ഉണ്ടാവാൻ പുരുഷബീജം പോലെ തന്നെ സ്ത്രീയുടെ ബീജവും (അണ്ഡം) ആവശ്യമാണെന്നും, പുരുഷ ബീജവും സ്ത്രീബീജവും കൂടി ചേർന്നാണ് ഒരു കുഞ്ഞ് ജനിക്കുന്നത് എന്നുമുള്ള വളരെ കൃത്യമായ വിവരം 1400 വർഷങ്ങൾക്കുമുമ്പ് തന്നെ ഖുർആനിലും നബിവചനങ്ങളിലും നമുക്ക് കാണുവാൻ സാധിക്കും.
വിശുദ്ധഖുർആൻ എഴുപത്തിയാറാം അദ്ധ്യായം സൂറത്തുൽ ഇൻസാനിലെ രണ്ടാം വചനത്തിൽ അല്ലാഹു പറയുന്നു.
إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍۢ نَّبْتَلِيهِ فَجَعَلْنَٰهُ سَمِيعًۢا بَصِيرًا
" (സ്ത്രീയുടെയും പുരുഷന്റെയും) കൂടിച്ചേര്‍ന്ന നുത്ഫയിൽ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. "
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് മുഫസ്സിറുകൾ അഥവാ ഖുർആൻ വ്യാഖ്യാതാക്കൾ എല്ലാം പറഞ്ഞത് നുത്ഫതിൻ അംഷാജ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീയുടെയും പുരുഷന്റെയും നുത്ഫ കൂടിച്ചേർന്നത് എന്നാണ്. മുഹമ്മദ് നബിയുടെ ശിഷ്യനും പ്രമുഖ ഖുർആൻ വ്യാഖ്യാതാവുമായ സഹാബി ആയ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) താബിഈ പണ്ഡിതർ ആയ മുജാഹിദ് (റ) ഇക്രിമ(റ) ഹസനുൽ ബസരി (റ) റബീഅ് (റ) എന്നിവരെല്ലാം ഇങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്. ഇത് പ്രത്യേകം എടുത്തു പറഞ്ഞത് ഇതെല്ലാം ആധുനികമായ പുതിയ വ്യാഖ്യാനങ്ങൾ അല്ല എന്ന് വ്യക്തമാക്കാനാണ്.
സ്ത്രീ ബീജത്തിന് മലയാളത്തിൽ അണ്ഡം എന്നാണ് ഉപയോഗിക്കാറുള്ളത്. അറബിയിൽ നുത്ഫ എന്ന പദം പുരുഷൻറെ ബീജത്തിനും സ്ത്രീയുടെ അണ്ഡത്തിനും പൊതുവായി ഉപയോഗിക്കുന്ന പദമാണ്. മലയാളത്തിൽ ഇതിനു തത്തുല്യമായ ഒരു വാക്ക് ഇല്ലാത്തതുകൊണ്ടാണ് സ്ത്രീ ബീജം എന്ന് പോസ്റ്റിൽ കൊടുക്കുന്നത്. നുത്ഫ എന്ന അറബി പദത്തിന് തുല്യമായി ഇംഗ്ലീഷിൽ gamete എന്ന ഒരു വാക്കു ഉണ്ടെങ്കിലും മലയാളത്തിൽ ഇതിനു തത്തുല്യമായ ഒരു പദം എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.
നുത്ഫ എന്ന അറബി പദത്തിന് മലയാളത്തിൽ കൃത്യമായ പരിഭാഷ ഇല്ലാത്തതുകൊണ്ടാണ് ഖുർആൻ പരിഭാഷകളിൽ ബീജം എന്ന് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കുക. യഥാർത്ഥത്തിൽ പുരുഷൻറെ ബീജത്തിനും സ്ത്രീയുടെ അണ്ഡത്തിനും പൊതുവിൽ ഉപയോഗിക്കാവുന്ന, രണ്ട് അർത്ഥങ്ങളും ഉൾക്കൊള്ളുന്ന പദമാണിത്. Gamete എന്ന അർത്ഥമാണ് നുത്ഫക്ക് ഉള്ളത്. പരിഭാഷയിലെ ബീജം എന്ന വാക്ക് കണ്ടിട്ട് പുരുഷബീജം മാത്രമാണ് ഖുർആനിൽ പരാമർശിക്കുന്നത് എന്ന് വിമർശകർ തെറ്റിദ്ധരിക്കുന്നത് ആണ് പല വിമർശനങ്ങളുടെയും അടിസ്ഥാനം. സത്യത്തിൽ മലയാളഭാഷയുടെ പരിമിതി മാത്രമാണിത്. മലയാളത്തിൽ ചില പദങ്ങൾക്ക് പുല്ലിംഗത്തിനും സ്ത്രീലിംഗത്തിനും വേറെ പദങ്ങൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ മറ്റുഭാഷകളിൽ ചിലപ്പോൾ ഒരു പദം ആയിരിക്കും രണ്ടിനും പൊതുവായി ഉപയോഗിക്കുക. ഉദാഹരണത്തിന് മലയാളത്തിൽ നായ എന്നാൽ പുല്ലിംഗവും പട്ടി എന്നാൽ സ്ത്രീലിംഗവും ആണ് . ഇംഗ്ലീഷിൽ രണ്ടിനും dog എന്നാണ് പറയുക. Dog bite can be dangerous എന്ന ഇംഗ്ലീഷ് വാചകം മലയാളത്തിൽ പരിഭാഷപ്പെടുത്തുമ്പോൾ "നായ കടി അപകടകരമായേക്കാം " എന്നാവും പരിഭാഷയിൽ ഉണ്ടാവുക. അതിനർത്ഥം പെൺ പട്ടി കടിച്ചാൽ കുഴപ്പമില്ല ആൺനായ കടിച്ചാൽ മാത്രമാണ് കുഴപ്പം എന്നല്ലല്ലോ. ഇവിടെ പറഞ്ഞ ഇംഗ്ലീഷ് വാചകത്തിൽ നായയും പട്ടിയും ഒക്കെ ഉദ്ദേശിച്ചിട്ടുണ്ട്. പക്ഷേ മലയാള പരിഭാഷയിൽ നായ എന്നോ പട്ടി എന്നോ ഏതെങ്കിലും ഒന്നു മാത്രമേ ഉണ്ടാവൂ. അതിനർത്ഥം അവിടെ പുല്ലിംഗം മാത്രമാണ് ഉദ്ദേശിച്ചത് എന്നോ സ്ത്രീലിംഗം മാത്രമാണ് ഉദ്ദേശിച്ചത് എന്നോ അല്ല. ഭാഷകളുടെ പരിമിതികൾ മാത്രമാണ് ഇത്.
പരിഭാഷകളിൽ ബീജം എന്ന് കാണുമ്പോൾ അവിടെ അണ്ഡത്തെ ഉദ്ദേശിച്ചിട്ടില്ല എന്ന് ഒരിക്കലും തെറ്റിദ്ധരിക്കരുത്. നുത്ഫ എന്ന് ഖുർആൻ ഉപയോഗിക്കുമ്പോൾ അവിടെ അണ്ഡവും ബീജവും ഉദ്ദേശിക്കപ്പെടുന്നുണ്ട്. AD 1863 ൽ Edward William Lane പ്രസിദ്ധീകരിച്ച Arabic-English Lexicon നുത്ഫ എന്ന വാക്കിന് sperma of a man and of a woman എന്ന് കൃത്യമായി അർത്ഥം കൊടുത്തത് താഴെ സ്ക്രീൻഷോട്ട് കാണാം.
. നുത്ഫ എന്നാൽ gamete അഥവാ sex cell ആണ് എന്നും നുത്ഫതിൻ അംശാജ് نُّطْفَةٍ أَمْشَاجٍۢ എന്നാൽ അണ്ഡവും ബീജവും കൂടിച്ചേർന്ന fertilized egg ആണെന്നും കൃത്യമായി മനസിലാക്കുക. ഇത് പ്രവാചക ശിഷ്യന്മാരുടെ വിശദീകരണങ്ങളിൽ വളരെ കൃത്യമായി കാണാവുന്ന എല്ലാ തഫ്സീറുകളിലും കൊടുത്തിട്ടുള്ള വിശദീകരണം മാത്രമാണ്.
സ്ത്രീയുടെ പുരുഷന്റെയും reproductive fluids. ഖുർആനിലും ഹദീസിലും വന്ന കൃത്യമായ ശാസ്ത്രീയമായ അത്ഭുതകരമായ പരാമർശങ്ങൾ!
പുരുഷന്റെയും സ്ത്രീയുടെയും നുത്ഫകൾ (അണ്ഡവും ബീജവും) കൂടിച്ചേർന്നതിൽ നിന്നാണ് മനുഷ്യൻ സൃഷ്ടിക്കപ്പെടുന്നത് എന്ന ഖുർആന്റെ പ്രസ്താവന പാർട്ട് 1 ഇൽ വിശദീകരിച്ചു. രണ്ടു നൂറ്റാണ്ടു മുമ്പു വരെ ഉണ്ടായിരുന്ന ശാസ്ത്ര ധാരണ സ്ത്രീക്ക് ഗർഭധാരണത്തിൽ പ്രത്യേകിച്ച് പങ്ക് ഒന്നുമില്ലെന്നും പുരുഷ ബീജത്തിലെ homunculus എന്ന കുഞ്ഞു മനുഷ്യന് വളരാനുള്ള ചുറ്റുപാടുകൾ ഗർഭപാത്രത്തിൽ ഒരുക്കുക എന്നത് മാത്രമാണ് സ്ത്രീയുടെ പങ്ക് എന്നുമായിരുന്നു.
പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട പുരുഷന്റെയും സ്ത്രീയുടെയും ദ്രാവകങ്ങൾക്ക് മനിയ്യ് ( مَّنِىٍّۢ) എന്നോ മാഉ ( مَّآءٍۢ ) അഥവാ ദ്രാവകം എന്നോ ആണ് ഖുർആനിലും ഹദീസിലും പ്രയോഗിച്ചിട്ടുള്ളത്. ഇതിന് തുല്യമായി മലയാളത്തിൽ പുരുഷനുമായി ബന്ധപ്പെട്ട് ശുക്ലം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. സ്ത്രീയുടെ പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ദ്രാവകത്തിന് മലയാളത്തിൽ പ്രത്യേകം പേരുണ്ടോ എന്നറിയില്ല. പ്രത്യേകം മനസ്സിലാക്കേണ്ട കാര്യം ലൈംഗിക ബന്ധം സ്നിഗ്ദം ആകുവാൻ സംഭോഗ സമയങ്ങളിൽ ലിംഗവും യോനിയും പുറപ്പെടുവിക്കുന്ന ലൂബ്രിക്കേഷൻ ദ്രാവകങ്ങൾ മനിയ്യിന്റെ പരിധിയിൽ വരുന്നതല്ല. ഈ ദ്രാവകങ്ങൾക്ക് അറബിയിൽ മദിയ്യ് എന്നാണ് പറയുക. രണ്ടും (മനിയ്യും മദിയ്യും) വേറെ വേറെ സംഭവങ്ങൾ ആണ് എന്ന് കൃത്യമായി മനസ്സിലാക്കുക. മനിയ്യ് എന്ന പ്രത്യുല്പാദന ദ്രാവകത്തിലെ നിസ്സാരമായ ഒരു അംശം മാത്രമാണ് നുത്ഫ ( نُطْفَةًۭ ) എന്നത്. നുത്ഫ എന്നാൽ നിസാരമായ ഒരു കണം എന്നാണർത്ഥം.
സ്രവിക്കപ്പെടുന്ന ഈ സ്രവത്തിൽ നിന്നും വളരെ നിസ്സാരമായ ചെറിയ അംശം മാത്രമാണ് മനുഷ്യ ഭ്രൂണമായി വളർച്ച പ്രാപിക്കുന്നത് അഥവാ ഒരു ശുക്ല സ്രവത്തിൽ 4 കോടി മുതൽ 100 കോടി വരെ ബീജകോശങ്ങൾ ഉണ്ടാകാം അതിൽനിന്നും ഒരേയൊരു ബീജകോശം ഒരേയൊരു അണ്ഡവുമായി യോജിച്ചാണു ഒരു സിക്താണ്ഡം (zygote) ഉണ്ടാകുന്നത്. അഥവാ പുരുഷനിൽനിന്നും സ്ത്രീയിൽനിന്നും സ്രവിക്കപ്പെടുന്ന മനിയ്യ് ; അതിൽനിന്നും വളരെ നിസ്സാരമായ ഒരു നുത്ഫ; വളരെ ചെറിയ അംശം കോടിയിലൊരംശം അവ കൂടിച്ചേർന്നാണ് പിന്നീട് ഒരു മനുഷ്യജീവിയായി മാറുന്നത്.
വിശുദ്ധഖുർആൻ എഴുപത്തഞ്ചാം അധ്യായത്തിൽ മുപ്പത്തിയേഴാം സൂക്തത്തിൽ പറയുന്നു.
أَلَمْ يَكُ نُطْفَةًۭ مِّن مَّنِىٍّۢ يُمْنَىٰ
അവന്‍ സ്രവിക്കപ്പെടുന്ന മനിയ്യില്‍ നിന്നുള്ള ഒരു നിസാരമായ കണം - നുത്ഫ - ആയിരുന്നില്ലേ? (75 Al-Qiyamah: 37)
വിശുദ്ധ ഖുർആനിൽ മാത്രമല്ല ഹദീസുകളിലും നമുക്ക് ഈ കാര്യം കൃത്യമായി തന്നെ കാണാൻ സാധിക്കും ഗർഭധാരണത്തിന് ശുക്ലം പൂർണമായി ആവശ്യമില്ലെന്നും അതിന്റെ ഒരു നിസ്സാരമായ കണം മാത്രം മതി എന്നും നമുക്ക് ഹദീസുകളിൽ കാണാൻ സാധിക്കും. അബൂസഈദിൽ ഖുദ്രി (റ) ഉദ്ധരിക്കുന്ന ഹദീസിൽ പ്രവാചകൻ പറഞ്ഞതായി നമുക്ക് ഇങ്ങനെ കാണാം അസ്ൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അഥവാ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ സ്ഖലനം സംഭവിക്കുന്നതിനുമുമ്പ് പുരുഷലിംഗം പുറത്തെടുക്കുന്ന രീതിയെപ്പറ്റി മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയോട് സംശയം ചോദിച്ചപ്പോൾ മുഹമ്മദ് നബി പറഞ്ഞു.
مَا مِنْ كُلِّ الْمَاءِ يَكُونُ الْوَلَدُ وَإِذَا أَرَادَ اللَّهُ خَلْقَ شَىْءٍ لَمْ يَمْنَعْهُ شَىْءٌ
"മുഴുവൻ ദ്രാവകത്തിൽനിന്നും അല്ല കുഞ്ഞുണ്ടാകുന്നത് (സ്രവിക്കപ്പെടുന്ന മുഴുവൻ ശുക്ലത്തിൽ നിന്നുമല്ല അതിൻറെ വളരെ ചെറിയൊരു അംശത്തിൽ നിന്നാണ് കുട്ടി ഉണ്ടാകുന്നത് )അല്ലാഹു ഒരു സൃഷ്ടിപ്പ് ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അതിനെ തടുക്കാൻ ആർക്കും കഴിയുകയില്ല."
(സഹീഹ് മുസ്ലിം. 1438k.). അഥവാ ശുക്ല സ്ഖലനം പൂർണമാവുന്നതിന് മുമ്പ് ലിംഗം പുറത്തെടുത്താലും അല്പം ബീജങ്ങൾ ഉള്ളിലെത്തിയാൽ തന്നെ ദൈവ നിശ്ചയമുണ്ടെങ്കിൽ ഗർഭധാരണം നടക്കും എന്ന് സാരം.
വിശുദ്ധ ഖുർആൻ അധ്യായം 32 സൂറത്തു സജദ എട്ടാം വചനത്തിൽ ഇങ്ങനെ കാണാം.
ثُمَّ جَعَلَ نَسْلَهُۥ مِن سُلَٰلَةٍۢ مِّن مَّآءٍۢ مَّهِينٍۢ
പിന്നെ അവന്‍റെ സന്തതിയെ നിസ്സാരമായ ഒരു വെള്ളത്തിന്‍റെ സത്തില്‍ നിന്ന് അവന്‍ ഉണ്ടാക്കി. (32 As-Sajdah: 8)
സന്താന ഉൽപാദനത്തിന് സ്ത്രീയുടെയും പുരുഷന്റെയും പ്രത്യുല്പാദന ദ്രാവകത്തിന്റെ അഥവാ മനിയ്യിന്റെ ചെറിയൊരു അംശം അഥവാ നുത്ഫ ( ബീജം, അണ്ഡം) മാത്രം മതിയാവും എന്ന് വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും കൃത്യമായിത്തന്നെ പ്രസ്താവിച്ചത് ആണ് നാം മുകളിൽ കണ്ടത്.
