പ്രവാചകത്വത്തിന്റെ തെളിവുകൾ - ഭാഗം ഒന്ന് 

Dec 28, 2024 - 20:05
പ്രവാചകത്വത്തിന്റെ തെളിവുകൾ - ഭാഗം ഒന്ന് 

പ്രവാചകത്വത്തിന്റെ തെളിവുകൾ - ഭാഗം ഒന്ന് 

ഇസ്‌ലാം ശരിയാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നവർ, പ്രധാനമായും രണ്ട് കാര്യങ്ങളാണ് തെളിയിക്കേണ്ടത്.  ശഹാദത്ത് കലിമയുടെ തന്നെ രണ്ട് ഭാഗങ്ങൾ! ഒന്ന് അല്ലാഹു ഉണ്ടെന്നും, അവൻ മാത്രമാണ് ആരാധനയ്ക്ക് അർഹനെന്നുമാണ്. രണ്ട് പ്രവാചകൻ മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും തെളിയിക്കണം. 

 ദൈവമുണ്ടെന്ന പൊതുസത്യത്തിൽ ഭൂരിഭാഗം ആളുകൾക്കും, സംശയമുണ്ടാകില്ല. ഫിലോസഫിയിൽ ദൈവം എന്നത് സെൽഫ് എവിടഡന്റ് ട്രൂത്തായി (സ്വയം സ്ഥാപിത സത്യം) പരിഗണിക്കുന്നു. ഇതിനോടനുബന്ധിച്ചുള്ള പലതരം ഫിലോസഫികളെക്കുറിച്ചുള്ള എഴുത്തുകൾ ഈ വെബ്സിനിൽ തന്നെ പരിശോധിച്ചാൽ കാണാവുന്നതാണ്. ഈ എഴുത്തിൽ പ്രധാനമായും ഉദ്ദേശിക്കുന്നത് ഷഹാദത്തിന്റെ രണ്ടാമത്തെ ശാഖയായ പ്രവാചകത്വത്തിന്റെ തെളിവുകളാണ്. അല്ലാഹു ഉണ്ടെന്നും അവൻ മാത്രമാണ് ആരാധനയ്ക്ക് അർഹനെന്നും, പ്രവാചകൻ മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള രണ്ട് ആത്യന്തിക സത്യങ്ങളെ തെളിയിച്ചാൽ, ഇസ്‌ലാമിലെ ബാക്കിയെല്ലാ കാര്യങ്ങളും തെളിയിക്കപ്പെട്ടു എന്ന് വേണം കണക്കാക്കാൻ. കാരണം മറ്റെല്ലാ കാര്യങ്ങളും, ഈ വിശ്വാസങ്ങളെ സംബന്ധിച്ച്  ഇതിന് താഴെ വരുന്നതാണ്.


 പ്രവാചകത്വത്തിന്റെ ആദ്യത്തെ തെളിവായി പറയുന്നത് വിശുദ്ധ ഖുർആനിലെ പ്രവാചകന്റെ സംരക്ഷണത്തെ സംബന്ധിച്ച രണ്ട് ആയത്തുകളാണ്. ആദ്യമായി ഇവിടെ പരാമർശിക്കുന്നത് സൂറത്തുൽ മാഇദയിലെ 67-മത്തെ ആയത്താണ്. 

يَـٰٓأَيُّهَا ٱلرَّسُولُ بَلِّغْ مَآ أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُۥ ۗ وَٱللَّهُ يَعْصِمُكَ مِنَ ٱلنَّاسِ ۗ إِنَّ ٱللَّهَ لَا 
يَهْدِى ٱلْقَوْمَ ٱلْكَـٰفِرِينَ
റസൂലേ! നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ (ജനങ്ങൾക്ക് ) എത്തിച്ചു കൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവന്റെ ദൗത്യം  നിറവേറ്റിയിട്ടില്ല. മനുഷ്യരിൽ നിന്ന് അല്ലാഹു നിങ്ങളെ തീർച്ചയായും സംരക്ഷിക്കുന്നതാണ്. 


 രണ്ടാമതായി വിശുദ്ധ ഖുർആനിലെ സൂറത്തിത്തുൽ ഇസ്രാഇലെ അറുപതാമത്തെ ആയത്ത്

 وَإِذْ قُلْنَا لَكَ إِنَّ رَبَّكَ أَحَاطَ بِالنَّاسِ
തീർച്ചയായും നിന്റെ രക്ഷിതാവ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു.

