പ്രവാചകത്വത്തിന്റെ തെളിവുകൾ-ഭാഗം രണ്ട് 

Dec 28, 2024 - 20:08
പ്രവാചകത്വത്തിന്റെ തെളിവുകൾ-ഭാഗം രണ്ട് 

പ്രവാചകത്വത്തിന്റെ തെളിവുകൾ-ഭാഗം രണ്ട് 

മുഹമ്മദ് നബി പ്രവാചകനായിരുന്നുവെന്നും, ആ പ്രവാചകൻ പറഞ്ഞതെല്ലാം സത്യമായിരുന്നു എന്നുമുള്ളതിനുമുള്ള ഏറ്റവും വലിയ തെളിവാണ് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന, അദ്ദേഹത്തിന്റെ അനുയായികളായിരുന്ന സ്വഹാബാക്കൾ. വളരെ സത്യസന്ധരും, അങ്ങേയറ്റം ആത്മാർത്ഥതയുള്ളവരും, പ്രവാചകന് വേണ്ടി എന്തും ചെയ്യാൻ സന്നദ്ധരായിരുന്ന സ്വഹാബാക്കൾ! പ്രവാചകനെ പൂർണമായും വിശ്വസിച്ചിരുന്ന ഒരു വലിയൊരു സംഘം, പ്രവാചകന്റെ പ്രബോധന പ്രവർത്തനങ്ങളുടെ ഫലമായി അദ്ദേഹത്തിന് ലഭിച്ചു. ഒരു കൂട്ടം ജനതയെ ഒപ്പം കൂട്ടി ഒരു സന്ദേശം പ്രചരിപ്പിക്കുകയായിരുന്നില്ല പ്രവാചകൻ. മറിച്ച് ഒറ്റയാൾ പോരാട്ടം തുടങ്ങി, ആ പോരാട്ടത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ടു കൊണ്ട് പ്രവാചകന്റെ ഒപ്പം കൂടുകയായിരുന്നു സ്വഹാബാക്കൾ. പ്രവാചകൻ ജീവിച്ചിരുന്ന സ്ഥലത്തെ സംബന്ധിച്ച് നോക്കുമ്പോൾ, ഇത് വലിയൊരു അത്ഭുതമാണ്. സ്വഹാബാക്കളുടെ സത്യസന്ധത എത്രത്തോളമാണെന്ന് തിരിച്ചറിയണമെങ്കിൽ ഉഹ്ദ് യുദ്ധത്തിന്റെ ഒരു ചെറിയ താളിലേക്ക് എത്തിനോക്കിയാൽ മതിയാകും. പ്രവാചകന് നേരെ വന്ന അമ്പും വില്ലുംമെല്ലാം ആ മഹാമനീഷിയുടെ ശരീരത്ത് സ്പർശിക്കാതിരിക്കാൻ സ്വന്തം നെഞ്ച് കാട്ടി മരണമേറ്റുവാങ്ങിയ സ്വഹാബാക്കൾ വരെയുണ്ട്. പ്രവാചകന് കവചമായി നിലകൊണ്ട അനുയായികൾ! സുരക്ഷിത വലയത്തിൽ നിന്നുകൊണ്ടുള്ള പ്രവർത്തനമായിരുന്നില്ല അവരുടേത്. പ്രവാചകന്റെ അനുയായിയായിരിക്കുക എന്നത് തന്നെ മക്കയിലെ സാമൂഹിക സ്ഥിതി സംബന്ധിച്ച്, അത്രമേൽ പ്രതികൂലമായിരുന്നു. പ്രബോധനം തുടങ്ങി, ഒരു പതിറ്റാണ്ടിനു ശേഷം മദീനയിലേക്ക് ഹിജ്റ പോയതിൽ പിന്നെയാണ്, അക്രമണത്തിന്റെ പരമ്പരയ്ക്ക് അല്പം ശമനം വന്നത്. അതിനു മുൻപുള്ള പീഡനങ്ങൾ കഠിനതയുടെ കൊടിയ കഠോരങ്ങളിലൂടെയായിരുന്നു. മദീന കാലഘട്ടത്തിലാണെങ്കിൽ യുദ്ധങ്ങളായിരുന്നു കൂടുതൽ. പ്രമാണിയായിരുന്ന അബൂബക്കർ(റ) പോലും പീഡനങ്ങളിൽ നിന്ന് മുക്തനായിരുന്നില്ലായെങ്കിൽ, താഴെത്തട്ടിളുള്ള ജനങ്ങളുടെ കാര്യം ചിന്തിക്കാൻ പോലും കഴിയാത്തതായിരിക്കുമെന്ന് ഏതു മനുഷ്യനും പറയാൻ സാധിക്കും . ഇസ്‌ലാമിന്റെ ആദ്യത്തെ രക്തസാക്ഷികളായ യാസർ (റ) വും, അദ്ദേഹത്തിന്റെ ഭാര്യയായ സുമയ്യ (റ) യും വളരെ പ്രയാസപ്പെട്ടുകൊണ്ടാണ് ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞത്. അടിമ ദമ്പതികളായിരുന്നു അവർ. ചുട്ടുപഴുത്ത മണലിൽ കിടന്ന് പൊള്ളിയ മേലങ്കി ധരിപ്പിച്ചും, കമ്പി കൊണ്ട് യോനിയെ കുത്തിത്തുരന്നുമാണ് യാസിർ (റ) നേയും, സുമയ്യ (റ) യേയും യജന്മമാർ വധിച്ചത്. പിന്നീട് ഒരാളും ഇസ്‌ലാം സ്വീകരിക്കാതിരിക്കാൻ വേണ്ടിയാണ് അവർ ഇത്തരം പൈശാചിക പ്രവർത്തനങ്ങൾ നടത്തിയത്. എന്നിട്ടും അടിമകളും, ഉടമകളുമടക്കം ഇസ്‌ലാം ആശ്ലേഷിച്ചു. മുഹമ്മദ് നബിയുടെ അനുയായികളായി ലക്ഷോപലക്ഷം ജനങ്ങൾ ഇസ്‌ലാമിലേക്ക് പ്രവേശിച്ചു. അതിക്രൂരമായിട്ടാണ് ഉമയ്യത്ത് ഇബ്നു ഖലഫ് എന്ന യജമാനൻ അടിമയായ ബിലാൽ (റ) നെ പീഡനങ്ങൾക്ക് വിധേയനാക്കിയത്. ജീവച്ഛവമായ അവസ്ഥയിലാണ് അബൂബക്കർ (റ) ബിലാൽ (റ) നെ വാങ്ങി കൊണ്ട് പോകുന്നത്. അത്രയധികം വില കൊടുത്തുകൊണ്ട് അബൂബക്കർ (റ), ബിലാൽ (റ) വിനെ വാങ്ങിയപ്പോൾ ഉമയ്യത്ത് പരിഹാസ ചിരിയോടെ അദ്ദേഹത്തിന് മേൽ അധിക്ഷേപവാക്കുകൾ ചൊരിഞ്ഞു.  ഇസ്‌ലാം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ 'അഹദ് അഹദ്' എന്ന് ദയനീയ സ്വരത്തിൽ ഉറച്ച മനസ്സോടെ ബിലാൽ മൊഴിഞ്ഞു കൊണ്ടേയിരുന്നു. അടിമകൾ പോലും അത്രമേൽ ധൈര്യത്തോടെ ഇസ്‌ലാമിൽ ഉറച്ചു വിശ്വസിച്ചു, പ്രവാചകനെ സ്നേഹിച്ചു. എന്തിനാണ് അവർ ഇത്രത്തോളം പ്രതികൂലതയുടെ കഠിന പ്രതലങ്ങൾ താണ്ടിയത്?  