പുരുഷൻറെ മനിയ്യ് അഥവാ ശുക്ലം എന്നത് എല്ലാവർക്കും നേരിട്ട് ദർശിക്കാനാവുന്നതും പരിചയമുള്ളതും ആണല്ലോ. എന്നാൽ സ്ത്രീയുടെ മനിയ്യ് അങ്ങനെയല്ല. അത് പൂർണ്ണമായും ശരീരത്തിന് അകത്താണ് സംഭവിക്കുന്നത്. പുറത്തേക്ക് കാണാൻ കഴിയുന്നത് അല്ല അത്. സ്ത്രീയുടെ അണ്ഡാശയത്തിന് അകത്തുള്ള ഒരു അണ്ഡകോശം ഒരു ആർത്തവചക്രത്തിൽ ഒരു പ്രാവശ്യം അടിവയറിനകത്ത് സ്‌ഖലിക്കപ്പെടുന്ന പ്രതിഭാസമാണ് ആണ് ഓവുലേഷൻ അഥവാ അണ്ഡസ്ഖലനം. സാധാരണഗതിയിൽ ഒരു മാസം എടുക്കുന്ന ആർത്തവചക്രത്തിന്റെ (menstrual cycle) മധ്യത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന സംഗതിയാണിത്. അണ്ഡാശയത്തിലെ പാകമായ ഓവേറിയൻ ഫോളിക്കിൾ (mature ovarian follicle) അണ്ഡാശയത്തിന് പുറത്തേക്ക് പൊട്ടുകയും അതിനകത്തുള്ള ദ്രാവകം പുറത്തു വരികയും ആണ് ചെയ്യുന്നത്. Follicular fluid എന്നാണ് ഈ ദ്രാവകം അറിയപ്പെടുന്നത്. മഞ്ഞനിറത്തിൽ ആണ് ഈ ദ്രാവകം ഉള്ളത്. പാകമായ ഓവേറിയൻ ഫോളിക്കിളിന് ഏകദേശം 23 മില്ലിമീറ്റർ വലിപ്പമുണ്ട്. 5ml ഇൽ കൂടുതൽ മഞ്ഞ നിറത്തിലുള്ള ദ്രാവകം ഇതിൽ ഉണ്ടാവും. ഇതിൽ ഒരു അണ്ഡകോശം ഉണ്ടായിരിക്കും. അണ്ഡകോശത്തിൻറെ വ്യാസം ഏകദേശം100 മൈക്രോ മീറ്റർ ആണ്. ഒരു തലമുടിയുടെ കനം എന്നുപറയാം. ഓവുലേഷൻ സമയത്ത് സ്ഖലിക്കപ്പെടുന്ന ഫോളിക്കുലർ ഫ്ലൂയിഡ് എന്ന 5 ml മഞ്ഞ ദ്രാവകത്തിൽ ഉള്ള ഈ കുഞ്ഞു അണ്ഡത്തെ ഫലോപ്പിയൻ ട്യൂബ് എന്ന അണ്ഡവാഹിനിക്കുഴൽ സ്വീകരിച്ചു ഗർഭാശയത്തിലേക്ക് നയിക്കുന്നു.
തലച്ചോറിന് അകത്തെ പിറ്റ്യൂട്ടറി ഗ്രന്ഥി പുറപ്പെടുവിക്കുന്ന Luteinizing hormone എന്ന ഹോർമോണാണ് ഓവുലേഷന് കാരണമാകുന്നത്. ആർത്തവ ചക്രത്തിന്റെ മധ്യത്തിൽ പിറ്റ്യൂട്ടറി ഗ്രന്ഥി ഈ ഹോർമോൺ വലിയ അളവിൽ പുറപ്പെടുവിക്കുന്നതിന്റെ (leutinizing hormone surge) ഫലമായാണ് ഓവേറിയൻ ഫോളിക്കിൾ പൊട്ടി അണ്ഡ സ്ഖലനം സംഭവിക്കുന്നത്. മഞ്ഞ എന്നർത്ഥം വരുന്ന luteus എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് Luteinizing hormone എന്ന പേരുണ്ടായത്. ഓവുലേഷൻ നടന്നതിനു ശേഷം ഉള്ള ഓവേറിയൻ ഫോളിക്കിൾ
Corpus luteum (Latin word for 'yellow body') എന്നാണറിയപ്പെടുന്നത്. ഓവുലേഷൻ എന്താണ് എന്ന് മനസ്സിലാക്കാൻ ഉതകുന്ന ഒരു എജുക്കേഷനൽ വീഡിയോ ലിങ്ക്താഴെ കൊടുക്കുന്നു.
ഈ കാര്യങ്ങളെല്ലാം നടക്കുന്നത് സ്ത്രീശരീരത്തിനു അകത്താണ്. കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് ഈ കാര്യങ്ങളെക്കുറിച്ചു ശാസ്ത്രത്തിന് അറിവ് ലഭിക്കുന്നത്. 1400 വർഷങ്ങൾക്കു മുമ്പ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല എന്നുള്ളതിൽ സംശയമില്ലല്ലോ. പുരുഷന്റെയും സ്ത്രീയുടെയും ശരീരങ്ങൾ പ്രത്യുൽപാദനത്തിന് ആവശ്യമായ ദ്രാവകങ്ങൾ പുറപ്പെടുവിക്കുന്നുണ്ടെന്നും സന്താനോല്പാദനത്തിന് ഇതു രണ്ടും ആവശ്യമുണ്ടെന്നും അവയുടെ നിറവും എന്തിനധികം; ജനറ്റിക്സിന്റെ അടിസ്ഥാന നിയമങ്ങൾ പോലും പ്രവാചക വചനങ്ങളിൽ കൃത്യമായി പരാമർശിക്കുന്നുണ്ടെന്ന് നമുക്ക് കാണുവാൻ സാധിക്കും.
إِسْحَاقُ بْنُ إِبْرَاهِيمَ، قَالَ أَنْبَأَنَا عَبْدَةُ، قَالَ حَدَّثَنَا سَعِيدٌ، عَنْ قَتَادَةَ، عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَاءُ الرَّجُلِ غَلِيظٌ أَبْيَضُ وَمَاءُ الْمَرْأَةِ رَقِيقٌ أَصْفَرُ فَأَيُّهُمَا سَبَقَ كَانَ الشَّبَهُ " .
പ്രവാചകൻ (സ) അരുൾ ചെയ്തു: പുരുഷൻറെ ദ്രാവകം കട്ടിയുള്ളതും വെളുത്തതും ആണ് . സ്ത്രീയുടെ ദ്രാവകം കട്ടി ഇല്ലാത്തതു മഞ്ഞയും ആണ് . ഇതിൽ ഏത് അതിജയിക്കുന്നുവോ ജനിക്കുന്ന സന്താനം അവരോട് സാദൃശ്യമുള്ളത് ആയിരിക്കും.
Grade: Sahih (Darussalam)
Sunan an-Nasa'i
Vol. 1, Book 1, Hadith 200
പുരുഷൻറെ ദ്രാവകം അഥവാ ശുക്ലം കട്ടിയുള്ളതും വെള്ളയും ആണെന്ന് എല്ലാവർക്കും അറിയുന്ന വസ്തുതയാണ്. എന്നാൽ സ്ത്രീയുടെ ദ്രാവകം കട്ടികുറഞ്ഞതും മഞ്ഞയും ആണെന്നത് അടുത്ത കാലത്ത് മാത്രം ശാസ്ത്രലോകം മനസ്സിലാക്കിയ കാര്യമാണ്. ദൈവിക വെളിപാട് കൂടാതെ എങ്ങനെയാണ് 1400 വർഷങ്ങൾക്കു മുമ്പ് നിരക്ഷരനായ ഒരു പ്രവാചകന് ഇക്കാര്യത്തെ കുറിച്ച് കൃത്യമായി അറിവു ഉണ്ടാവുക? പുരുഷനെ പോലെ സ്ത്രീക്കും പ്രത്യുൽപാദക ദ്രാവകം (മനിയ് ) ഉണ്ടെന്നും അതിലുള്ള അണ്ഡം (നുത്ഫ) പ്രത്യുല്പാദനത്തിൽ പങ്കുവഹിക്കുന്നു എന്നും ഒന്ന് രണ്ടു നൂറ്റാണ്ട് മുമ്പ് വരെ ശാസ്ത്രലോകത്ത് തികച്ചും അജ്ഞാതമായ കാര്യമായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ദൈവിക വെളിപാടുകളുടെ കൃത്യത നമ്മെ അത്ഭുതപ്പെടുത്തുന്നത്.
2008 ൽ ബെൽജിയത്തിൽ ഗർഭാശയം നീക്കം ചെയ്യാനുള്ള എൻഡോസ്കോപ്പി സർജറി ചെയ്യുന്നതിനിടയിൽ തികച്ചും ആകസ്മികമായി അണ്ഡാശയത്തിൽ നിന്ന് ഓവുലേഷൻ നടക്കുന്നത് ലോകത്ത് ആദ്യമായി ലൈവായി നേരിട്ട് കാണാൻ ഇടയായി. അതിൻറെ ചിത്രവും താഴെക്കൊടുക്കുന്നു. ഓവേറിയൻ ഫോളിക്കിൾ പൊട്ടി മഞ്ഞ നിറത്തിലുള്ള ദ്രാവകം പുറത്തുവരുന്നത് ഇതിൽ വ്യക്തമായി കാണാവുന്നതാണ്.
അവലംബം : ബിബിസി ന്യൂസ് റിപ്പോർട്ട്
ഭ്രൂണശാസ്ത്രവും ജനിതകശാസ്ത്രവും ആയി ബന്ധപ്പെട്ടു വളരെ ആധുനിക കാലത്ത് മാത്രം കണ്ടുപിടിക്കപ്പെട്ട പല ശാസ്ത്രീയ അറിവുകളും ഹദീസുകളിൽ വിശദീകരിക്കപ്പെട്ടത് കാണാം. ഉദാഹരണത്തിന് നബി സല്ലല്ലാഹു അലൈഹിവസല്ലം മദീനയിൽ വന്നപ്പോൾ മദീനയിലെ ജൂതൻമാരുടെ വലിയ നേതാവായിരുന്ന വലിയ ജൂത പണ്ഡിതനായിരുന്ന അബ്ദുല്ലാഹിബ്നു സലാം മുഹമ്മദ് നബിയുടെ അടുത്തു വരികയും മുഹമ്മദ് നബി ഒരു യഥാർത്ഥ പ്രവാചകനാണോ എന്ന് പരിശോധിക്കുവാൻ വേണ്ടി മുഹമ്മദ് നബിയോട് ഏതാനും ചോദ്യങ്ങൾ ചോദിക്കുകയുമുണ്ടായി. അദ്ദേഹം പ്രവാചകനോട് പറഞ്ഞു "ഞാൻ താങ്കളോട് മൂന്ന് ചോദ്യങ്ങൾ ചോദിക്കും ഒരു യഥാർത്ഥ പ്രവാചകനല്ലാതെ ഇതിനുത്തരം അറിയുക സാധ്യമല്ല". അദ്ദേഹത്തിൻറെ മൂന്ന് ചോദ്യങ്ങളിൽ ഒന്ന് ഇതായിരുന്നു. "എന്തുകൊണ്ടാണ് ഒരു കുട്ടി ചിലപ്പോൾ കുട്ടിയുടെ പിതാവിനോട് സാദൃശ്യം ഉള്ളവനാകുന്നു മറ്റുചിലപ്പോൾ കുട്ടി മാതാവിനോട് സാദൃശ്യം ഉള്ളവനാകുന്നു?" (എന്തുകൊണ്ടാണ് ചില കുട്ടികൾക്ക് ഉപ്പയുടെ അല്ലെങ്കിൽ ഉപ്പയുടെ ഫാമിലിയുടെ ഛായ കിട്ടുന്നു ചില കുട്ടികൾക്ക് ഉമ്മയുടെ അല്ലെങ്കിൽ ഉമ്മയുടെ ഫാമിലിയുടെ ഛായ കിട്ടുന്നു ? ) എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് എന്നാണ് ചോദ്യത്തിന്റെ ഉദ്ദേശ്യം. ജൂത പണ്ഡിതനായിരുന്ന അബ്ദുല്ലാഹിബ്നു സലാമിന്റെ ഈ ചോദ്യത്തിന് പ്രവാചകൻ സ (സ) കൊടുത്ത മറുപടി നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു. "ജിബ്‌രീൽ എന്ന മലക്ക് എനിക്ക് ഇപ്പോൾ ഇതിന് ഉത്തരം അറിയിച്ച് തന്നിരിക്കുന്നു. " അഥവാ ഈ ചോദ്യത്തിനുള്ള മറുപടി എനിക്ക് ദൈവികവെളിപാട് ആയി ഇപ്പോൾ ലഭിച്ചിരിക്കുന്നു. പ്രവാചകൻ പറഞ്ഞു
، وَأَمَّا الْوَلَدُ، فَإِذَا سَبَقَ مَاءُ الرَّجُلِ مَاءَ الْمَرْأَةِ نَزَعَ الْوَلَدَ، وَإِذَا سَبَقَ مَاءُ الْمَرْأَةِ مَاءَ الرَّجُلِ نَزَعَتِ الْوَلَدَ
"പുരുഷന്റെ ബീജം സ്ത്രീയുടെ ബീജത്തിനെ (അണ്ഡത്തെ) മുൻ കടന്നാൽ ആ കുട്ടിക്ക് പിതാവിന്റെ സ്വഭാവ ഗുണവിശേഷങ്ങൾ ആയിരിക്കും കൂടുതലായി ഉണ്ടാകുക. എന്നാൽ സ്ത്രീയുടെ ബീജമാണ് പുരുഷബീജത്തെ മുൻ കടക്കുന്നത് എങ്കിൽ മാതാവിൻറെ സ്വഭാവ ഗുണവിശേഷങ്ങൾ ആണ് കുട്ടിയിൽ കൂടുതലായി കാണപ്പെടുക. "
ആധുനിക ജനിതക ശാസ്ത്രത്തോട് പൂർണമായും യോജിക്കുന്ന ഒരു പ്രസ്താവനയാണിത്. dominant ജീനുകൾ അഥവാ സ്ട്രോങ്ങ് ആയിട്ടുള്ള ജീനുകളാണ് കുട്ടിയിൽ പ്രകടമായി ഉണ്ടാവുക.
മാതാവിൻറെ ജീനുകളാണ് കൂടുതൽ dominant ആയിട്ടുള്ളത് ഏങ്കിൽ മാതാവിൻറെ സ്വഭാവവിശേഷങ്ങളും പിതാവിൻറെ ജീനുകളാണ് കൂടുതൽ ഡോമിനൻറ് ആയിട്ടുള്ളത് എങ്കിൽ പിതാവിനെ സ്വഭാവഗുണങ്ങളും ആണ് കുട്ടിക്ക് ലഭിക്കുക. 23 ജോഡി ക്രോമസോമുകൾ ആണ് ഓരോ മനുഷ്യ കോശത്തിലും ഉള്ളത്. ഇതിൽ 23 എണ്ണം മാതാവിൽനിന്ന് ലഭിക്കുന്നതും 23 എണ്ണം പിതാവിൽനിന്ന് ലഭിക്കുന്നതായിരിക്കും. ഈ ക്രോമസോമുകളിൽ ഉള്ള ജീനുകൾ രണ്ടുതരത്തിൽ ആണുള്ളത് ഡോമിനന്റ് ജീനുകളും റിസസീവ് ജീനുകളും. ഡോമിനന്റ് ജീനുകളുടെ ഗുണവിശേഷങ്ങൾ ആണ് ഒരു കോശം പ്രകടിപ്പിക്കുക.
പിതാവിൻറെ ബീജത്തിലെ ജീനുകൾ മാതാവിൻറെ അണ്ഡത്തിലെ ജീനുകളെ മറികടക്കുന്നു എങ്കിൽ അഥവാ പിതാവിൽനിന്നുള്ള ജീനുകൾ ഡോമിനന്റ് ജീനുകൾ ആണെങ്കിൽ പിതാവിൻറെ സ്വഭാവവിശേഷങ്ങളും നേരെ തിരിച്ചാണെങ്കിൽ മാതാവിൻറെ സ്വഭാവവിശേഷങ്ങളും കുട്ടിക്ക് ലഭിക്കുന്നു.