 പടച്ചവന്റെ വലയം ഭേദിച്ചുകൊണ്ട് പ്രവാചകനെ ജനങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നാണ് ഈ ആയത്തിന് വ്യാഖ്യാനമായി കാണാൻ കഴിയുന്നത്.
 പ്രവാചകത്വത്തിന്റെ ആരംഭത്തിനു ശേഷം പ്രവാചകനെ പടച്ചവൻ സംരക്ഷിച്ചിരിക്കുന്നു എന്നതിന് തെളിവായി ഇറക്കിയ രണ്ട് ആയത്തുകളാണ് ഇവ. പ്രബോധനത്തിന്റെ സമയത്ത് അല്ലാഹു പ്രവാചകന്  നൽകുന്ന വാഗ്ദാനം! 
ഇത് ശരിക്കുമൊരു പ്രവചനം പോലെയൊരു തെളിവാണ്. പ്രവാചകന് തന്റെ പ്രബോധനം പൂർണ്ണമാക്കാൻ കഴിയുമോ എന്നതിന് അപ്പോൾ ഒരുറപ്പുമില്ല. അല്ലെങ്കിൽ മുഹമ്മദ് കള്ള പ്രവാചകനാണെന്ന തരത്തിലുള്ള അപ്പോഴത്തെ മക്കാ നിവാസികളുടെ പരാമർശങ്ങൾ പരിഗണിച്ചാൽ, ഈ ദിവ്യസന്ദേശം പൂർണ്ണമാക്കാൻ കഴിയുമെന്ന് ഉറപ്പോടെ പറയാനൊരു മനുഷ്യന് സാധിക്കില്ല.
 കാരണം മുഹമ്മദ് നബി സകലമാന ജനതകുമെതിരെ നിലനിൽക്കുന്ന ഒരാശയത്തതിന്റെ പ്രചാരകനായിരുന്നു. നബി (സ്വ) പേർഷ്യൻ സാമ്രാജ്യത്തിനെതിരാണ്, റോമിനെതിരെയാണ്, മക്കക്കാർക്കെതിരെയാണ്, ജൂതന്മാർക്കെതിരെയാണ്, അങ്ങനെ സകല ജനങ്ങൾക്കുമെതിരെയാണ്. ഇവരുടെയൊക്കെ സ്വഭാവപ്രകൃതി അനുസരിച്ച് ഒരു പരിധി കഴിഞ്ഞാൽ അക്രമാസക്തരാകുന്നവരാണ്. പ്രത്യേകിച്ച് റോമക്കാരും, പേർഷ്യക്കാരും എപ്പോഴും അക്രമിക്കാൻ തയ്യാറായി നിൽക്കുന്ന രണ്ടു സാമ്രാജ്യങ്ങളാണ്. ജൂതന്മാരുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട.
അവരുടെ ഉള്ളിലുള്ള പ്രവർത്തനങ്ങളും, ചതിപ്രയോഗങ്ങളും ചരിത്രങ്ങൾ പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയും. ഇനി മക്കയിലാണെങ്കിൽ, സൗമ്യമായിട്ടുള്ള ആളുകളുണ്ടെങ്കിലും, അധികാരം കയ്യാളുന്ന അധികമാളുകളും അക്രമണ പ്രവണതയുള്ളവരാണ്. ഉദാഹരണത്തിന്, ജാഹിലിയ്യാ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ബദറുൽ ഗ്വഫ്ഫാരി എന്ന വ്യക്തി 
  ഒരിക്കൽ പറയുകയുണ്ടായി: ' അറബികളിൽ ഏറ്റവും പ്രമാണിയായിട്ടുള്ളയാൾ ഞാനാണ്. എന്നെക്കാൾ പ്രമാണിയായിട്ടുള്ള ഒരാളുണ്ടെങ്കിൽ അയാൾക്ക് എന്റെ കാലു മുറിക്കാവുന്നതാണ്.' ആ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ട് മറ്റൊരാൾ അദ്ദേഹത്തിന്റെ കാലു മുറിച്ചതായി ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും. ഇങ്ങനെയായിരുന്നു മക്കക്കാരുടെ പ്രകൃതം. അബൂബക്കർ (റ)നെ അടിച്ചവശനാക്കി അദ്ദേഹം മരിച്ചെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഗോത്രക്കാർ അദ്ദേഹത്തെ ആക്രമിച്ചവർക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചതും ചരിത്രത്തിന്റെ ശേഷിപ്പിലെ മറ്റൊരു ഉദാഹരണം. പ്രവാചകന് നേരെയും മക്കക്കാർ  ആക്രമണത്തിന്റെ പരമ്പര അഴിച്ചു വിട്ടിട്ടുണ്ട്. പ്രവാചകന്റെ കഴുത്തിനെ വരിഞ്ഞുമുറുക്കി കൊല്ലാൻ ശ്രമിച്ചതും, വലിയൊരു നാല്കാലിയായ ഒട്ടകത്തിന്റെ ചീഞ്ഞളിഞ്ഞ കുടൽമാല  സുജൂദിൽ കിടന്നപ്പോൾ മനുഷ്യനായ പ്രവാചകന്റെ തലയ്ക്കു കീഴെ കൊണ്ടിട്ടതും, മരുഭൂമിയുടെ ചൂടിൽ വെന്ത് ചുട്ടു പൊള്ളി കിടക്കുന്ന മണൽത്തരികൾ വാരിയെറിഞ്ഞ് നബിയെ വീർപ്പുമുട്ടിച്ചതും, 'ഒറ്റ ചവിട്ടിന്  മുഹമ്മദിനെ ഞാൻ കൊല്ലു'മെന്നു പറഞ്ഞുകൊണ്ട് അബൂജഹൽ ഇറങ്ങിപ്പുറപ്പെട്ടതും അവയിൽ ചിലതു മാത്രം. ഇവർക്കിടയിൽ ഇസ്‌ലാമിന്റെ സത്യ സന്ദേശം പ്രബോധനം ചെയ്യാൻ പുറപ്പെട്ട മുഹമ്മദ് നബി(സ്വ)ക്ക് അത് ചെയ്തുതീർക്കാൻ കഴിയുമെന്ന് യാതൊരുറപ്പുമില്ല. ഇനിയാ പ്രബോധനം പൂർത്തിയാക്കപ്പെടാതെ പ്രവാചകനെ ശത്രുക്കൾ വധിച്ചെങ്കിൽ പോലും, മുഹമ്മദിന്റെ പ്രവാചക പദവിക്ക് യാതൊരു കോട്ടവും തട്ടുന്ന കാര്യവുമല്ല. എത്രയോ പ്രവാചകന്മാരെ അത്തരത്തിൽ മറ്റു ജനതകൾ കൊന്നിട്ടുമുണ്ട്. ബനൂ ഇസ്രായേല്ല്യർക്ക് ഖുർആനിൽ തന്നെ എടുത്തു പറയപ്പെട്ടൊരു പ്രശ്നമുണ്ട്. ഒരു ന്യായവുമില്ലാതെ അവർ പ്രവാചകന്മാരെ കൊന്ന് തള്ളും. ഈ  മുൻ സമുദായങ്ങളിലെ  പ്രവാചകന്മാരെ അവർ കൊന്നിട്ടുമുണ്ട്. എങ്ങനെയാണ് ഇത് ഇവിടെ പ്രസക്തമാകുന്നത്. ഇത്തരം പ്രതികൂല സന്ദർഭങ്ങളിൽ പോലും അല്ലാഹു ഉറപ്പിച്ചു പറയുകയാണ് പ്രവാചകനെ സംരക്ഷിക്കുമെന്ന്, ആരെയും ഭയക്കാതെ ധൈര്യമായി പ്രബോധനം ചെയ്തു കൊള്ളുവാൻ അല്ലാഹു പ്രവാചകനെ ഉണർത്തുകയാണ്. അല്ലാഹു പ്രവാചകനെ പ്രബോധനം ചെയ്യാൻ നൽകപ്പെട്ട സന്ദേശം തീരുന്നതുവരെ, പൂർത്തിയാക്കപ്പെട്ടു എന്ന് പറയുന്നത് വരെ, പ്രവാചകൻ ഭൂലോകത്ത് ജീവനോടെ ഉണ്ടാകുമെന്ന് അല്ലാഹു വാഗ്ദാനം നൽകുന്നു. പ്രവാചകൻ ആ സത്യസന്ദേശം പൂർണ്ണമായും പൂർത്തീകരിക്കപ്പെട്ടു എന്ന് പറയുന്നത് വരേയും യാതൊരു കേടുപാടും കൂടാതെ അല്ലാഹു നബി (സ്വ) കാത്തു സംരക്ഷിച്ചു. 

മേൽ സൂചിപ്പിച്ച ശ്രമങ്ങൾക്ക് പുറമേ ധാരാളം വധശ്രമങ്ങൾ പ്രവാചകന് നേരെയുണ്ടായിട്ടുണ്ട്. മക്കയിലെ പ്രമാണിമാർ പ്രവാചകന് നൂറ് ചുവന്ന ഒട്ടകങ്ങളെ വാഗ്ദാനം ചെയ്തിട്ടുണ്ട്, ഖൈബർ യുദ്ധത്തിന്റെ സമയത്ത് പ്രവാചകന് ഒരു ജൂത സ്ത്രീ വിഷം കൊടുക്കുകയും, പ്രവാചകന് വഹിയ്യ് ലഭിക്കുകയും, പ്രവാചകൻ അതിൽ നിന്ന് അത്ഭുതകരമാം വിധം രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥകളുണ്ടായിട്ടുണ്ട്. പ്രവാചകനോടൊപ്പം ഭക്ഷണം കഴിച്ച ചില സ്വഹാബികൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിനുശേഷം പ്രവാചകൻ പിന്നെയും അഞ്ചു വർഷം ജീവിച്ചു. എല്ലാ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും അല്ലാഹു പ്രവാചകനെ കാത്തു രക്ഷിച്ചു. പ്രവാചകന് നൽകിയ അല്ലാഹുവിന്റെ വാഗ്ദാനം ലംഘിക്കപ്പെട്ടിട്ടില്ല. ഏതൊരു പ്രതികൂല സാഹചര്യങ്ങളിലും, പ്രതിബന്ധ ഘട്ടങ്ങളിലും അല്ലാഹു തന്റെ വാഗ്ദാനം മനോഹരമായി പൂർത്തീകരിച്ചു.  

ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْنِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًۭا ۚ 
  ഇന്നേദിവസം മതം പൂർത്തീകരിച്ചിരിക്കുന്നു എന്ന് പറയപ്പെടുന്നത് വരെയും. പടച്ചവന്റെ സംരക്ഷണ കവചം ഭേദിച്ച് ഒരാൾക്കും പ്രവാചകനെ ഒന്നും തന്നെ ചെയ്യാൻ സാധിച്ചിരുന്നില്ല. ഹജ്ജത്തുൽ വേളയിൽ, വിടവാങ്ങൽ പ്രസംഗത്തിൽ, പ്രവാചകൻ ജനങ്ങളോട് ചോദിക്കുന്നുണ്ട്, 'ഞാൻ നിങ്ങൾക്ക് ദീനിനെ പൂർത്തീകരിച്ച് തന്നില്ലേ'യെന്ന് 
ജനങ്ങൾ ഒന്നടങ്കം 'അതേ' എന്ന് മറുപടി നൽകി. ആകാശത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് പ്രവാചകൻ പറഞ്ഞു 
'അല്ലാഹുവേ നീ സാക്ഷി'.
 മിഷൻ കംപ്ലീറ്റഡ്, അഥവാ എന്റെ ദൗത്യം ഞാൻ നിർവഹിച്ചു, നിന്റെ സത്യസന്ദേശം ഞാൻ പൂർത്തീകരിച്ചു എന്ന് പ്രഖ്യാപിക്കപ്പെടുന്നത് വരെ!

 രണ്ട് പതിറ്റാണ്ടിലധികം കാലം സകലമാന ജനങ്ങൾക്കുമെതിരെ, തങ്ങളുടെ ഒട്ടകങ്ങൾക്കും കുതിരകൾക്കും എതിരെയൊരാൾ വെല്ലുവിളിച്ചാൽ പോലും ക്ഷമിക്കാത്ത ജനതയോട്, നിങ്ങളും നിങ്ങളുടെ പിതാക്കളും തെറ്റായിരുന്നുവെന്നും, നിങ്ങളുടെ ആരാധ്യവസ്തുക്കളെല്ലാം വ്യാജമാണെന്നും, നിങ്ങളുടെ വിശ്വാസപ്രമാണങ്ങൾ മുഴുവൻ നിരാകരിക്കണമെന്നും സധൈര്യം പറഞ്ഞുകൊണ്ട്,  ഒരു കേടുപാടും കൂടാതെ  23 കൊല്ലക്കാലത്തിനുള്ളിൽ ഒരു മനുഷ്യൻ വിപ്ലവം സൃഷ്ടിച്ചു. ആ മനുഷ്യൻ അല്ലാഹുവിന്റെ പ്രവാചകൻ അല്ലാതെ മറ്റാരാണ്?.

What's Your Reaction?

like

dislike

love

funny

angry

sad

wow