മറ്റു ഖുറൈശി പ്രമുഖരെ പോലെ ഒരുപാട് ആൾബലവും, ശക്തമായ സൈന്യങ്ങളും, സാമ്പത്തിക സ്ഥിതിയുമുള്ള ഒരാളായിരുന്നില്ല മുഹമ്മദ്. 40 വയസ്സ് വരെ ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നു മുഹമ്മദ്. പിന്നെയെങ്ങനെയാണ് അദ്ദേഹത്തിന് ഇത്രത്തോളം അനുയായികളുണ്ടായത്? ബനൂ ഇസ്രായേല്യർക്ക് തങ്ങളിൽ നിന്ന് ഒരു പ്രവാചകൻ വരുമെന്ന് ഉറപ്പുണ്ടായിരുന്നു. മൂസാ നബി (അ) വന്നപ്പോഴും, ഈസാനബി (അ) വന്നപ്പോഴുമൊക്കെ അവർക്ക് ആ പ്രവാചകന്റെ ആഗമനത്തെക്കുറിച്ച് അറിയാമായിരുന്നു. പ്രവാചകൻ മുഹമ്മദ് നബി തങ്ങളുടെ ജനതയിൽ നിന്നല്ല വന്നത് എന്നതായിരുന്നു യഹൂദരുടെ പ്രശ്നം. അതുപോലൊരു സമൂഹമായിരുന്നില്ല മക്കൻ ജനത. അവർക്ക് പ്രവാചകൻമാർ വന്നിട്ട് നൂറ്റാണ്ടുകളായിരുന്നു. ഇബ്രാഹീം നബി (അ) യുടെ മകൻ ഇസ്മാഈൽ നബി (അ) മായിരുന്നു അവരുടെ അവസാന പ്രവാചകൻ. അതിനുശേഷം അവർക്ക് പ്രവാചകൻമാർ വന്നിട്ടില്ല. വേദങ്ങളിൽ നിന്ന് ആ സമൂഹം ഒരുപാട് അകലെ പോയിരുന്നു.