ഉദാഹരണത്തിനായി പിതാവിൻറെ കണ്ണിൻറെ നിറം കറുപ്പും മാതാവിൻറെ കണ്ണിന്റെ നിറം നീലയും ആണെന്ന് കരുതുക. ഇതിൽ കറുപ്പു നിറത്തിന്റെ ജീൻ dominant gene ഉം നീല നിറത്തിന്റെ ജീൻ recessive gene ഉം ആണ് എങ്കിൽ കുഞ്ഞിൻറെ കണ്ണിന്റെ നിറം കറുപ്പ് ആയിരിക്കും. കുഞ്ഞിൻറെ ശരീരത്തിലെ ഡിഎൻഎയിലെ ക്രോമസോമുകളിൽ കണ്ണിന് കറുപ്പു നിറം നൽകുന്ന ജീനും നീല നിറം നൽകുന്ന ജീനും രണ്ടും ഉണ്ടായിരിക്കും. എന്നാൽ കണ്ണിന്റെ കറുപ്പ് നിറത്തിന് കാരണമായ dominant gene നീല നിറത്തിന് കാരണമാകുന്ന recessive gene നെ അതിജയിക്കുകയും dominant gene ന്റെ ഗുണമായ കറുപ്പുനിറം മാത്രം കുഞ്ഞിൽ പ്രകടമാവുകയും ചെയ്യും.
മുമ്പ് പാർട്ട് 2 ൽ ഉദ്ധരിച്ച ഹദീസിലും ഇതേ ആശയം കാണാവുന്നതാണ്
إِسْحَاقُ بْنُ إِبْرَاهِيمَ، قَالَ أَنْبَأَنَا عَبْدَةُ، قَالَ حَدَّثَنَا سَعِيدٌ، عَنْ قَتَادَةَ، عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَاءُ الرَّجُلِ غَلِيظٌ أَبْيَضُ وَمَاءُ الْمَرْأَةِ رَقِيقٌ أَصْفَرُ فَأَيُّهُمَا سَبَقَ كَانَ الشَّبَهُ " .
പ്രവാചകൻ (സ) അരുൾ ചെയ്തു: പുരുഷൻറെ ദ്രാവകം കട്ടിയുള്ളതും വെളുത്തതും ആണ് . സ്ത്രീയുടെ ദ്രാവകം കട്ടി ഇല്ലാത്തതു മഞ്ഞയും ആണ് . ഇതിൽ ഏത് അതിജയിക്കുന്നുവോ ജനിക്കുന്ന സന്താനം അവരോട് സാദൃശ്യമുള്ളത് ആയിരിക്കും.
Grade: Sahih (Darussalam)
Sunan an-Nasa'i
Vol. 1, Book 1, Hadith 200
പുരുഷബീജത്തെ കുറിച്ചോ സ്ത്രീയുടെ അണ്ഡത്തെ കുറിച്ചോ ബീജസങ്കലനത്തെ കുറിച്ചോ ജനിതക ശാസ്ത്രത്തെക്കുറിച്ചോ ജീനുകളെക്കുറിച്ചോ ഒന്നും യാതൊരുവിധ ധാരണയുമില്ലാത്ത ഏഴാം നൂറ്റാണ്ടിലെ ഒരു നിരക്ഷരനായ അറബിയായ പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ നാവിൽ നിന്നാണ് ഈ വാക്കുകൾ എന്ന് മനസ്സിലാക്കുമ്പോഴാണ് ഈ ഒരു അറിവ് കൃത്യമായ ദൈവികവെളിപാടിന്റെ പിൻബലമില്ലാതെ ഒരിക്കലും സാധ്യമല്ല എന്ന സത്യം നമുക്ക് ബോധ്യപ്പെടുക. പ്രവാചകൻ ഒരിക്കലും സ്വന്തം ഇച്ഛക്ക് അനുസരിച്ച് സംസാരിക്കുകയില്ലല്ലോ അല്ലാഹുവിൽ നിന്നുള്ള ദിവ്യ വെളിപാടിൻറെ അടിസ്ഥാനത്തിൽ ആണല്ലോ പ്രവാചക വചനങ്ങൾ .
وَمَا يَنطِقُ عَنِ ٱلْهَوَىٰٓ
അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.
إِنْ هُوَ إِلَّا وَحْىٌۭ يُوحَىٰ
അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.
(Surat:53, Verse: 3-4)
കുഞ്ഞിൻറെ ജനറ്റിക് സെക്സ് ബീജസങ്കലന സമയത്തു തന്നെ നിർണ്ണയിക്കപ്പെടുന്നതിനെ കുറിച്ച് കൃത്യമായി വിശുദ്ധ ഖുർആനിലും കുഞ്ഞിൻറെ ഫിനോടൈപ്പ് സെക്സ് differentiation ആറാമത്തെ ആഴ്ചയിൽ നടക്കുന്നത് കൃത്യമായി ഹദീസിലും പ്രതിപാദിച്ചിരിക്കുന്നു.
---------------------------------------------------------------------വിശുദ്ധഖുർആൻ പരിശോധിച്ചാൽ വിവിധ വചനങ്ങളിൽ ആയി ഒരു മനുഷ്യ ഭ്രൂണം വളർന്നു വരുന്ന വ്യത്യസ്ത സ്റ്റേജുകൾ വിശദീകരിക്കുന്നുണ്ട്. പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും സ്ത്രീയുടെ ഗർഭാശയ നാളിയിൽ വച്ച് കൂടിച്ചേരുന്നതാണ് ഒന്നാംഘട്ടം. നുത്ഫതിൻ അംഷാജ് അഥവാ കൂടിച്ചേർന്ന നുത്ഫ എന്നാണ് ഇതിനെപ്പറ്റി ഖുർആനിൽ പ്രതിപാദിച്ചിട്ടുള്ളത്. إِنَّا خَلَقْنَا ٱلْإِنسَٰنَ مِن نُّطْفَةٍ أَمْشَاجٍۢ
"കൂടിച്ചേർന്ന നുത്ഫയിൽ നിന്നും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു" (76:2).
ഒരു ഏകകോശമാണിത്, പുരുഷബീജം എന്ന അർദ്ധകോശവും (haploid cell) സ്ത്രീയുടെ അണ്ഡം എന്ന അർദ്ധകോശവും ഒന്നു ചേർന്ന് fertilized egg അഥവാ സിക്താണ്ഡം എന്ന ഒരു ഏകകോശമാവുന്നു. ഈ ഏകകോശ അവസ്ഥയിൽ തന്നെ അത് സ്ത്രീയാണോ പുരുഷനാണോ എന്ന് തീരുമാനിക്കപ്പെട്ടിരിക്കുന്നു. X ക്രോമസോമുള്ള പുരുഷബീജം ആണ് സ്ത്രീയുടെ അണ്ഡവുമായി കൂടിച്ചേരുന്നത് എങ്കിൽ അത് സ്ത്രീയായി മാറുന്നു Y ക്രോമസോമുള്ള പുരുഷ ബീജമാണ് സ്ത്രീയുടെ അണ്ഡവുമായി കൂടിച്ചേരുന്നതെങ്കിൽ അത് പുരുഷനായും മാറുന്നു.
നമുക്കറിയാം വളരെ അടുത്തകാലത്താണ് ക്രോമസോമുകളെ പറ്റിയും ജീനുകളെ പറ്റിയുമൊക്കെ നാം മനസ്സിലാക്കിയത്. ഹ്യൂമൻ ക്രോമസോമുകൾ ആദ്യമായി കണ്ടുപിടിച്ചത് തന്നെ 1955-ലാണ്. ആധുനികമായ മൈക്രോസ്കോപ്പുകളുടെയും മറ്റും സഹായത്തോടെ മാത്രമേ ഇത്തരം കാര്യങ്ങൾ കണ്ടുപിടിക്കാനാവൂ എന്ന് നമുക്കറിയാം. എന്നാൽ ആയിരത്തിനാനൂറ് വർഷങ്ങൾക്കുമുമ്പ് നിരക്ഷരനായ പ്രവാചകനിലൂടെ അവതരിക്കപ്പെട്ട വിശുദ്ധ ഖുർആൻ വചനങ്ങളിൽ ഇങ്ങനെ കാണാം
وَأَنَّهُۥ خَلَقَ ٱلزَّوْجَيْنِ ٱلذَّكَرَ وَٱلْأُنثَىٰ
مِن نُّطْفَةٍ إِذَا تُمْنَىٰ
ഒരു ബീജം (ഗർഭാശയത്തിലേക്ക്) സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് ആണ്‍ , പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചത് (53 An-Najm: 45-46)
ഒരു നുത്ഫ ഗർഭാശയത്തിലേക്ക് സ്രവിക്കപ്പെടുമ്പോൾ തന്നെ അതിൽനിന്നുണ്ടാകുന്ന കുട്ടി ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കപ്പെടുന്നു എന്ന് ഖുർആനിൽ നിന്നും മനസ്സിലാക്കാം.
വിശുദ്ധ ഖുർആനിലെ സൂറത്ത് നജ്മിലെ ഈ ആയത്തുകളിൽ നിന്ന് കുട്ടിയുടെ ലിംഗനിർണയം അഥവാ കുട്ടി ആണാണോ പെണ്ണാണോ എന്നുള്ളത് നുത്ഫാ സ്റ്റേജിൽ തന്നെ, അഥവാ പുരുഷ ബീജവും സ്ത്രീബീജവും ഗർഭാശയത്തിൽ കൂടിചേരുമ്പോൾ തന്നെ തീരുമാനിക്കപ്പെടുന്നു എന്ന് നമുക്ക് കൃത്യമായ സൂചന ലഭിക്കുന്നു. എന്നാൽ നമ്മൾ ഹദീസുകൾ പരിശോധിക്കുമ്പോൾ നമുക്ക് വീണ്ടും പല സംശയങ്ങളും ഉടലെടുക്കും. സ്വഹീഹ് മുസ്ലിമിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഖദറും ആയി ബന്ധപ്പെട്ട അഥവാ വിധി വിശ്വാസവുമായി ബന്ധപ്പെട്ട ഹദീസുകളിൽ നമുക്ക് കൃത്യമായി ഒരു ഹദീസിൽ ഇങ്ങനെ കാണാം
إِذَا مَرَّ بِالنُّطْفَةِ ثِنْتَانِ وَأَرْبَعُونَ لَيْلَةً بَعَثَ اللَّهُ إِلَيْهَا مَلَكًا فَصَوَّرَهَا وَخَلَقَ سَمْعَهَا وَبَصَرَهَا وَجِلْدَهَا وَلَحْمَهَا وَعِظَامَهَا ثُمَّ . قَالَ رَبِّ أَذَكَرٌ أَمْ أُنْثَى فَيَقْضِي رَبُّكَ مَا شَاءَ وَيَكْتُبُ الْمَلَكُ
"ബീജസങ്കലനം നടന്നതിനുശേഷം 42
ദിവസം കഴിഞ്ഞാൽ അല്ലാഹു ആ ഗർഭപാത്രത്തിന് അടുത്തേക്ക് ഒരു മലക്കിനെ അയക്കുന്നു. അങ്ങനെ മലക്ക് ആ ഭ്രൂണത്തിന് രൂപം നൽകുന്നു, കേൾവിയും കാഴ്ചയും തൊലികളും മാംസങ്ങളും എല്ലുകളും സൃഷ്ടിക്കുന്നു. എന്നിട്ട് മലക്ക് ചോദിക്കുന്നു രക്ഷിതാവേ ഇത് ആണോ പെണ്ണോ? അപ്പോൾ ആ കുട്ടി ആണാണോ പെണ്ണാണോ എന്നുള്ള അല്ലാഹുവിന്റെ തീരുമാനം മലക്ക് രേഖപ്പെടുത്തുകയും ചെയ്യുന്നു. "
അപ്പോൾ സ്വാഭാവികമായും നമുക്ക് ഉണ്ടാകാവുന്ന ഒരു സംശയം ആണ് ബീജസങ്കലനം നടക്കുമ്പോൾ തന്നെ അഥവാ പുരുഷബീജവും സ്ത്രീ ബീജം അഥവാ അണ്ഡവും കൂടിച്ചേരുമ്പോൾ തന്നെ കുട്ടിയുടെ ലിംഗം നിർണയിക്കപ്പെട്ട് കഴിഞ്ഞതല്ലേ ? XX ക്രോമസോം ആണെങ്കിൽ സ്ത്രീയായും XY ക്രോമസോം ആണെങ്കിൽ കുട്ടി പുരുഷനായും മാറുമല്ലോ അപ്പോൾ പിന്നെ ഈ നാല്പത്തിരണ്ടാമത്തെ ദിവസം അല്ലാഹുവിൻറെ നിർദ്ദേശപ്രകാരം കുട്ടി പുരുഷനാണോ സ്ത്രീയാണോ എന്ന കാര്യം മലക്ക് രേഖപ്പെടുത്തുമെന്ന് പറയുന്നത് അബദ്ധമല്ലേ ?
ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കുവാൻ വേണ്ടി ആഴത്തിൽ പഠിക്കുമ്പോഴാണ് ഖുർആനിനെയും നബി വചനങ്ങളുടെയും കൃത്യത നമുക്ക് ബോധ്യപ്പെടുക. ഇനി ഞാൻ പറയുന്ന കാര്യങ്ങൾ ശാസ്ത്രവിഷയത്തിൽ നല്ല അവഗാഹമുള്ള ആളുകൾ മാത്രം കേട്ടിരിക്കാൻ സാധ്യതയുള്ള ഒരു കാര്യമാണ്. ഒരു പക്ഷെ ഭൂരിപക്ഷമാളുകളും ചിലപ്പോൾ ആദ്യമായിട്ടായിരിക്കാം ഇങ്ങനെ ഒരു കാര്യം കേൾക്കാൻ പോകുന്നത്. ലിംഗനിർണയം എന്നുള്ളത് രണ്ടുതരത്തിലുണ്ട്, ജനറ്റിക് സെക്സ് അല്ലെങ്കിൽ genotypic സെക്സ് അല്ലെങ്കിൽ ക്രോമസോം സെക്സ് എന്നൊക്കെ പറയുന്ന ലിംഗ നിർണയവും; ഫീനോടിപ്പിക്ക് സെക്സ് എന്ന മറ്റൊരു ലിംഗനിർണയവും ഉണ്ട്.
ജനിതകപരമായ ലിംഗനിർണയം അഥവാ ഡിഎൻഎയിലെ ക്രോമസോമുകളുടെ അടിസ്ഥാനത്തിലുള്ള ലിംഗനിർണയം നേരത്തെ പറഞ്ഞപോലെ X,Y ജീനുകൾ അടിസ്ഥാനമാക്കിയുള്ളതാണ്. ജീനോടിപ്പിക് സെക്സ് എന്നതിനെ ജനിതകപരമായ ലിംഗം എന്ന് നമുക്ക് മലയാളീകരിക്കാം. എന്നാൽ ഫീനോടിപ്പിക് സെക്സ് ആണ് ബാഹ്യരൂപപരമായ ലിംഗനിർണ്ണയം അഥവാ ശാരീരിക അവയവങ്ങളുടെ അടിസ്ഥാനത്തിൽ ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കൽ. ഒരു മനുഷ്യൻ ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കൽ അവരുടെ ലൈംഗിക അവയവങ്ങളെയും ശരീരത്തിലെ മറ്റ് അവയവങ്ങളെയും നോക്കിയിട്ടാണ്. നമ്മൾ ഒരാളെ കാണുമ്പോൾ അയാൾ ആണാണോ പെണ്ണാണോ എന്ന് മനസിലാക്കുന്നത് അയാളുടെ physical appearance നോക്കിയല്ലേ , അല്ലാതെ DNA test നടത്തിയ റിപ്പോർട്ട് നോക്കിയല്ലല്ലോ! ഈ രീതിയിലുള്ള ലിംഗനിർണയം ആണ് ഫീനോടിപ്പിക് സെക്സ് .
നേരത്തെ നമ്മൾ പറഞ്ഞ 46 ക്രോമസോമുകൾ ഉള്ളതിൽ 2 സെക്സ് ക്രോമസോമുകൾ XY ക്രോമസോമുകൾ ആണെങ്കിൽ കുട്ടി പുരുഷനും XX ക്രോമസോമുകൾ ആണെങ്കിൽ കുട്ടി സ്ത്രീയും ആവും എന്നുള്ള കാര്യം 100% കൃത്യമായ ഒരു പ്രസ്താവനയല്ല. അപൂർവമായി XX ക്രോമസോമുള്ള വ്യക്തി സ്ത്രീ ആവാതെ പുരുഷൻ ആയേക്കാം അതുപോലെ XY ക്രോമോസോം ഉള്ള വ്യക്തി പുരുഷൻ ആവാതെ ബാഹ്യരൂപത്തിൽ സ്ത്രീയായും മാറാം. അഥവാ ജനിതകപരമായി XY ക്രോമോസോം ആയിരിക്കും പക്ഷെ ശരീരവും ലൈംഗികാവയവങ്ങളും എല്ലാം സ്ത്രീയുടേത് ആയിരിക്കും. ബാഹ്യരൂപത്തിൽ പൂർണമായും സ്ത്രീയായിരിക്കും എന്നാൽ ഡിഎൻഎ പരിശോധിച്ചാൽ പുരുഷന്റെ ഡിഎൻഎ (XY) ആയിരിക്കും.
നമ്മൾ മനസ്സിലാക്കേണ്ട അൽഭുതകരമായ ഒരു കാര്യം ഒരു ഭ്രൂണം അതിന് 6 ആഴ്ച അഥവാ 42 ദിവസം പ്രായമുള്ള അവസ്ഥ വരെ ആ ഭ്രൂണത്തിന്റെ ലൈംഗിക അവയവങ്ങൾ ആണായി മാറാനും പെണ്ണായി മാറാനും ഒരുപോലെ ശേഷിയുള്ളതാണ്. Primordial bipotential gonads എന്നാണ് ഇത് അറിയപ്പെടുന്നത്. അഥവാ ആറാഴ്ച വരെ കുട്ടിയുടെ ലൈംഗിക അവയവങ്ങൾ നിർണയിക്കപ്പെടുന്നില്ല. ആറാമത്തെ ആഴ്ചയിൽ മാത്രമാണ് differentiation of primordial bipotential gonads സംഭവിക്കുന്നതും കുഞ്ഞ് ആണോ പെണ്ണോ ആയി മാറുന്നതും. ഹദീസിൽ പ്രസ്താവിച്ച നാല്പത്തി രണ്ടാമത്തെ ദിവസം നടക്കുന്ന ഭ്രൂണത്തിന് ലിംഗം നിർണയിക്കപ്പെടുന്ന കാര്യം വളരെ കൃത്യമായ ശാസ്ത്രമാണ് എന്നത് അത്ഭുതകരമായ വസ്തുതയാണ്.
ആറാഴ്ച പ്രായമുള്ള ഭ്രൂണത്തിന്റെ ചില ജീനുകൾ ആ സമയത്ത് ആക്ടീവ് അക്കപ്പെടുകയും ചില പ്രത്യേകതരം പ്രോട്ടീനുകൾ ഉൽപാദിപ്പിക്കുകയും ചെയ്യുമ്പോൾ ഒരു ആണിന്റെയോ പെണ്ണിന്റെയോ ലൈംഗികാവയവങ്ങൾ ആ ഭ്രൂണത്തിൽ ഉണ്ടാവാൻ ആരംഭിക്കുന്നു. പലതരം ജീനുകളും ഇതുമായി ബന്ധപ്പെട്ട് ഉണ്ട് . അതിൽ ഏറ്റവും പ്രാധാന്യമുള്ള ശാസ്ത്രലോകം കണ്ടെത്തിയ ഒരു ജീനാണ് SRY ജീൻ. TDF (testes determining factor) or sex determining region Y protein എന്ന ചില തരം പ്രോട്ടീനുകൾ അഥവാ ഹോർമോണുകൾ ഈ SRY gene ഉല്പാദിപ്പിക്കുന്നു. SRY gene ആക്ടീവ് ആവുകയും TDF പ്രോട്ടീൻ (testes determining factor) ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നത് ആറാമത്തെ ആഴ്ചയിലാണ്. ഈയൊരു ജീൻ ആക്ടിവേഷൻ നടന്ന് ടിഡിഎഫ് പ്രോട്ടീൻ ഉൽപാദിപ്പിക്കപ്പെടുകയും ചെയ്താൽ മാത്രമേ ഭ്രൂണം ഒരു ആൺകുഞ്ഞ് ആയി മാറുകയുള്ളൂ ഈ ഒരു ജീൻ ആക്ടിവേഷൻ നടക്കുന്നില്ല എന്നുണ്ടെങ്കിൽ ആ ഭ്രൂണം ഒരു പെൺകുഞ്ഞ് ആയിമാറും.
ഹദീസിൽ പരാമർശിക്കപ്പെട്ട വിഷയം എസ് ആർ വൈ ജീൻ ആക്ടിവേഷൻ ആണ് എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ആറാമത്തെ ആഴ്ച വരെ കുഞ്ഞിൻറെ ലൈംഗികാവയവങ്ങൾ ആണായോ പെണ്ണായോ നിർണയിക്കപ്പെടുന്നില്ല എന്നും ഭ്രൂണത്തിന്റെ bipotential പ്രാഥമിക ലിംഗ കോശങ്ങളുടെ differentiation നടന്ന് ഭ്രൂണം ആണോ പെണ്ണോ ആകുന്നത് ആറാമത്തെ ആഴ്ച്ചയിലാണ് എന്നുമുള്ള കാര്യമാണ് ഹദീസിലെ പ്രതിപാദ്യം.
ഞാൻ ഈ പറഞ്ഞതൊക്കെ കൃത്യമായ ശാസ്ത്ര സത്യങ്ങൾ ആണ്. വളരെ ആധുനിക കാലത്ത് മാത്രം കണ്ടു പിടിക്കപ്പെട്ട ശാസ്ത്രീയ സത്യങ്ങൾ. ഈ കാര്യങ്ങളൊക്കെ കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗൂഗിളിൽ bipotential gonads എന്നോ testis determining factor എന്നോ SRY gene എന്നോ ഒക്കെ സെർച്ച് ചെയ്തു നോക്കിയാൽ കാണാവുന്നതാണ്. മെഡിക്കൽ ബുക്കുകൾ ഒക്കെ എടുത്ത് തെളിവുകൾ ഉദ്ധരിച്ചാൽ സാധാരണക്കാർക്ക് അത് പരിശോധിക്കാൻ പ്രയാസമായിരിക്കും എന്നതുകൊണ്ട് എൻറെ പോസ്റ്റിൽ പറഞ്ഞ ശാസ്ത്രീയ പരാമർശങ്ങൾ ഭൂരിഭാഗവും ഗൂഗിളിലോ വിക്കിപീഡിയയിലോ സെർച്ച് ചെയ്താൽ ഏതൊരാൾക്കും പരിശോധിക്കാവുന്നതും ബോധ്യപ്പെടാവുന്നതും ആയ കാര്യങ്ങളാണ്.
Testis determining factor എന്ന വിക്കിപീഡിയ പേജിൽ കൊടുത്ത ചില പരാമർശങ്ങൾ ഇവിടെ കൊടുക്കുന്നു. During gestation, the cells of the primordial gonad that lie along the urogenital ridge are in a bipotential state, meaning they possess the ability to become either male cells (Sertoli and Leydig cells) or female cells (follicle cells and Theca cells). TDF initiates testis differentiation by activating male-specific transcription factors that allow these bipotential cells to differentiate and proliferate.
" ഭ്രൂണാവസ്ഥയിൽ urogenital റിഡ്ജിന് സമീപത്തുള്ള പ്രാഥമിക ലിംഗകോശങ്ങൾ bipotential state ഇൽ ആണുള്ളത് അഥവാ അത് പുരുഷ ലൈംഗികാവയവം ആയി മാറാനും സ്ത്രീ ലൈംഗികാവയവുമായി മാറാനും ഒരുപോലെ കഴിവുള്ളതാണ്. TDF അഥവാ testes determining factor ; male specific transcription factors ആക്ടിവേറ്റ് ആക്കി ക്കൊണ്ട്, രണ്ട് രൂപത്തിലും ആവാൻ കഴിയുന്ന അഥവാ സ്ത്രീ ലൈംഗികാവയവവും പുരുഷ ലൈംഗികാവയവും ആയി മാറാൻ കഴിവുള്ള പ്രാഥമിക ലിംഗകോശങ്ങളെ പുരുഷ ലൈംഗികാവയവം ആക്കിമാറ്റുന്നു. "
ഇങ്ങനെ രണ്ട് തരത്തിലുള്ള ലിംഗനിർണയങ്ങളെ പറ്റി വളരെ കൃത്യമായി ഖുർആനിലും ഹദീസിലും വിശദീകരിച്ചിരിക്കുന്നു. Genetic sex ബീജസങ്കലന സമയത്ത് തന്നെ നിർണയിക്കപ്പെടുന്നു എന്നകാര്യം വിശുദ്ധ ഖുർആൻ വചനങ്ങളിലും - "ഒരു ബീജം (ഗർഭാശയത്തിലേക്ക്) സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് ആണ്‍ , പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചത് " (53 An-Najm: 45-46) - ; phenotype sex നിർണയിക്കപ്പെടുന്ന ഭ്രൂണത്തിന്റെ sex differentiation ഭ്രൂണത്തിന്റെ ആറാമത്തെ ആഴ്ചയിലും നടക്കുന്നു എന്ന കാര്യം ഹദീസിലും കൃത്യമായി വിശദീകരിക്കുന്നു.
ഗർഭാശയത്തിൽ വച്ച് ബീജസങ്കലനം നടക്കുന്ന സമയത്ത് തന്നെ ജനറ്റിക് സെക്സ് നിർണ്ണയിക്കപ്പെടുന്നു എന്ന കാര്യവും ആറാഴ്ച കഴിഞ്ഞ് മാതാവിൻറെ ഗർഭാശയത്തിന് അകത്തു വച്ച് differentiation of primordial bipotential gonads ഉം നടക്കുന്നു എന്ന കാര്യവും വളരെ അടുത്തകാലത്ത് മാത്രം ശാസ്ത്രം കണ്ടെത്തിയത് ആണ്. 1400 വർഷങ്ങൾക്കു മുമ്പ് എങ്ങിനെയാണ് ഈ കാര്യത്തെപ്പറ്റി നിരക്ഷരനായ മുഹമ്മദ് നബിക്ക് അറിവ് ഉണ്ടാവുക. ഒരിക്കലും സാധ്യതയില്ല തന്നെ. ഖുർആനും പ്രവാചക വചനങ്ങളും ദൈവിക വെളിപാടുകൾ മാത്രമാണ് എന്ന് നിഷ്പക്ഷ ബുദ്ധിയോടെ ചിന്തിക്കുന്ന ഏതൊരാൾക്കും വെളിവാകുമെന്ന് തീർച്ച.
ഭ്രൂണത്തിന്റെ വ്യത്യസ്ത അവസ്ഥകളെ പറ്റി ഖുർആൻ നടത്തിയ പരാമർശങ്ങൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാവുന്ന കാര്യം ഖുർആനിൽ നടത്തിയിട്ടുള്ള ഈയൊരു ക്ലാസിഫിക്കേഷൻ ഭ്രൂണത്തിന്റെ വ്യത്യസ്തമായ ബാഹ്യരൂപങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് എന്നതാണ്. മോർഫോളജിക്കൽ ക്ലാസിഫിക്കേഷൻ എന്ന് നമുക്ക് ഇംഗ്ലീഷിൽ പറയാം. അഥവാ ബാഹ്യ രൂപത്തെ അടിസ്ഥാനമാക്കിയുള്ള വർഗീകരണം.
വിശുദ്ധഖുർആൻ 23-ആം അധ്യായം സൂറത്ത് മു'മിനൂനിലെ 13 - 14 വചനങ്ങളിൽ അല്ലാഹു പറയുന്നു
ثُمَّ جَعَلْنَٰهُ نُطْفَةًۭ فِى قَرَارٍۢ مَّكِينٍۢ
പിന്നീട് ഒരു നുത്ഫ ആയിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.
ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةًۭ فَخَلَقْنَا ٱلْعَلَقَةَ مُضْغَةًۭ فَخَلَقْنَا ٱلْمُضْغَةَ عِظَٰمًۭا فَكَسَوْنَا ٱلْعِظَٰمَ لَحْمًۭا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ
പിന്നെ ആ നുത്ഫയെ നാം ഒരു അലഖ ആയി രൂപപ്പെടുത്തി. അനന്തരം ആ അലഖയെ നാം മുദ്ഗ ആയി രൂപപ്പെടുത്തി. തുടര്‍ന്ന് നാം മുദ്ഗയെ അസ്ഥിയായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.
(Surat:23, Verse: 13-14)
ഏറ്റവും ആദ്യരൂപം നുത്ഫതുൻ അംശാജ് : പുരുഷ ബീജവും സ്ത്രീബീജവും കൂടിച്ചേർന്ന നുത്ഫതുൻ അംശാജ് അഥവാ സിക്താണ്ഡം സ്ത്രീയുടെ ഗർഭപാത്രത്തിന് അകത്ത് ഭദ്രമായി സ്ഥാപിക്കപ്പെടുന്നു. പിന്നീട് അതൊരു അലഖ ആയിമാറുന്നു. അലഖ علقة എന്ന അറബി പദത്തിന് പല അർത്ഥങ്ങളാണുള്ളത്.
1. തൂങ്ങിക്കിടക്കുന്നത് .അള്ളി പിടിച്ചിരിക്കുന്നത്(suspended, hanging , clinging)
2. അട്ട (leech)
etc.
എന്നിങ്ങനെയൊക്കെയാണ് വ്യത്യസ്ഥ അർത്ഥങ്ങൾ. വ്യാഖ്യാനിച്ചു ഒപ്പിക്കുന്നത് അല്ല എന്ന് മനസ്സിലാക്കാൻ വേണ്ടി ഗൂഗിൾ ട്രാൻസ്ലേറ്റ് സ്ക്രീൻഷോട്ട് കൊടുത്തിട്ടുണ്ട്.
വിശുദ്ധഖുർആനിലെ പദപ്രയോഗങ്ങളുടെ സൂക്ഷ്മതയും കൃത്യതയും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്. ഈ പറഞ്ഞ പല അർത്ഥങ്ങളും ഒരുപോലെ യോജിക്കുന്നതാണ് ഭ്രൂണത്തിന്റെ ആദ്യ അവസ്ഥ. ഭ്രൂണത്തിന്റെ ആദ്യ അവസ്ഥയിൽ അത് ഒരു അട്ടയുടെ (leech) അതേ ആകൃതിയിൽ ആണുള്ളത്. താഴെ കൊടുക്കുന്ന ചിത്രങ്ങൾ കാണുക. ഈയൊരു കുഞ്ഞു ഭ്രൂണം, ഒരു കുളയട്ട ശരീരത്തിൽ അള്ളിപ്പിടിച്ച് ഇരിക്കുന്നതുപോലെ മാതാവിൻറെ ഗർഭാശയത്തിനകത്ത് അള്ളിപ്പിടിച്ച് ഇരിക്കുന്നു. ശക്തമായി അള്ളിപ്പിടിച്ചിരിക്കുന്ന അട്ടയെ പറിച്ചെടുക്കാൻ പ്രയാസമാണ്, ഭ്രൂണവും അതുപോലെ ഗർഭാശയഭിത്തിയിൽ അള്ളിപിടിച്ച അവസ്ഥയിലാണ് ഉള്ളത്. ഗർഭാശയത്തിന് ഉള്ളിൽ, ഗർഭാശയ ഭിത്തിയിൽ തൂങ്ങിക്കിടക്കുന്ന (suspended or hanging) അവസ്ഥയിലാണ് ഭ്രൂണം ഉള്ളത്, ധാരാളം രക്തക്കുഴലുകൾ ഈ അവസ്ഥയിൽ ഭ്രൂണത്തിൽ ഉണ്ട്. വളരെയധികം രക്തചംക്രമണം നടക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു രക്തകട്ട ഗർഭാശയത്തിൽ തൂങ്ങിക്കിടക്കുന്നത് പോലെ ഭ്രൂണം കാണപ്പെടുകയും ചെയ്യുന്നു.
ഭ്രൂണത്തിന്റെ ആദ്യ അവസ്ഥകളെ വിശദീകരിക്കാൻ ഇതിലും കൃത്യമായ ഒരു പദം വേറെയില്ല എന്ന് തന്നെ പറയാം. അലഖ എന്ന അറബി പദത്തിന്റെ വിവിധ അർത്ഥങ്ങൾ - അഥവാ തൂങ്ങി കിടക്കുന്നത്, അള്ളി പിടിച്ചിരിക്കുന്നത്, അട്ട , എന്നീ വിവിധ അർത്ഥങ്ങൾ എല്ലാം ഭ്രൂണത്തിന്റെ ഈ അവസ്ഥ വിശദീകരിക്കാൻ യോജിച്ചതാണ്. ഖുർആനിൻറെ പദപ്രയോഗങ്ങൾ പോലും എത്രമാത്രം കൃത്യമായതാണ് എന്നതിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ഏതാനും മില്ലിമീറ്ററുകൾ മാത്രം വലിപ്പമുള്ള ഭ്രൂണത്തിന്റെ ഗർഭാശയത്തിന് അകത്തെ അവസ്ഥ അറിയാൻ സ്കാനിംഗും മറ്റു മാർഗങ്ങളും ഒന്നും ഇല്ലാത്ത ഏഴാം നൂറ്റാണ്ടിലാണ് ഈ വചനങ്ങൾ അവതരിക്കപ്പെട്ടത് എന്ന് ചിന്തിക്കുമ്പോഴാണ് ദൈവിക വചനങ്ങളുടെ കൃത്യത നമ്മെ അത്ഭുതപ്പെടുത്തുന്നത്.
25 ദിവസം പ്രായമായ 5 mm മാത്രം വലിപ്പമുള്ള ഭ്രൂണത്തിന്റെ ഒറിജിനൽ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ കൊടുത്തത് കാണുക. ഒരു അട്ടയോട് എത്രമാത്രം സാമ്യമുണ്ടെന്ന് നോക്കൂ. ഗർഭാശയത്തിന് അകത്ത് തൂങ്ങിക്കിടക്കുന്ന ഭ്രൂണത്തിന്റെ ചിത്രീകരണവും കാണുക. അലഖ എന്ന അറബി പദത്തിന്റെ അർത്ഥങ്ങൾ ഗൂഗ്ൾ ട്രാൻസ്ലേറ്റ് കൊടുത്തതും കാണുക. ഇതെല്ലാം വെറും യാദൃശ്ചികം ആണോ അതോ നമ്മെ സൃഷ്ടിച്ച സൃഷ്ടാവിന്റെ ദിവ്യ വചനങ്ങളോ ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
മുള്ഗ സ്റ്റേജും musculoskeletal system development ഉം
---------------------------------------------------------------------
ഭ്രൂണത്തിൻറെ നുത്ഫതിൻ അംശാജ് (fertilized egg), അലഖ എന്നീ സ്റ്റേജുകൾ മുമ്പ് വിശദീകരിച്ചു.
ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةًۭ فَخَلَقْنَا ٱلْعَلَقَةَ مُضْغَةًۭ فَخَلَقْنَا ٱلْمُضْغَةَ عِظَٰمًۭا فَكَسَوْنَا ٱلْعِظَٰمَ لَحْمًۭا ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَٰلِقِينَ
പിന്നെ ആ നുത്ഫയെ നാം ഒരു അലഖ ആയി രൂപപ്പെടുത്തി. അനന്തരം ആ അലഖയെ നാം മുള്ഗ ആയി രൂപപ്പെടുത്തി. തുടര്‍ന്ന് നാം മുള്ഗയെ അസ്ഥിയായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു.
(Surat:23, Verse: 13-14).
അലഖ عَلَقَ അവസ്ഥ കഴിഞ്ഞ് അടുത്തത് മുള്ഗ مُضْغةًۭ എന്ന അവസ്ഥയാണ്. "ചവച്ച സാധനം " എന്നാണ് ഈ അറബി പദത്തിന് അർത്ഥം . ഇതൊന്നും ഞാൻ പുതുതായി വ്യാഖ്യാനിച്ച് ഒപ്പിക്കുന്നത് അല്ല എന്ന് മനസ്സിലാക്കാൻ താഴെ ഗൂഗിൾ ട്രാൻസ്ലേറ്റ് ഇമേജ് കൊടുത്തിട്ടുണ്ട്.
നമ്മളൊരു ഇറച്ചിക്കഷണം വായിലിട്ട് ചവച്ച് പുറത്തെടുത്താൽ ഇറച്ചിക്കഷണത്തിൽ നമ്മുടെ പല്ലിൻറെ അടയാളങ്ങൾ ഉണ്ടായിരിക്കുമല്ലോ ആ ഒരു രൂപത്തിലാണ് ഭ്രൂണത്തിന്റെ രണ്ടാമത്തെ അവസ്ഥ. ഭ്രൂണത്തിൻറെ ഈ അവസ്ഥമനസ്സിലാക്കാൻ ഉതകുന്ന ചിത്രങ്ങൾ കൊടുക്കുന്നു. ഭ്രൂണത്തിൻറെ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രവും കാണുക.
ശരിക്കും ഒരു ചവച്ച ഇറച്ചിക്കഷണത്തിൻറെ, പല്ലിൻറെ അടയാളങ്ങൾ ഒക്കെ ഉള്ള ഒരു ഇറച്ചിക്കഷണം എന്നപോലെയാണ് ഈ അവസ്ഥയിൽ ഭ്രൂണം കാണപ്പെടുന്നത് എന്ന് നമുക്ക് ഈ ചിത്രത്തിൽ നിന്ന് വ്യക്തമാണ്. നേരത്തെ പറഞ്ഞ പോലെ ഖുർആനിൽ ഭ്രൂണത്തിൻറെ വ്യത്യസ്ത സ്റ്റേജുകൾ വിശദീകരിച്ചിരിക്കുന്നത് ബാഹ്യരൂപം അഥവാ മോർഫോളജിക്കൽ അപ്പിയറൻസ് അടിസ്ഥാനമാക്കിയാണ്. മോർഫോളജിയുടെ അടിസ്ഥാനത്തിൽ ഈ അവസ്ഥയിൽ ഉള്ള ഭ്രൂണത്തിന് ഏറ്റവും യോജിച്ച വിവരണമാണ് മുള്ഗ مُضْغةًۭ എന്ന പദം നൽകുന്നത്.
മുള്ഗ എന്ന അവസ്ഥയിൽ നിന്നും പിന്നീട് skeletal system അഥവാ എല്ലുകൾ രൂപപ്പെടാൻ ആരംഭിക്കുന്നു ഈ എല്ലുകളെ മാംസം കൊണ്ട് അഥവാ മസിലുകൾ കൊണ്ടു പൊതിയുന്നു എന്നാണ് ഖുർആൻ പ്രസ്താവിച്ചത്.
فَخَلَقْنَا ٱلْمُضْغَةَ عِظَٰمًۭا فَكَسَوْنَا ٱلْعِظَٰمَ لَحْمًۭا
"തുടര്‍ന്ന് നാം മുദ്ഗയെ അസ്ഥിയായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു". ഖുർആനിലെ പദപ്രയോഗങ്ങളുടെ സൂക്ഷ്മതയും കൃത്യതയും ദിവ്യത്വവും വെളിവാക്കുന്ന അത്ഭുതകരമായ വിവരണവുമാണ് ഈയൊരു ഭാഗത്തും കാണുന്നത്.
നുത്ഫയിൽ നിന്ന് അലഖ സൃഷ്ടിച്ചുവെന്നും അലഖയിൽ നിന്ന് മുള്ഗ സൃഷ്ടിച്ചു എന്നും മുള്ഗയിൽ നിന്ന് അസ്ഥി സൃഷ്ടിച്ചു എന്നും വിശദമാക്കിയ ഖുർആൻ ഇവിടെ എല്ലാം ഉപയോഗിച്ച പദം خَلَقْنَا - നാം സൃഷ്ടിച്ചു - എന്നതാണ്. അഥവാ ഒന്നിൽ നിന്ന് മറ്റൊന്ന് സൃഷ്ടിക്കുന്നു. ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറുന്നു അഥവാ ഒരു സ്റ്റേജിൽ നിന്നും മറ്റൊരു സ്റ്റേജിലേക്ക് മാറുന്നു. ഭ്രൂണം നുത്ഫ സ്റ്റേജിൽ നിന്നും അലഖ സ്റ്റേജിലേക്കും അലഖ സ്റ്റേജിൽനിന്ന് മുള്ഗ സ്റ്റേജിലേക്കും മാറുന്നു.
മുള്ഗയിൽ നിന്ന് അസ്ഥികൂടം രൂപപ്പെടുത്തുന്നു എന്ന് പ്രസ്താവിച്ച വിശുദ്ധ ഖുർആൻ പ്രസ്താവിച്ചത് അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിയുന്നു എന്നാണ്. ഇവിടെ മാത്രം خَلَقْنَا - നാം സൃഷ്ടിച്ചു - എന്ന് പറഞ്ഞിട്ടില്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക. അഥവാ ഭ്രൂണത്തിൻറെ മുൻ സ്റ്റേജുകളെ പറ്റി പ്രസ്താവിച്ച പോലെ ഒരു സ്റ്റേജിൽ നിന്നും മറ്റൊരു സ്റ്റേജിലേക്ക് മാറുന്ന കാര്യം ഇവിടെ പ്രസ്താവിച്ചിട്ടില്ല. ഖുർആനിൻറെ ഈ കൃത്യമായ പദപ്രയോഗങ്ങളിൽ നിന്ന് തന്നെ അസ്ഥികൂടം ഉണ്ടാകുന്നതിനോടൊപ്പം തന്നെ, അതേ സ്റ്റേജിൽ തന്നെ അസ്ഥികൂടത്തെ മസിലുകൾ കൊണ്ട് പൊതിയുന്ന പ്രവർത്തിയും ഒരേസമയം നടക്കുന്നു എന്ന് മനസ്സിലാക്കാം. ആധുനിക ഭ്രൂണശാസ്ത്രവും ഇക്കാര്യം കൃത്യമായി അംഗീകരിക്കുന്നു. ഭ്രൂണത്തിൻറെ വളർച്ചയിൽ എല്ലുകൾ ഉണ്ടാകുന്നതിന് ഒപ്പം തന്നെ എല്ലുകളെ പൊതിഞ്ഞുകൊണ്ട് മസിലുകളും ഉണ്ടാവാൻ ആരംഭിക്കുന്നു. മാത്രമല്ല ഇവിടെ ഖുർആൻ ഉപയോഗിച്ച അറബി ഭാഷയിലെ വ്യാകരണത്തിലെ ف എന്ന conjunction ഉപയോഗിക്കുന്നത് ഒരു കാര്യത്തിനെ തുടർന്ന് മറ്റൊരുകാര്യം ഗ്യാപ്പ് ഇല്ലാതെ ഒരുമിച്ച് സംഭവിക്കുന്നതിനെ കുറിക്കുന്ന പദം കൂടിയാണ്.
സുബ്ഹാനല്ലാഹ് ! ഖുർആനിലെ ഓരോ പദപ്രയോഗങ്ങളും ശാസ്ത്രീയമായി എത്രമാത്രം കൃത്യവും സൂക്ഷ്മവും ആണെന്ന് അത്ഭുതത്തോടെ അല്ലാതെ വീക്ഷിക്കാനാവില്ല. മറ്റ് സ്റ്റേജുകളെ കുറിച്ച് വിവരിക്കുമ്പോൾ എല്ലാം ഖുർആൻ ഉപയോഗിച്ച خَلَقْنَا (നാം സൃഷ്ടിച്ചു) എന്ന പ്രയോഗം അസ്ഥികളെ മാംസം കൊണ്ട് പൊതിയുന്നു എന്ന് ഖുർആൻ പ്രസ്താവിച്ചപ്പോൾ ഉപയോഗിച്ചില്ല എന്നത് വെറും യാദൃശ്ചികം ആണോ? ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ഏഴാം നൂറ്റാണ്ടിലെ നിരക്ഷരനായ പ്രവാചകന് എവിടെ നിന്നാണ് ഇത്രയും കൃത്യമായ അറിവുകൾ ലഭിക്കുക ? ഒരു ഭ്രൂണത്തിൽ സ്കെലിറ്റൽ സിസ്റ്റം ഡെവലപ്പ് ചെയ്യുന്നതിനൊപ്പം തന്നെ മസ്കുലാർ സിസ്റ്റവും ഡെവലപ്പ് ആകുന്നു എന്ന അറിവ് പ്രവാചകന് ഏഴാം നൂറ്റാണ്ടിൽ എങ്ങനെ ലഭിക്കാനാണ് ? ഖുർആൻ മനുഷ്യ വചനങ്ങളല്ല : നമ്മെ സൃഷ്ടിച്ച സൃഷ്ടാവിന്റെ വചനങ്ങൾ മാത്രമാണ് എന്നത് കൃത്യമായ ഈ ശാസ്ത്രീയ പദപ്രയോഗങ്ങൾ തെളിയിക്കുന്നു.
ഖുർആനിൽ മാത്രമല്ല ഹദീസിലും ഈ കാര്യം വളരെ കൃത്യമായി സംശയലേശമന്യേ വ്യക്തമാക്കിയിട്ടുണ്ട്. പാർട്ട് 4 ൽ വിശദീകരിച്ച ഹദീസ് ഓർക്കുമല്ലോ.
إِذَا مَرَّ بِالنُّطْفَةِ ثِنْتَانِ وَأَرْبَعُونَ لَيْلَةً بَعَثَ اللَّهُ إِلَيْهَا مَلَكًا فَصَوَّرَهَا وَخَلَقَ سَمْعَهَا وَبَصَرَهَا وَجِلْدَهَا وَلَحْمَهَا وَعِظَامَهَا ثُمَّ . قَالَ رَبِّ أَذَكَرٌ أَمْ أُنْثَى فَيَقْضِي رَبُّكَ مَا شَاءَ وَيَكْتُبُ الْمَلَكُ
"ബീജസങ്കലനം നടന്നതിനുശേഷം 42
ദിവസം കഴിഞ്ഞാൽ അല്ലാഹു ആ ഗർഭപാത്രത്തിന് അടുത്തേക്ക് ഒരു മലക്കിനെ അയക്കുന്നു. അങ്ങനെ മലക്ക് ആ ഭ്രൂണത്തിന് രൂപം നൽകുന്നു, കേൾവിയും കാഴ്ചയും തൊലികളും മാംസങ്ങളും എല്ലുകളും സൃഷ്ടിക്കുന്നു. എന്നിട്ട് മലക്ക് ചോദിക്കുന്നു രക്ഷിതാവേ ഇത് ആണോ പെണ്ണോ? അപ്പോൾ ആ കുട്ടി ആണാണോ പെണ്ണാണോ എന്നുള്ള അല്ലാഹുവിന്റെ തീരുമാനം മലക്ക് രേഖപ്പെടുത്തുകയും ചെയ്യുന്നു. " (സഹീഹ് മുസ്ലിം).
ഹദീസിൽ നിന്നും ഭ്രൂണത്തിന് ആറാഴ്ച പ്രായമുള്ള അവസ്ഥയിൽ അസ്ഥിയും, മാംസവും, തൊലിയും എല്ലാം ഒരേ സമയം സൃഷ്ടിപ്പ് ആരംഭിക്കുന്നു എന്ന കാര്യം സംശയലേശമന്യേ വളരെ വ്യക്തവുമാണ്.
വിശുദ്ധഖുർആൻ തുടർന്ന് പറയുന്നു
ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ
"എന്നിട്ട് മറ്റൊരു സൃഷ്ടിയായി നാം അതിനെ വളർത്തിയെടുത്തു ". വളരെ കൃത്യതയാർന്ന ഒരു പ്രസ്താവനയാണിത്. ഖുർആനിലെ ഓരോ പദപ്രയോഗങ്ങളുടെയും കൃത്യത നമ്മെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ്. ഭ്രൂണത്തിന്റെ ഓരോ അവസ്ഥകളും എടുത്തു പറഞ്ഞു. നുത്ഫ പിന്നീട് അലഖ ആയി മാറുന്നു . അലഖ പിന്നീട് മുള്ഗ ആയിമാറുന്നു. മുള്ഗയിൽ നിന്നും എല്ലുകളും മസിലുകളും രൂപപ്പെടുന്നു എന്നെല്ലാം പറഞ്ഞതിനുശേഷം അല്ലാഹു പറയുന്നു പിന്നീട് അതിനെ നാം 'മറ്റൊരു സൃഷ്ടിയായി ' വളർത്തിയെടുക്കുന്നു എന്ന്.
ഒട്ടുമിക്ക എല്ലാ ജീവജാലങ്ങളുടെയും ഭ്രൂണാവസ്ഥയിൽ ആദ്യഘട്ടങ്ങളിൽ കാണുമ്പോൾ ഒരുപാട് സാമ്യമുള്ളതാണ് എന്ന് കാണാം , അഥവാ ഒരു പൂച്ചയുടെയും പട്ടിയുടെയും , പശുവിന്റെയും മനുഷ്യൻറെയും ഭ്രൂണങ്ങൾ ആദ്യ സ്റ്റേജിൽ നമ്മുടെ മുന്നിൽ കൊണ്ടു വന്നു വച്ചു പെട്ടെന്ന് തിരിച്ചറിയാൻ പറഞ്ഞാൽ അല്പം പ്രയാസമാണ്. താഴെ കൊടുത്തിട്ടുള്ള ചിത്രങ്ങൾ കണ്ടാൽ ഇക്കാര്യം വ്യക്തമാകും.
ഭ്രൂണത്തിൻറെ വ്യത്യസ്ത അവസ്ഥകൾ വിവരിച്ചതിനു ശേഷം അല്ലാഹു പറഞ്ഞത് ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ "പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു." അഥവാ ഭ്രൂണത്തിന്റെ ആദ്യ അവസ്ഥകളിൽ ഉള്ള രൂപം എല്ലാം പൂർണ്ണമായും മാറി കൊണ്ട് തികച്ചും വ്യത്യസ്തമായ മറ്റൊരു സൃഷ്ടിയായി കൊണ്ട് ആ ഒരു ഭ്രൂണത്തെ അള്ളാഹു മാറ്റുന്നു എന്നാണ്. എത്ര കൃത്യമായ പ്രസ്താവനകളാണ് ഖുർആൻ നടത്തുന്നത് എന്ന് നോക്കൂ. അതുവരെയുള്ള രൂപം : അത് തികച്ചും മാറ്റിക്കൊണ്ട് മറ്റൊരു സൃഷ്ടിയായി കൊണ്ട് ആ ഒരു മനുഷ്യ കുഞ്ഞിനെ വളർത്തി എടുക്കുന്നു എന്ന്.
നമ്മെ സൃഷ്ടിച്ച സ്രഷ്ടാവിനല്ലാതെ ആർക്കാണ് ഇത്തരം കൃത്യമായ പ്രസ്താവനകൾ നടത്താൻ കഴിയുക. സകല ജീവജാലങ്ങളെയും സൃഷ്ടിച്ച സ്രഷ്ടാവിന് വ്യക്തമായി അറിയാം, ഭ്രൂണാവസ്ഥയിൽ ജീവജാലങ്ങളുടെ ഭ്രൂണങ്ങൾ ബാഹ്യ രൂപത്തിൽ വളരെയധികം സാദൃശ്യമുള്ളതാണ് എന്ന കാര്യം. ഏതു ജീവിയുടെ ഭ്രൂണമാണ് എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിൽ നിന്ന് അഥവാ പട്ടിയുടെതാണോ പശുവിന്റേതാണോ മനുഷ്യന്റേതാണോ എന്ന് പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമുള്ള ഒരു ഭ്രൂണത്തെ വ്യത്യസ്തമായ ഒരു സൃഷ്ടിയായി അഥവാ മനുഷ്യ കുട്ടിയായി അല്ലാഹു ഗർഭാശയത്തിൽ വളർത്തിയെടുക്കുന്നു.
ഗർഭാവസ്ഥയിലുള്ള വ്യത്യസ്ത ജീവികളുടെ യുടെ ആദ്യ അവസ്ഥയിൽ ഉള്ള ചിത്രങ്ങൾ ഒന്ന് കാണുക: ഓരോന്നും വേർതിരിച്ചു മനസ്സിലാക്കാൻ പോലും പ്രയാസമാണ് എന്ന് കാണാം. എന്നാൽ ഇവയെല്ലാം വളർന്നുവരുമ്പോൾ തികച്ചും വ്യത്യസ്തമാണ് എന്നു നമുക്കറിയാം.
ثُمَّ أَنشَأْنَٰهُ خَلْقًا ءَاخَرَ ۚ
"എന്നിട്ട് മറ്റൊരു സൃഷ്ടിയായി നാം അതിനെ വളർത്തിയെടുത്തു ". എന്ന് എന്ന് ഖുർആൻ പ്രയോഗം വെറും യാദൃശ്ചികമോ
വിശുദ്ധഖുർആനിൽ അശാസ്ത്രീയമായ പരാമർശങ്ങൾ ഉണ്ട് എന്ന് സ്ഥാപിക്കാനായി വിമർശകർ കൊണ്ടുവരുന്ന ചില സൂക്തങ്ങൾ ആണ് ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. അധ്യായം 86 സൂറത്ത് അത്വാരിഖ് 5-7 വചനങ്ങൾ
فَلْيَنظُرِ ٱلْإِنسَٰنُ مِمَّ خُلِقَ
خُلِقَ مِن مَّآءٍۢ دَافِق
يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ
"എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്.
തെറിച്ചു വീഴുന്ന ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
സ്വുൽബിനും തറാഇബിനും ഇടയില്‍ നിന്ന് അത് പുറത്തു വരുന്നു ". ( 86:5-7)
പല ഖുർആൻ പരിഭാഷകളിലും ഏഴാമത്തെ ആയത്തിന് നട്ടെല്ലിനും വാരിയെല്ലിനും ഇടയിൽ നിന്ന് അത് പുറപ്പെടുന്നു എന്നാണ് പരിഭാഷയിൽ കാണുക. ഞാൻ ആ പരിഭാഷകൾ ഉപയോഗിക്കാതെ ഖുർആൻ ഉപയോഗിച്ച അറബി പദങ്ങൾ ആയ സ്വുൽബും തറാഇബും ٱلصُّلْبِ وَٱلتَّرَآئِبِ എന്ന് തന്നെ ആണ് ഉപയോഗിക്കുന്നത്. അതിൻറെ കാരണം ലേഖനം മുഴുവൻ വായിച്ചു കഴിയുമ്പോൾ നിങ്ങൾക്ക് ബോധ്യപ്പെടും എന്നു തന്നെ കരുതുന്നു.
ഇസ്ലാം വിമർശകരുടെ വിമർശനങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം: തെറിച്ചു വീഴുന്ന ദ്രാവകം കൊണ്ട് ഉദ്ദേശിക്കുന്നത് പുരുഷ ശുക്ലം ആണ്, പുരുഷൻറെ ശുക്ലം ഉല്പാദിപ്പിക്കപ്പെടുന്നത് വൃഷണങ്ങളിൽ നിന്ന് ആണെന്ന കാര്യം മുഹമ്മദ് നബിക്ക് അറിയാത്തതു കൊണ്ട് പറ്റിയ അബദ്ധമാണ് ഇത് എന്നെല്ലാമാണ് ഇസ്ലാം വിമർശകരുടെ വാദങ്ങൾ
വിമർശകരുടെ വാദങ്ങൾ ശരിയാകണമെങ്കിൽ അന്നത്തെ കാലത്തെ അറബികൾക്ക് ബീജോൽപാദനം നടക്കുന്നത് വൃഷണങ്ങളിൽ നിന്ന് ആണെന്നുള്ള അറിവ് ഉണ്ടായിരുന്നില്ല എന്നു വേണം കരുതാൻ.
എന്നാൽ ചരിത്രം പരിശോധിച്ചാൽ ഈ വാദം തികച്ചും തെറ്റാണെന്ന് കാണാൻ സാധിക്കും. വൃഷണങ്ങളിൽ നിന്നാണ് ബീജം ഉൽപ്പാദിപ്പിക്കപ്പെടുന്നത് എന്ന് പ്രാചീന കാലം മുതൽക്കേ മനുഷ്യർക്ക് അറിവുള്ള കാര്യമാണ്. അടിമത്ത സമ്പ്രദായം നിലനിന്നിരുന്ന അക്കാലത്ത് അടിമകളുടെ പ്രത്യുൽപാദനശേഷി ഇല്ലാതാക്കാനായി ഷണ്ഡീകരിക്കുന്ന (castration) സമ്പ്രദായമുണ്ടായിരുന്നു. വൃഷണങ്ങളിൽ നിന്നാണ് ബീജോൽപാദനം നടക്കുന്നതെന്ന കൃത്യമായ അറിവ് പ്രാചീനകാലം മുതൽക്കേ ജനങ്ങൾക്ക് ഉണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
അടിമകളെ ഷണ്ഡീകരിക്കുന്ന കിരാത നടപടിയെ മുഹമ്മദ് നബി പൂർണ്ണമായി നിരോധിച്ചതായി ഹദീസിൽ കാണാം. അടിമകളെ ഷണ്ഡീകരിക്കാൻ പാടില്ല എന്നും ആരെങ്കിലും തന്റെ കീഴിലുള്ള അടിമയെ ഷണ്ഡീകരിച്ചാൽ അവനെതിരിൽ അതേ തരത്തിലുള്ള ശിക്ഷാനടപടി ഉണ്ടാവുമെന്നും മുഹമ്മദ് നബി കൽപ്പിച്ചതായി ഹദീസുകളിൽ കാണാൻ സാധിക്കും.
It was narrated from Samurah that the Messenger of Allah said:
"Whoever kills his slave, we will kill him: whoever mutilates (his slave). We will mutilate him, and whoever castrates (his slave), we will castrate him."
أَخْبَرَنَا مَحْمُودُ بْنُ غَيْلاَنَ، - هُوَ الْمَرْوَزِيُّ - قَالَ حَدَّثَنَا أَبُو دَاوُدَ الطَّيَالِسِيُّ، قَالَ حَدَّثَنَا هِشَامٌ، عَنْ قَتَادَةَ، عَنِ الْحَسَنِ، عَنْ سَمُرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ " مَنْ قَتَلَ عَبْدَهُ قَتَلْنَاهُ وَمَنْ جَدَعَهُ جَدَعْنَاهُ وَمَنْ أَخْصَاهُ أَخْصَيْنَاهُ " .
Sunan an-Nasa'i 4736
മുഹമ്മദ് നബി (സ) പ്രഖ്യാപിച്ചു : "ആരെങ്കിലും സ്വന്തം അടിമയെ വധിച്ചാൽ അവനെ നാം വധിക്കുന്നതാണ്. ആരെങ്കിലും അടിമയെ അംഗഭംഗം വരുത്തുകയാണെങ്കിൽ അവനെ നാം അംഗഭംഗം നടത്തുന്നതാണ്. ആരെങ്കിലും അടിമയെ ഷണ്ഡീകരിച്ചാൽ അവനെ നാം ഷണ്ഡീകരിക്കുന്നതാണ് " .
സുനൻ നസാഇ 4736.
വൃഷണങ്ങളിൽ നിന്നാണ് ബീജോൽപാദനം നടക്കുന്നത് എന്ന വിവരം അന്നത്തെ സമൂഹത്തിന് ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാനാണ് ഹദീസ് ഇവിടെ കൊണ്ടുവന്നത്. വൃക്ഷണം ഛേദിച്ചുകൊണ്ടുള്ള ഷണ്ഡീകരണം ഇസ്ലാമിൽ വിലക്കിക്കൊണ്ടുള്ള വേറെയും ധാരാളം ഹദീസുകളുണ്ട്.
വൃഷണങ്ങളിൽ ആണ് ബീജോൽപാദനം നടക്കുന്നത് എന്നും വൃഷണങ്ങൾ കാലുകൾക്കിടയിലുള്ള വൃഷണ സഞ്ചിയിൽ ആണെന്നും എല്ലാവർക്കും അറിവുണ്ടായിരിക്കേ പിന്നെ എന്തുകൊണ്ടാണ് സ്വുൽബിബിനും തറാഇബിനും ഇടയിൽ നിന്നാണ് തെറിച്ചു വീഴുന്ന ദ്രാവകം പുറപ്പെടുന്നത് എന്ന് പറഞ്ഞത് എന്നതാണ് ഇനി നമുക്ക് പരിശോധിക്കാൻ ഉള്ളത്.
അതിനായി മുഹമ്മദ് നബിയിൽ നിന്നും ഖുർആൻ നേരിട്ട് കേട്ടു പഠിച്ച സഹാബികൾ ഈ ആയത്തുകളെ എങ്ങനെയാണ് മനസ്സിലാക്കിയത് എന്ന് നമുക്ക് നോക്കാം. പ്രവാചക ശിഷ്യനും പ്രമുഖ സഹാബിയും ഖുർആൻ വ്യാഖ്യാതാവുമായ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) ഈ വചനങ്ങൾ വ്യാഖ്യാനിച്ചത് നമുക്ക് തഫ്സീറുകളിൽ കാണാം.
وقال شبيب بن بشر عن عكرمة عن ابن عباس "يخرج من بين الصلب والترائب" صلب الرجل وترائب المرأة أصفر رقيق لا يكون الولد إلا منهما وكذا قال سعيد بن جبير وعكرمة وقتادة والسدي وغيرهم
"ഇബ്നു അബ്ബാസ് (റ) പറഞ്ഞു " പുരുഷൻറെ സ്വുൽബിൽ നിന്നും സ്ത്രീയുടെ തറാഇബിൽ നിന്നും ആണ് ദ്രാവകങ്ങൾ പുറപ്പെടുന്നത് . (സ്ത്രീയുടെ ) ദ്രാവകം മഞ്ഞയും കട്ടി കുറഞ്ഞതുമാണ്. പുരുഷന്റെയും സ്ത്രീയുടെയും ദ്രാവകങ്ങൾ കൂടിച്ചേർന്നാൽ അല്ലാതെ കുഞ്ഞു ഉണ്ടാവുകയില്ല".
ഇതേ വ്യാഖ്യാനം തന്നെ സഈദുബ്നു ജുബൈർ (റ), ഇക്രിമ (റ), ഖതാദ (റ),സദ്ദീ(റ) മറ്റുള്ള താബിഈ പണ്ഡിതരും പ്രസ്താവിച്ചിട്ടുണ്ട്." തഫ്സീർ ഇബ്നു കസീർ.
പ്രമുഖ മുൻകാല ഖുർആൻ വ്യാഖ്യാതാക്കൾ ആയ ഇമാം തബരി, ഇമാം സമഖ്ശരി , ഇമാം തബ്റാനി, ഇമാം റാസി , ഇമാം ഖുർത്തുബി, ഇമാം ഇബ്നു കസീർ , തഫ്സീർ ജലാലൈനി, ഇമാം ശൗകാനി തുടങ്ങിയവരെല്ലാം ഈ വ്യാഖ്യാനം തന്നെയാണ് ഈ ആയത്തുകൾക്ക് നൽകിയിട്ടുള്ളത്.
ഇവിടെ നമ്മൾ വളരെ കൃത്യമായി മനസ്സിലാക്കേണ്ട കാര്യം ഈ ആയത്തിൽ പ്രതിപാദിക്കുന്നത് പുരുഷ ശുക്ലത്തിന്റെ കാര്യം മാത്രമല്ല എന്നുള്ളതാണ്. അഥവാ പലരും തെറ്റിദ്ധരിച്ചത് പോലെ പുരുഷ ശുക്ലത്തെ പറ്റി മാത്രം പരാമർശിക്കുന്നതല്ല ഈ ആയത്ത്. തെറിച്ചു വീഴുന്ന ദ്രാവകം എന്നതുകൊണ്ട് ഉദ്ദേശിച്ചത് പുരുഷ ശുക്ലം മാത്രം ആണ് എന്നുള്ള വിമർശകരുടെ തെറ്റിദ്ധാരണയിൽ നിന്നാണ് എല്ലാ വിമർശനങ്ങളും ഉയരുന്നത്. മുകളിൽ നാം കൃത്യമായി കണ്ടു കഴിഞ്ഞു, ഈ ആയത്തുകൾ മുഹമ്മദ് നബിയിൽ നിന്നും നേരിട്ട് മതം പഠിച്ച സഹാബികൾ എങ്ങനെയാണ് മനസ്സിലാക്കിയത് എന്ന കാര്യം. അവർ മനസ്സിലാക്കിയത് വിശുദ്ധ ഖുർആൻ ആയത്തിൽ പ്രതിപാദിച്ചിട്ടുള്ള പുരുഷൻറെ തെറിച്ചു വീഴുന്ന ദ്രാവകം പുരുഷന്റെ സ്വുൽബിൽ നിന്നും സ്ത്രീയുടെ തെറിച്ചു വീഴുന്ന ദ്രാവകം സ്ത്രീയുടെ തറാഇബിൽ നിന്നും ആണ് ഉല്പാദിപ്പിക്കപ്പെടുന്നത് എന്നതാണ്. ഖുർആൻ വ്യാഖ്യാതാക്കൾ എല്ലാം പറഞ്ഞതും അത് തന്നെയാണ്.
തഫ്സീർ ജലാലൈനി കാണുക.
خلق من ماء دافق» ذي اندفاق من الرجل والمرأة في رحمها
يَخْرُجُ مِن بَيْنِ الصُّلْبِ وَالتَّرَائِبِ
He was created from a gushing fluid, gushing forth from the man and the woman into the womb
"മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് തെറിച്ചുവീഴുന്ന ദ്രാവകങ്ങളിൽ നിന്നാണ്. പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നും ദ്രാവകങ്ങൾ ഗർഭാശയത്തിനുള്ളിലേക്ക് തെറിച്ചു വീഴുന്നു ".
«يخرج من بين الصلب» للرجل «والترائب» للمرأة وهي عظام الصدر
issuing from between the loins, of the man, and the breast-bones, of the woman.
പുരുഷൻറെ ഇടുപ്പിൽ നിന്നും സ്ത്രീയുടെ വാരിയെല്ലിൽ നിന്നും ആണ് ദ്രാവകങ്ങൾ പുറപ്പെടുന്നത്.
ഇനി അടുത്തതായി നമുക്ക് പരിശോധിക്കാൻ ഉള്ളത് എന്താണ് വിശുദ്ധ ഖുർആൻ പറഞ്ഞ സ്വുൽബ് صلب? എന്താണ് ഖുർആൻ പറഞ്ഞ തറാഇബ് ترائب എന്നതാണ്. സ്വുൽബ് صلب എന്ന പദത്തിൻറെ അർത്ഥം ഉറപ്പുള്ളത് strong ആയത് (solid) എന്നൊക്കെയാണ്. ശരീരവുമായി ബന്ധപ്പെടുത്തി പറയുമ്പോൾ ഇതിൻറെ അർത്ഥം loin എന്നാണ്. അഥവാ മലയാളത്തിൽ ഇടുപ്പ്, നാഭി , അരക്കെട്ട്, കടി പ്രദേശം, കടി തടം, ജഘനം എന്നൊക്കെ പറയുന്ന ഭാഗം. ഇത് ഞാൻ എൻറെ വക പറയുന്നതല്ല. ഡിക്ഷ്ണറികൾ എല്ലാം കൊടുത്ത അർത്ഥമാണ്. ഗൂഗിൾ ട്രാൻസ്ലേറ്റ് സ്ക്രീൻഷോട്ട് ഇവിടെ താഴെ കൊടുക്കുന്നുണ്ട്. Loin എന്ന പദത്തിൻറെ അറബി പരിഭാഷ നോക്കിയാലും അതിൽ സ്വുൽബ് صلب എന്ന വാക്കും നിങ്ങൾക്ക് ഗൂഗിൾ ട്രാൻസിലേറ്റിൽ തന്നെ കാണാൻ സാധിക്കും. എല്ലാ അറബിക് ഇംഗ്ലീഷ് ഡിക്ഷ്ണറികളിലും നിങ്ങൾക്ക് ഈ കാര്യങ്ങൾ പരിശോധിക്കാവുന്നതുമാണ്.
പ്രസിദ്ധ ഓറിയൻറലിസ്റ്റ് ആയിരുന്നു ബ്രിട്ടീഷുകാരനായ George Sale AD 1734 ൽ പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷയിൽ സ്വുൽബ് صلب എന്ന പദത്തിന് കൊടുത്ത പരിഭാഷ loin അഥവാ ഇടുപ്പ് എന്നാണ് (സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു).
1930 ൽ ബ്രിട്ടീഷുകാരനായ Muhammad Marmaduke Pickthall പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷയിൽ സ്വുൽബ് صلب എന്ന പദത്തിന് കൊടുത്ത പരിഭാഷ loin എന്നാണ്. 1980 ൽ Mohammed Asad എന്ന ഓസ്ട്രിയക്കാരൻ പ്രസിദ്ധീകരിച്ച പ്രസിദ്ധമായ ഖുർആൻ പരിഭാഷയായ ദെ മെസ്സേജ് ഓഫ് ഖുർആൻ പരിഭാഷയിലും സ്വുൽബ് صلب എന്ന പദത്തിന് കൊടുത്ത പരിഭാഷ loin എന്നു തന്നെയാണ്. ഇതൊക്കെ പ്രത്യേകമായി എടുത്തു പറയാൻ കാരണം ഇതൊന്നും ഞാൻ ഇപ്പോൾ 2020 ൽ പുതുതായി തട്ടിക്കൂട്ടി ഉണ്ടാക്കിയ വ്യാഖ്യാനമല്ല എന്ന് കൃത്യമായി മനസ്സിലാക്കാൻ ആണ്. സ്വുൽബ് صلب എന്ന പദത്തിന് മുതുക് -back, നട്ടെല്ല് - backbone എന്നൊക്കെ അർത്ഥം നൽകിയ ഇംഗ്ലീഷ് പരിഭാഷകളും ഉണ്ട് . മലയാള പരിഭാഷകൾ അധികവും നട്ടെല്ല് എന്നാണർത്ഥം കൊടുത്തിട്ടുള്ളത്.
ഖുർആൻ ആയത്തിന്റെ ആശയത്തിന് അഥവാ പുരുഷൻറെ സ്വുൽബിൽ നിന്നും തെറിച്ചു വീഴുന്ന ദ്രാവകമായ ശുക്ലം പുറത്തു വരുന്നു എന്നതിന് ശരിയായി യോജിക്കുന്ന അർത്ഥം loin എന്ന് തന്നെയാണ്. പുരുഷന് ഉദ്ധാരണം സംഭവിക്കുന്ന അവസരത്തിൽ വൃഷണസഞ്ചിയിൽ (scrotum) തൂങ്ങിക്കിടക്കുന്ന വൃഷണങ്ങളിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്ന ബീജങ്ങൾ vas deferens എന്ന 30 സെൻറീമീറ്റർ നീളമുള്ള ചെറിയ കുഴലുകൾ വഴി ബീജങ്ങളെ തള്ളി മുകളിലേക്ക് ഇടുപ്പിലേക്ക് തള്ളി കൊണ്ടുപോകുന്നു. വാസ് ഡിഫറെൻസ് കുഴലിനെ പൊതിഞ്ഞു കൊണ്ടുള്ള കുഞ്ഞൻ മസിലുകൾ പ്രത്യേകതരത്തിൽ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നത് മൂലമാണ് ഇത് സാധ്യമാകുന്നത് - peristaltic movement. വാസ് ഡിഫറൻസ് seminiferous vesicle duct മായി കൂടിച്ചേർന്ന് ejaculatory duct ആയി മാറുന്നു. ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് ഉള്ളിലൂടെ കടന്നുപോയി മൂത്രനാളിയിലേക്ക് (urethra) തുറക്കുന്നു; സ്ഖലനം സംഭവിക്കുന്നു. താഴെ കൊടുത്തിട്ടുള്ള ചിത്രങ്ങൾ പരിശോധിച്ചാൽ ഇതൊക്കെ കൃത്യമായി loin അഥവാ ഇടുപ്പിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്ന് കാണാൻ സാധിക്കും. പുരുഷൻറെ ശുക്ലം 70% seminal vesicles secretions ഉം , 27% പ്രോസ്റ്റേറ്റ് secretions, 1% bulbourethral glands secretions ഉം ആണ്. ശുക്ലത്തിലെ ബീജത്തിന്റെ അളവ് വെറും 2 % മാത്രമാണ്. വിശുദ്ധ ഖുർആൻ പ്രസ്താവിച്ചിട്ടുള്ള പുരുഷൻറെ തെറിച്ചു വീഴുന്ന ദ്രാവകം അഥവാ ശുക്ലം പുറപ്പെടുന്നത് ഇടുപ്പിൽ നിന്നാണെന്ന കാര്യം സംശയലേശമന്യേ വ്യക്തമാണ്. ചിത്രം താഴെ കൊടുക്കുന്നു.
യഥാർത്ഥത്തിൽ സ്വുൽബ് صلب എന്ന പദത്തിന് ചില ഇംഗ്ലീഷ് , മലയാളം പരിഭാഷകളിൽ സംഭവിച്ചിട്ടുള്ള തെറ്റ് മാത്രമാണ് നട്ടെല്ല് എന്ന് പരിഭാഷ. ഭാഷാപരമായി സ്വുൽബിന് നട്ടെല്ല് എന്ന അർത്ഥം കൂടി ഉണ്ടെങ്കിലും Loin എന്ന പരിഭാഷയാണ് ഈ ആയത്തിന്റെ ആശയത്തോട് കൃത്യമായി യോജിച്ചത് എന്ന് കാണാൻ കഴിയും.
ഇത് ചില പരിഭാഷകളുടെ മാത്രം പോരായ്മയാണ് അല്ലാതെ ഒരിക്കലും വിശുദ്ധ ഖുർആൻറെ പോരായ്മയല്ല. ഖുർആൻ പരിഭാഷകളുടെ ലക്ഷ്യം ഖുർആനിൻറെ മൗലികമായ ആശയങ്ങളെ ഏകദേശം കൃത്യമായി പരിഭാഷപ്പെടുത്തുക എന്നുള്ളത് ആണ്. ശാസ്ത്രീയത പഠിപ്പിക്കൽ അല്ലല്ലോ. ഏതൊരു ഭാഷയിലെയും സാഹിത്യകൃതികൾക്ക് 100% കൃത്യമായ ഒരു പരിഭാഷ എന്നത് സാധ്യമല്ല. വിശുദ്ധ ഖുർആനിന് പ്രത്യേകിച്ചും മനോഹരമായ അറബി സാഹിത്യത്തിൻറെ ആശയവും പ്രൗഢിയും ഗാംഭീര്യവും ഒന്നും പരിഭാഷകൾക്ക് കിട്ടില്ലല്ലോ.
ഇനി രണ്ടാമതായി ; സ്ത്രീയുടെ തെറിച്ചു വീഴുന്ന ദ്രാവകം തറാഇബിൽ നിന്ന് പുറപ്പെടുന്നു എന്ന പരാമർശമാണ് പരിശോധിക്കാൻ ഉള്ളത്. تَّرَآئِبِ എന്ന പദം സാധാരണ സംഭാഷണങ്ങളിൽ ഉപയോഗിക്കുന്ന ഒരു പദമല്ല സാഹിത്യപരമായ പദമാണ്. ഈ പദത്തിൻറെ അർത്ഥത്തെ സംബന്ധിച്ച് പലതരം അഭിപ്രായങ്ങൾ പണ്ഡിതന്മാർക്കിടയിൽ കാണാവുന്നതാണ്.
തഫ്സീറുകളിൽ ഈ പദത്തെ കുറിച്ച് ധാരാളം ചർച്ചകൾ ഉണ്ട്. തഫ്സീറുകളിലെ ചർച്ചകളെല്ലാം ഇവിടെ പ്രസ്താവിക്കുകയാണെങ്കിൽ ലേഖനം വളരെ അധികം നീണ്ടു പോകും എന്നുള്ളതുകൊണ്ട് വളരെ ചുരുക്കി മാത്രം വിശദീകരിക്കുന്നു.
وعن سعيد بن جبير الترائب أربعة أضلاع من هذا الجانب الأسفل وعن الضحاك الترائب بين الثديين والرجلين والعينين
താബിഈ പണ്ഡിതനായ സഈദ് ബിൻ ജുബൈർ (റ) പറഞ്ഞത് തറാഇബ് എന്നത് ശരീരത്തിന് ഇരുവശത്തുമുള്ള ഉള്ള ഏറ്റവും താഴെയുള്ള 4 വാരിയെല്ലുകൾക്ക് ഇടയിലുള്ള ഭാഗമാണ് (upper abdomen) എന്നാണ്. ളഹ്ഹാഖ് (റ) പറഞ്ഞത് തറാഇബ് എന്നത് മാറുകൾക്ക് ഇടയിലുള്ള നെഞ്ചകത്തിനും(thorax) കാലുകൾക്കിടയിൽ ഉള്ള ഭാഗത്തിനും(pelvic girdle) കണ്ണുകൾക്ക് ഇടയിലുള്ള ഭാഗത്തിനും (ethmoids) ഒക്കെ ഉപയോഗിക്കുന്ന പദമാണ് എന്നാണ്. തഫ്സീർ ഇബ്നു കസീർ.
ഇനി ഡിക്ഷ്ണറി കൾ നോക്കിയാലും ഇതേ അർത്ഥങ്ങൾ ഒക്കെ അവിടെയും കാണാവുന്നതാണ്. AD 1863 ൽ Edward William Lane പ്രസിദ്ധീകരിച്ച Arabic-English Lexicon ഈ വാക്കിന് ഈ അർത്ഥങ്ങൾ ഒക്കെ കൊടുത്തത് താഴെ സ്ക്രീൻഷോട്ട് കാണാം.
ചുരുക്കി പറഞ്ഞാൽ എല്ലിൻ കൂടുകൾക്കിടയിൽ (skeletal cage) സ്ഥിതിചെയ്യുന്ന ശരീരത്തിലെ പല ഭാഗങ്ങളെ സൂചിപ്പിക്കാൻ تَّرَآئِبِ എന്ന പേര് ഉപയോഗിക്കുന്നുണ്ട്. ശരീരശാസ്ത്രം അഥവാ അനാട്ടമി യുടെ ഭാഷയിൽ rib cage, shoulder girdle, pelvic girdle എന്നിവക്ക് ഒക്കെ ഉപയോഗിക്കാവുന്ന ഒരു സാഹിത്യ പദമാണ് തറാഇബ് എന്നത്.
സ്വുൽബിനെ കുറിച്ച് സൂചിപ്പിച്ച പോലെ ഒട്ടുമിക്ക ഇംഗ്ലീഷ് , മലയാളം പരിഭാഷകളിലും തറാഇബിന് വാരിയെല്ല് അഥവാ rib cage എന്ന അർത്ഥമാണ് നൽകിയിട്ടുള്ളത്. എന്നാൽ pelvic girdle എന്ന അർത്ഥമാണ് ഈ ഖുർആൻ ആയത്തിന് യഥാർത്ഥത്തിൽ യോജിച്ച ശരിയായ അർത്ഥം. 1980 ൽ ഓസ്ട്രിയക്കാരനായ മുഹമ്മദ് അസദ് പ്രസിദ്ധീകരിച്ച the message of Quran എന്ന പരിഭാഷയിൽ കൃത്യമായി ഈ അർത്ഥം കൊടുത്തിരിക്കുന്നത് കാണാവുന്നതാണ്.
Pelvic girdle എന്നാൽ ഇടുപ്പിലെ 2 ഇടുപ്പ് എല്ലുകൾക്ക് ഇടയിലുള്ള ഉള്ള ഭാഗമാണ്. താഴെ ചിത്രം ഇടുന്നുണ്ട്.
"LET MAN, then, observe out of what he has been created:
he has been created out of a seminal fluid
issuing from between the loins [of man] and the pelvic arch [of woman]."
From 'The message of Quran' by Muhammad Asad.
സ്ക്രീൻഷോട്ട് മുകളിൽ കൊടുത്തിട്ടുണ്ട്.
പുരുഷശുക്ലം പോലെ സ്ത്രീക്കും തെറിച്ചു വീഴുന്ന ദ്രാവകം ഉണ്ടോ എന്നതായിരിക്കും ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നത് ! എന്നാൽ അത്ഭുതകരമായ കാര്യം സ്ത്രീക്കും അത്തരത്തിൽ തെറിച്ചുവീഴുന്ന ദ്രാവകം ഉണ്ട് എന്നതാണ്. മുകളിൽ ഇബ്നു അബ്ബാസിന്റെ വിശദീകരണത്തിലും ജലാലൈനി തഫ്സീറിലും ഒക്കെ പ്രസ്താവിച്ച സ്ത്രീയുടെ തെറിച്ചുവീഴുന്ന മഞ്ഞനിറത്തിലുള്ള ദ്രാവകമാണ് mature ovarian follicular fluid.
സ്ത്രീയുടെ അണ്ഡാശയത്തിന് അകത്തുള്ള ഒരു അണ്ഡകോശം ഒരു ആർത്തവചക്രത്തിൽ ഒരു പ്രാവശ്യം അടിവയറിനകത്ത് സ്‌ഖലിക്കപ്പെടുന്ന പ്രതിഭാസമാണ് ആണ് ഓവുലേഷൻ അഥവാ അണ്ഡസ്ഖലനം. സാധാരണഗതിയിൽ ഒരു മാസം എടുക്കുന്ന ആർത്തവചക്രത്തിന്റെ (menstrual cycle) മധ്യത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന സംഗതിയാണിത്. അണ്ഡാശയത്തിലെ പാകമായ ഓവേറിയൻ ഫോളിക്കിൾ (mature ovarian follicle) അണ്ഡാശയത്തിന് പുറത്തേക്ക് പൊട്ടുകയും അതിനകത്തുള്ള ദ്രാവകം പുറത്തു വരികയും ആണ് ചെയ്യുന്നത്. Follicular fluid എന്നാണ് ഈ ദ്രാവകം അറിയപ്പെടുന്നത്. മഞ്ഞനിറത്തിൽ ആണ് ഈ ദ്രാവകം ഉള്ളത്. പാകമായ ഓവേറിയൻ ഫോളിക്കിളിന് ഏകദേശം 23 മില്ലിമീറ്റർ വലിപ്പമുണ്ട്. 5ml ഇൽ കൂടുതൽ മഞ്ഞ നിറത്തിലുള്ള ദ്രാവകം ഇതിൽ ഉണ്ടാവും. ഇതിൽ ഒരു അണ്ഡകോശം ഉണ്ടായിരിക്കും. അണ്ഡകോശത്തിൻറെ വ്യാസം ഏകദേശം100 മൈക്രോ മീറ്റർ ആണ്. ഒരു തലമുടിയുടെ കനം എന്നുപറയാം. ഓവുലേഷൻ സമയത്ത് സ്ഖലിക്കപ്പെടുന്ന ഫോളിക്കുലർ ഫ്ലൂയിഡ് എന്ന 5 ml മഞ്ഞ ദ്രാവകത്തിൽ ഉള്ള ഈ കുഞ്ഞു അണ്ഡത്തെ ഫലോപ്പിയൻ ട്യൂബ് എന്ന അണ്ഡവാഹിനിക്കുഴൽ സ്വീകരിച്ചു ഗർഭാശയത്തിലേക്ക് നയിക്കുന്നു.
തലച്ചോറിന് അകത്തെ പിറ്റ്യൂട്ടറി ഗ്രന്ഥി പുറപ്പെടുവിക്കുന്ന Luteinizing hormone എന്ന ഹോർമോണാണ് ഓവുലേഷന് കാരണമാകുന്നത്. ആർത്തവ ചക്രത്തിന്റെ മധ്യത്തിൽ പിറ്റ്യൂട്ടറി ഗ്രന്ഥി ഈ ഹോർമോൺ വലിയ അളവിൽ പുറപ്പെടുവിക്കുന്നതിന്റെ (leutinizing hormone surge) ഫലമായാണ് ഓവേറിയൻ ഫോളിക്കിൾ പൊട്ടി അണ്ഡ സ്ഖലനം സംഭവിക്കുന്നത്. മഞ്ഞ എന്നർത്ഥം വരുന്ന luteus എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് Luteinizing hormone എന്ന പേരുണ്ടായത്. ഓവുലേഷൻ നടന്നതിനു ശേഷം ഉള്ള ഓവേറിയൻ ഫോളിക്കിൾ
Corpus luteum (Latin word for 'yellow body') എന്നാണറിയപ്പെടുന്നത്.
ഈ കാര്യങ്ങളെല്ലാം നടക്കുന്നത് സ്ത്രീശരീരത്തിനു അകത്താണ്. കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് ഈ കാര്യങ്ങളെക്കുറിച്ചു ശാസ്ത്രത്തിന് അറിവ് ലഭിക്കുന്നത്. 1400 വർഷങ്ങൾക്കു മുമ്പ് ഇത്തരം കാര്യങ്ങളെക്കുറിച്ച് ആർക്കും അറിവുണ്ടായിരുന്നില്ല എന്നുള്ളതിൽ സംശയമില്ലല്ലോ. കുഞ്ഞുണ്ടാകുന്നതിൽ പങ്കു വയ്ക്കുന്ന സ്ത്രീയുടെ തെറിച്ചുവീഴുന്ന ഈ മഞ്ഞ നിറത്തിലുള്ള ദ്രാവകത്തെ പറ്റിയുള്ള പരാമർശം ഹദീസുകളിലും വ്യക്തമായി കാണാം
إِسْحَاقُ بْنُ إِبْرَاهِيمَ، قَالَ أَنْبَأَنَا عَبْدَةُ، قَالَ حَدَّثَنَا سَعِيدٌ، عَنْ قَتَادَةَ، عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " مَاءُ الرَّجُلِ غَلِيظٌ أَبْيَضُ وَمَاءُ الْمَرْأَةِ رَقِيقٌ أَصْفَرُ فَأَيُّهُمَا سَبَقَ كَانَ الشَّبَهُ " .
പ്രവാചകൻ (സ) അരുൾ ചെയ്തു: പുരുഷൻറെ ദ്രാവകം കട്ടിയുള്ളതും വെളുത്തതും ആണ് . സ്ത്രീയുടെ ദ്രാവകം കട്ടി ഇല്ലാത്തതു മഞ്ഞയും ആണ് . ഇതിൽ ഏത് അതിജയിക്കുന്നുവോ ജനിക്കുന്ന സന്താനം അവരോട് സാദൃശ്യമുള്ളത് ആയിരിക്കും.
Grade: Sahih (Darussalam)
Sunan an-Nasa'i
Vol. 1, Book 1, Hadith 200
വിശുദ്ധഖുർആൻ ആയത്തിൽ പ്രതിപാദിച്ച സ്ത്രീയുടെ തറാഇബിൽ നിന്ന് ഉത്ഭവിക്കുന്ന തെറിച്ചുവീഴുന്ന, സന്താന ഉൽപ്പാദനത്തിൽ പങ്കുവഹിക്കുന്ന മഞ്ഞ ദ്രാവകം എന്നത് ഓവുലേഷൻ സമയത്ത് ഓവേറിയൻ ഫോളിക്കിൾ പൊട്ടി അണ്ഡ സ്ഖലനം സംഭവിക്കുന്ന കാര്യമാണ് എന്ന് വ്യക്തം. സ്ത്രീയുടെ അണ്ഡാശയം സ്ഥിതിചെയ്യുന്നത് ഗർഭാശയത്തിന് ഇരുവശത്തുമായി pelvic girdle ന് അകത്താണ്. വിശുദ്ധ ഖുർആൻ ആശയത്തോട് ഏറ്റവും യോജിച്ച പരിഭാഷ തറാഇബ് എന്നാൽ pelvic girdle എന്നത് തന്നെയാണ്. 40 വർഷങ്ങൾക്കുമുമ്പ് 1980 ൽ മുഹമ്മദ് അസദ് പ്രസിദ്ധീകരിച്ച ഖുർആൻ പരിഭാഷയാണ് ഈ ആയത്തിനെ കൃത്യമായി പരിഭാഷപ്പെടുത്തിയത് എന്നു പറയാം. മിക്ക പരിഭാഷകളിലും കൊടുത്തിട്ടുളള വാരിയെല്ല് rib എന്നുള്ള പരിഭാഷയെക്കാൻ കൃത്യമായ പരിഭാഷ pelvic girdle എന്നതാണ്.
നേരത്തെ പറഞ്ഞ പോലെ ഇത് ചില പരിഭാഷകളുടെ മാത്രം പോരായ്മയാണ് അല്ലാതെ ഒരിക്കലും വിശുദ്ധ ഖുർആൻറെ പോരായ്മയല്ല. ഖുർആൻ പരിഭാഷകളുടെ ലക്ഷ്യം ഖുർആനിൻറെ മൗലികമായ ആശയങ്ങളെ ഏകദേശം കൃത്യമായി പരിഭാഷപ്പെടുത്തുക എന്നുള്ളത് ആണ്. ശാസ്ത്രീയത പഠിപ്പിക്കൽ അല്ലല്ലോ. ഏതൊരു ഭാഷയിലെയും സാഹിത്യകൃതികൾക്ക് 100% കൃത്യമായ ഒരു പരിഭാഷ എന്നത് സാധ്യമല്ല. വിശുദ്ധ ഖുർആനിന് പ്രത്യേകിച്ചും: മനോഹരമായ അറബി സാഹിത്യത്തിൻറെ ആശയവും പ്രൗഢിയും ഗാംഭീര്യവും ഒന്നും പരിഭാഷകൾക്ക് കിട്ടില്ലല്ലോ.
നമ്മൾ ഇവിടെ ദീർഘമായി ചർച്ച ചെയ്ത സൂറത്തു താരിഖിലെ 5-7 ആയത്തുകളുടെ കൂടുതൽ കൃത്യമായ ശാസ്ത്രീയമായ പരിഭാഷ ഇങ്ങനെയാണ്.
فَلْيَنظُرِ ٱلْإِنسَٰنُ مِمَّ خُلِقَ
"എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന്.
خُلِقَ مِن مَّآءٍۢ دَافِق
തെറിച്ചു വീഴുന്ന ദ്രാവകത്തില്‍ നിന്നത്രെ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
(പുരുഷനിൽ നിന്നും സ്ത്രീയിൽ നിന്നും ദ്രാവകങ്ങൾ ഗർഭാശയത്തിനുള്ളിലേക്ക് തെറിച്ചു വീഴുന്നു )
يَخْرُجُ مِنۢ بَيْنِ ٱلصُّلْبِ وَٱلتَّرَآئِبِ
പുരുഷൻറെ ഇടുപ്പിൽ നിന്നും സ്ത്രീയുടെ pelvis ൽ നിന്നും ആണ് ( തെറിച്ചു വീഴുന്ന ) ദ്രാവകങ്ങൾ പുറപ്പെടുന്നത്.
2008 ൽ ബെൽജിയത്തിൽ ഗർഭാശയം നീക്കം ചെയ്യാനുള്ള എൻഡോസ്കോപ്പി സർജറി ചെയ്യുന്നതിനിടയിൽ തികച്ചും ആകസ്മികമായി അണ്ഡാശയത്തിൽ നിന്ന് ഓവുലേഷൻ നടക്കുന്നത് ലോകത്ത് ആദ്യമായി ലൈവായി നേരിട്ട് കാണാൻ ഇടയായി. അതിൻറെ ചിത്രം താഴെക്കൊടുക്കുന്നു. ഓവേറിയൻ ഫോളിക്കിൾ പൊട്ടി മഞ്ഞ നിറത്തിലുള്ള ദ്രാവകം പുറത്തുവരുന്നത് ഇതിൽ വ്യക്തമായി കാണാവുന്നതാണ്.
അവലംബം : ബിബിസി ന്യൂസ് റിപ്പോർട്ട് .
സ്ത്രീയുടെ ശരീരത്തിൽ നടക്കുന്ന ഓവുലേഷൻ എന്ന പ്രക്രിയയുടെ ഒരു എജുക്കേഷനൽ വീഡിയോ ലിങ്ക് ഇവിടെ കൊടുക്കുന്നു.
സ്ത്രീയുടെ ശരീരത്തിൽ തറാഇബിൽ അഥവാ pelvic girdle ൽ സ്ഥിതിചെയ്യുന്ന അണ്ഡാശയം ഓവുലേഷൻ സമയത്ത് അണ്ഡവിസർജനം നടത്തുന്ന പ്രക്രിയ മനോഹരമായി വീഡിയോയിൽ ആവിഷ്കരിച്ചിരിക്കുന്നു. ഖുർആൻ പ്രസ്താവിച്ച സ്ത്രീയുടെ തെറിച്ചുവീഴുന്ന മഞ്ഞനിറത്തിലുള്ള ദ്രാവകത്തെ പറ്റി കൃത്യമായ ഒരു അവബോധം ഉണ്ടാക്കാൻ വീഡിയോ സഹായിക്കുമെന്ന് കരുതുന്നു.
സുബ്ഹാനല്ലാഹ്! അല്ലാഹു എത്ര പരിശുദ്ധൻ . വളരെ കൃത്യമായ സയൻറിഫിക് ആയ പ്രസ്താവനകൾ തന്നെയാണ് ഖുർആനിൽ ഉള്ളത് എന്ന് വീണ്ടും വീണ്ടും വ്യക്തമാക്കുന്നതാണ് ഇത്തരം ആയത്തുകൾ. ഇസ്ലാം വിമർശകർ വികലമാക്കി അവതരിപ്പിച്ചതുകൊണ്ടാണ് ഇതെല്ലാം ഡീറ്റെയിൽ ആയി തന്നെ പരിശോധിക്കുവാൻ തുനിഞ്ഞത്. ഖുർആൻ കൂടുതൽ കൂടുതൽ അടുത്തറിയുമ്പോൾ അത്ഭുതങ്ങളുടെ പുതിയ പുതിയ വാതായനങ്ങൾ നമുക്ക് മുന്നിൽ തുറക്കപ്പെടുന്നു. ഖുർആൻ വചനങ്ങളുടെ ശാസ്ത്രീയമായ കൃത്യത വളരെ വളരെ മികവോടെ നമുക്ക് മുന്നിൽ അനാവൃതമാകുന്നു. ആധുനികമായ വ്യാഖ്യാനങ്ങൾക്ക് പിറകേ പോവാതെ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ യിൽ നിന്നും മതം നേരിട്ട് പഠിച്ച സഹാബികളുടെ വ്യാഖ്യാനങ്ങൾക്ക് ആണ് നാം ഊന്നൽ കൊടുക്കേണ്ടത് എന്ന വസ്തുതയും കൂടി കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ് ഇത്തരം വിമർശനങ്ങൾ. സഹാബികളും താബിഉകളും പഠിപ്പിച്ച ഖുർആൻ വ്യാഖ്യാനങ്ങൾ നമുക്ക് മുന്നിലുണ്ട്. പഴയകാല ഇമാമുമാർ പഠിപ്പിച്ച ഖുർആൻ വ്യാഖ്യാനങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിലെല്ലാം വളരെ വ്യക്തമായി ഇക്കാര്യം കൈകാര്യം ചെയ്തിട്ടുമുണ്ട് എന്ന് മുകളിൽ കൃത്യമായി പ്രസ്താവിച്ചു കഴിഞ്ഞു.
ശാസ്ത്രീയമായ അറിവുകൾ വളരെ പരിമിതമായിരുന്ന അക്കാലത്ത് പല ആയത്തുകളുടെയും ശാസ്ത്രീയമായ ഉദ്ദേശ്യങ്ങൾ അവർക്ക് ബോധ്യം ആയിരുന്നില്ലായിരിക്കാം. പക്ഷേ പക്ഷേ അവയെല്ലാം എത്രമാത്രം ശാസ്ത്രീയമായി ആയി കൃത്യമായി ആയിരുന്നു എന്ന് നമുക്ക് ശാസ്ത്രം വികസിച്ച ഇന്നത്തെ കാലത്ത് ബോധ്യപ്പെടുന്നു. ശാസ്ത്രീയമായ അറിവുകൾ കൂടുന്നതിനനുസരിച്ച് ഖുർആൻറെ ദൈവികത കൂടുതൽ കൂടുതൽ വ്യക്തമാകുന്നു. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് അവതരിക്കപ്പെട്ട ഒരു ഗ്രന്ഥം ഇന്നും അതേ രൂപത്തിൽ യാതൊരു തിരുത്തലുകളും ഇല്ലാതെ അതിശക്തമായി ആയി കാലത്തെ അതിജീവിച്ചു നിലകൊള്ളുന്നു എന്നത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ആണ്.
يُرِيدُونَ لِيُطْفِـُٔوا۟ نُورَ ٱللَّهِ بِأَفْوَٰهِهِمْ وَٱللَّهُ مُتِمُّ نُورِهِۦ وَلَوْ كَرِهَ ٱلْكَٰفِرُونَ
അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.
(Surat:61, Verse:8)
هُوَ ٱلَّذِىٓ أَرْسَلَ رَسُولَهُۥ بِٱلْهُدَىٰ وَدِينِ ٱلْحَقِّ لِيُظْهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوْ كَرِهَ ٱلْمُشْرِكُونَ
സന്‍മാര്‍ഗവും സത്യമതവും കൊണ്ട് -എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി-തന്‍റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് അത് അനിഷ്ടകരമായാലും ശരി.
(Surat:61, Verse:9).
What's Your Reaction?