 സൂറത്തുൽ യാസീനിൽ അല്ലാഹു പറയുന്നു
 لِتُنذِرَ قَوْمًا مَّا أُنذِرَ آبَاؤُهُمْ فَهُمْ غَافِلُونَ
ഒരു ജനതക്ക് നീ താക്കീത് നൽകുവാൻ വേണ്ടി. അവരുടെ പിതാക്കന്മാർക്ക് താക്കീത് നല്കപ്പെട്ടിട്ടില്ല. അതിനാൽ അവർ അശ്രദ്ധയിൽ കഴിയുന്നവരാകുന്നു. 

 മക്കൻ ജനതയ്ക്ക് പരിചിതമല്ലാത്ത ഒരു ആശയത്തെയായിരുന്നു അവർ പിന്തുടരേണ്ടിയിരുന്നത്.  ഇസ്രായേല്ല്യരിലേക്ക് ഈസാ നബി(അ) കടന്ന് വരുമ്പോൾ  ഭൂരിഭാഗം ജനങ്ങളും ഏകദൈവ വിശ്വാസികളായിരുന്നു. അതിൽ നിന്ന് വിഭിന്നമായി കൊണ്ട് മക്കയിൽ അധികവും ബഹുദൈവ വിശ്വാസികളായിരുന്നു. അവരുടെ മതസംവിധാനം തന്നെ മാറണം, ഹജ്ജ് പോലുള്ള വളരെ ചുരുങ്ങിയ കർമ്മങ്ങൾ മാത്രമേ പടച്ചവൻ ഇറക്കപ്പെട്ട അതേ നിലയിൽ അവിടെ നിലനിൽക്കുന്നുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ശിഥിലമായി. ബഹുദൈവ ആരാധനയിൽ നിന്ന് അവർ ഏകദൈവാരാധനയിലേക്ക് കടക്കണം. മറ്റ് സമുദായങ്ങളിൽ നിന്ന് വ്യത്യസ്തമായി, മക്കക്കാർക്ക് നിസ്കാരമെന്ന ആരാധനാകർമം തന്നെ പരിചയമല്ല. മറ്റു സമുദായങ്ങൾക്ക് ലഭിച്ചതുപോലെ നോമ്പുമില്ല. ഇങ്ങനെ പ്രവാചകന്മാർ ഇറങ്ങുമ്പോൾ സാധാരണയായി ഒരു സമുദായത്തിനുണ്ടാകുന്ന സവിശേഷതകളൊന്നും തന്നെ മക്കക്കാർക്കില്ല. ഈ നടമാടുന്ന വിശ്വാസങ്ങളെ തച്ചുടച്ചുകൊണ്ട് ഒന്നുമില്ലായ്മയിൽ നിന്നാണ് പുതിയ സംവിധാനങ്ങൾ മുഹമ്മദ് നബി (സ്വ) ക്ക് പടുത്തുയർത്തേണ്ടിയിരുന്നത്. ഈ നവോത്ഥാന പ്രവർത്തനങ്ങൾക്ക് വലിയ വില കൊടുക്കേണ്ടി വരും. അക്രമങ്ങൾ നേരിടും, കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെടും. കാരണം അന്ധമായ പാരമ്പര്യത്തെ പവിത്രമെന്നോണം കരുതി പോന്നിരുന്നവരാണ് ഖുറൈശികൾ. ജീവിത ചിട്ടകൾ തന്നെ മാറ്റേണ്ടിവരും. നിസ്കാരവും നോമ്പും തുടങ്ങേണ്ടി വരും, വ്യഭിചാരവും മദ്യവും പോലെയുള്ള അവരുടെ ആനന്ദത്തിന്റെ വൈകൃതങ്ങൾ ഒഴിവാക്കേണ്ടി വരും. ഇതൊക്കെ മാറ്റിമറിച്ചുകൊണ്ടും ചിട്ടപ്പെടുത്തി കൊണ്ടും അനുവർത്തിച്ചു കൊണ്ടും വേണം പ്രവാചകന്റെ അനുയായി മാറാൻ. അത്രത്തോളം അപകടങ്ങളിൽ കൂടി ആടിയുലഞ്ഞു വേണം അനുയായികളാകേണ്ടത്. മദീനയിലെത്തിയപ്പോൾ സ്വന്തം കുടുംബക്കാരാണ് ഇവരുടെ ശത്രുപക്ഷത്ത് വന്നത്. സ്വന്തം ചോരയോടും, പരമ്പരകളൊടും വേണം അവർക്ക് യുദ്ധം ചെയ്യാൻ. ഇങ്ങനെ പ്രയാസങ്ങൾക്കു മേൽ പ്രയാസങ്ങൾ സഹിച്ചുകൊണ്ട് എന്തിന് ഇവർ മുഹമ്മദിന്റെ അനുയായികളായി നിലനിൽക്കണം?

മദീനയിൽ രണ്ട് വിഭാഗങ്ങൾ ഉണ്ടായിരുന്നു. മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ ചെയ്തുവന്ന മുഹാജിറുകളും, മദീന നിവാസികളായ അൻസാറുകളും. മക്കയിലെ അത്ര വലിയ സമ്പന്നരും ഗോത്ര പ്രമാണിമാരും, വ്യാപാരി വ്യവസായികളുമായിരുന്നു മുഹാജിറുകളിൽ പലരും. ഇതൊക്കെ ഒഴിവാക്കി ഒറ്റ ലക്ഷ്യത്തോടെ അവരെല്ലാം ഒന്നടങ്കം മദീനയിലേക്ക് പലായനം ചെയ്തത് എന്തിനുവേണ്ടിയാണ്? ഒറ്റ ഉത്തരം പ്രവാചകന്റെ അനുയായികളാകാൻ വേണ്ടി മാത്രം. അന്യ നാട്ടുകാരനായ മുഹമ്മദിന് വേണ്ടി തങ്ങളുടെ മതസംവിധാനങ്ങളും ജീവിത ചിട്ടകളും കാര്യകാരണ വ്യവസ്ഥിതികളുമെല്ലാം അൻസാറുകൾ മാറ്റിമറിച്ച് വലിയൊരു ജനക്കൂട്ടത്തെ,  മറ്റൊരു ദേശത്തെ തന്നെ,സ്വന്തം നാട്ടിലേക്ക് സ്വീകരിച്ചത് എന്തിനുവേണ്ടിയാണ്?.

മദീനയിലെ ബദ്ധവൈരികളായിരുന്ന രണ്ട് ഗോത്രങ്ങളാണ് ഔസും ഖസ്രജും. പലതരത്തിലുള്ള അനുനയ പ്രവർത്തനങ്ങൾക്കും പാത്രമാകാതെ അനന്യ വൈരികളായി തുടരുമെന്ന് കരുതിയ ഗോത്രങ്ങൾ മുഹമ്മദ് നബിയുടെ ഇടപെടൽ കൊണ്ട് അനുരഞ്ജനത്തിലെത്തി. ആയിരക്കണക്കിനാളുകൾക്ക് മദീനക്കാർ സ്ഥലവും സമ്പത്തും നൽകി. എങ്ങനെയാണ് ഈ പങ്കുവെക്കലിന്റെ പാഠങ്ങൾ അവർക്ക് പകർന്നു കിട്ടിയത്? വിശ്വസിക്കാതിരിക്കാനുള്ള  കാരണങ്ങളും, സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥിതികളുണ്ടായിരുന്നിട്ടും അവർ വിശ്വസിച്ച് കൊണ്ട് മുഹമ്മദ് നബിയുടെ ഒപ്പം ചേർന്നു. ഇതിനൊക്കെ അർത്ഥമെന്താണ്?
 അവർക്ക് മുഹമ്മദിന്റെ പ്രവാചകത്വത്തെ അത്രമേൽ ഉറപ്പായിരുന്നു. ഇദ്ദേഹം അല്ലാഹുവിന്റെ ദൂതൻ തന്നെയാണെന്ന് അവർക്ക് വിശ്വസിക്കാൻ അദ്ദേഹത്തിന്റെ ജീവിതം തന്നെ ധാരാളമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow