ദൈവമുണ്ടോ?

ദൈവമുണ്ടോ?
_________
എല്ലാത്തിന്റെയും തുടക്കം എന്ന രീതിയിൽ ഒരു കാരണം അല്ലെങ്കിൽ ഒരു സംവിധാനം ഉണ്ടോ അതല്ലെങ്കിൽ അടിസ്ഥാനപരമായി ദൈവം ഉണ്ട് എന്ന ബോധ്യം അത് ലഭ്യമാകുന്ന മാർഗങ്ങൾ എങ്ങനെ ആർജ്ജിച്ചെടുക്കാം എന്നതാണ് ഇവിടെ വിശദീകരിക്കുന്നത് .
ദൈവം എന്ന ഒരു അസ്ഥിത്വം ഉണ്ട് എന്ന് ഒരു തെളിവിന് വേണ്ടി നാം അന്വേഷിക്കുമ്പോൾ ആദ്യമായി മനസ്സിലാക്കേണ്ട കാര്യം അത് പ്രത്യേകിച്ച് ഒരു തെളിവും നൽകിയില്ലെങ്കിൽ പോലും നില നിൽക്കുന്ന ഒരു സത്യമാണ് എന്നതാണ് . അതിനർത്ഥം തെളിവ് ഇല്ല എന്നല്ല മറിച്ച് ദൈവം ഉണ്ട് എന്നത് എല്ലാവരിലും അന്തർലീനമായ ഒരു ബോധ്യം (SELF EVIDENT TRUTH) ആണ് . ഈ ലോകം യാഥാർഥ്യമാണ് അല്ലെങ്കിൽ ഒരു ചുമർ എന്റെ മുൻപിൽ ഉണ്ട്, ഇന്നലെ കഴിഞ്ഞു പോയി , മനസ്സ് ഉണ്ട് എന്നതിന് ഒക്കെ പ്രത്യേകിച്ച് വേറെ ഒരു തെളിവിന്റെ ആവശ്യം ഇല്ലല്ലോ ,അത് നില നിൽക്കുന്നു എന്നതിന് അത് തന്നെ ആണ് തെളിവ് . അപ്പോൾ ഇത്തരം സ്വയം ബോധ്യത്തിൽ ഉള്ള കാര്യങ്ങൾക്കു തെളിവ് ആവശ്യമില്ലെങ്കിലും നമുക്ക് തെളിവ് കൊണ്ട് വരുവാനും സാധിക്കും എന്നതും യാഥാർഥ്യമാണ് .
അപ്പോൾ മുകളിൽ സൂചിപ്പിച്ച രീതിയിൽ ഉള്ള SELF EVIDENT TRUTH ആണ് ദൈവം , അല്ലെങ്കിൽ എല്ലാം നിലനിൽക്കാൻ അനിവാര്യമായിട്ടുള്ള ഒരു അസ്ഥിത്വം. എങ്ങനെ ആണ് ഒരു മനുഷ്യൻ സ്വയം ബോധ്യത്തിൽ ഈ കാര്യം മനസ്സിലാകുക എന്നതിന് ഒരുപാട് പഠനങ്ങൾ തന്നെ അതിലേക്ക് നയിക്കുന്നുണ്ട് . ഒരു മനുഷ്യൻ ജന്മനാ വിശ്വാസി ആണ് എന്ന കാര്യത്തിൽ നിരീശ്വരവാദികൾക്ക് പോലും അഭിപ്രായവ്യത്യാസമില്ല . ലോകത്തുള്ള പല പ്രമുഖ നിരീശ്വര വാദികളും അത് സമ്മതിച്ചതും ആണ് . ഇനി കേരളത്തിലെ നിരീശ്വരവാദികളിലെ ഒരു പ്രമുഖൻ പോലും അഭിപ്രായപ്പെട്ടത് മനുഷ്യൻ ജന്മനാ ഒരു ‘വിശ്വാസി’ ആണ് എന്നത് അല്ലെങ്കിൽ ദൈവം ഉണ്ട് എന്ന് വിശ്വസിക്കാനുള്ള മനുഷ്യന്റെ ജന്മനാ ഉള്ള ഒരു ത്വര ആണ് പ്രാഥമികമായി വരുന്നത് അത് പുറത്ത് നിന്ന് ഒരു പ്രേരണ ഇല്ലെങ്കിൽ പോലും സംഭവിക്കുന്നു എന്നതാണ് . ഉദാഹരണത്തിന് ഒരു മനുഷ്യൻ നടന്നു പോകുമ്പോൾ നല്ല ഭംഗിയിൽ ഒരു തീർത്ത ഒരു പ്രതിമ കണ്ടാൽ അവൻ ഒരിക്കലും വിചാരിക്കില്ല കല്ല് ഉരുണ്ടു വന്ന് കാറ്റും മഴയും തട്ടി അല്ലെങ്കിൽ യാദൃശ്ചികമായി അതുമല്ലെങ്കിൽ ക്രമാനുസൃതമല്ലാതെ (Random) ആയിട്ടുള്ള ചില പ്രതിപ്രവർത്തങ്ങളുടെ ഭാഗമായി ഉണ്ടായതാണ് എന്ന് . മാത്രമല്ല മനുഷ്യൻറെ ഉള്ളിലുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അവൻ എത്തുന്ന നിഗമനം ആ ശിൽപം ഒരു ഡിസൈനർ രൂപകൽപന ചെയ്തതാണ് എന്നതാണ് . ഇങ്ങനെത്തന്നെ ആണ് മറ്റുള്ള കാര്യങ്ങളിലും പുറത്തു നിന്ന് ഒരു പ്രേരണ ഇല്ലെങ്കിൽ മനുഷ്യന്റെ നിഗമനങ്ങൾ അത് സ്വയം ഉണ്ടായതാണ് എന്ന വാദത്തിലേക്ക് അല്ല എത്തിച്ചേരുക .
ഈ കാരണങ്ങൾ കൊണ്ടുതന്നെ മനുഷ്യൻ അറിയുന്ന അല്ലങ്കിൽ അവന്റെ അറിവിന് എത്താൻ സാധിക്കുന്ന ഏത് വസ്തു ആണെങ്കിലും അതെല്ലാം തനിയെ നില നിൽക്കുന്നതല്ല എന്നും അതിന്റെ പിന്നിൽ ഒരു അസ്ഥിത്വം ഉണ്ട് എന്നുമാണ് മനസ്സിലാക്കുന്നത് . അങ്ങനെ ആണ് മനുഷ്യന്റെ പ്രകൃതിപരമായ നിഗമനങ്ങൾ എത്തിച്ചേരുക . സ്വയം ബോധ്യത്തിലുള്ളത് (SELF EVIDENT TRUTH ) എങ്ങനെ ആണ് ഒരു കാര്യം സത്യപ്പെടുത്തുന്നത് എന്നുള്ള എല്ലാ അളവുകോലുകളും പരിശോധിച്ചാലും അതെല്ലാം ദൈവാസ്തിത്വം എന്ന സത്യത്തെ പൂർത്തീകരിക്കാൻ പറ്റുന്നതാണ് .
സ്വയം തന്നെ വ്യക്തമായ ഒരു സത്യമാണ് എന്നതിന് ഒരു മറുചോദ്യം ഉണ്ടാകാറുള്ളത് അങ്ങനെ എങ്കിൽ ദൈവത്തിന്റെ അസ്ഥിത്വത്തെ നിഷേധിക്കുന്ന ഒരുപാട് ആളുകൾ ഇല്ലേ എന്നുള്ളതാണ് , അപ്പോൾ അത് SELF EVIDENT ആകുമോ എന്നതാണ് , പക്ഷേ SELF EVIDENT TRUTH നെ ഒരു പാട് ആളുകൾ എതിർത്തു എന്നത് കൊണ്ട് മാത്രം അത് സത്യമാകാതാവുന്നില്ല , ഉദാഹരണത്തിന് നേരത്തെ സൂചിപ്പിച്ച ഈ ലോകം യാഥാർഥ്യമാണ് എന്നുളള സ്വയം ബോധ്യത്തെ അംഗീകരിക്കാതെ ഈ ലോകം തന്നെ മിഥ്യയാണ് എന്ന് വിശ്വസിക്കുന്ന വിഭാഗങ്ങൾ ഉണ്ട് . എന്ന് വെച്ച് നമ്മുടെ ബോധ്യത്തിൽ ഉള്ള ഈ ലോകം (Real World) എന്ന സത്യം ഇല്ലതാകുന്നില്ലല്ലോ .
അതുപോലെ ഫ്രീവിൽ (മനുഷ്യന്റെ കാര്യങ്ങൾ ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ) പലരും നിഷേധിക്കുന്നത് കാണാം .. ഉദാഹരണത്തിന് തന്റെ മുൻപിലുള്ള കസേര നീക്കാനോ ഫോൺ എടുക്കാനോ ഉള്ള സ്വാതന്ത്ര്യം എനിക്കുണ്ട് എന്നുള്ളത് സ്വയം തെളിയിക്കപ്പെടുന്ന ഒരു സത്യമാണ് . പക്ഷേ ഫ്രീവിൽ നെ നിഷേധിക്കുന്നവർ പറയാറുള്ളത് അങ്ങനെ സംഭവിക്കുന്നത് വേറെ ഒരു സാധ്യത ഇല്ലാത്തത് കൊണ്ടാണ് എന്നാണ് , പക്ഷേ അങ്ങനെ അല്ല എന്നുള്ളത് ഒരു യാഥാർഥ്യമാണ് . അപ്പോൾ ഒരാൾ എതിർത്തു എന്നത് കൊണ്ട് ഒരു സത്യം അല്ലെങ്കിൽ ദൈവം ഉണ്ട് എന്നുള്ളത് സ്വയം ബോധ്യപ്പെട്ട കാര്യം ആണ് എന്നുള്ളത് തെറ്റാകുന്നില്ല എന്ന് സാരം .
എന്നാൽ ഇനി ദൈവം ഉണ്ട് എന്നുള്ളതിന് യുക്തിപരമായി തെളിയിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ അതിനും സാധിക്കുന്നതാണ് . അതിന് വേണ്ടി പല വാദങ്ങളും ലോകത്ത് പ്രത്യേകിച്ച് ഫിലോസഫിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് . അത്തരം അനേകം വാദങ്ങളിൽ ഒന്നായ കണ്ടിജൻസി വാദം മാത്രം വെച്ച് തന്നെ ഇത് തെളിയിക്കാൻ കഴിയും . കണ്ടിജൻസി അല്ലെങ്കിൽ ഡിപെൻഡൻസി എന്ന് മറ്റൊരു തലത്തിൽ പറഞ്ഞാൽ ഒരു ആശ്രയിച്ചിരിക്കുന്ന ഒരു അസ്തിത്വം (existence ) എന്നാണ് അർത്ഥം .
കണ്ടിജൻസി വാദം പറയുന്നത് നമുക്ക് വിശദീകരിക്കാൻ കഴിയുന്ന അസ്തിത്വങ്ങൾ (existence ) മൂന്നാണ് എന്നുള്ളതാണ് .
1. സാധ്യമായത് (Possible Existence):
------------------------------------------------
സാധ്യമാകുന്ന അവസ്ഥകൾക്ക് മൂന്ന് പ്രത്യേകതകൾ ഉണ്ട് .
a ). ഇത് മറ്റൊന്നിൽ ആശ്രയിച്ച് ആയിരിക്കും . സ്വയം നില നിൽക്കുന്ന അവസ്ഥ ആയിരിക്കില്ല എന്നുള്ളതാണ്
b) . പ്രത്യേക സാഹചര്യങ്ങൾ അല്ലെങ്കിൽ മറ്റൊന്നിനെ ആശ്രയിച്ച് നിലനിൽക്കുന്നത് കൊണ്ട് തന്നെ അത് മാറിയാൽ വേറെ ഒരു അവസ്ഥയിലേക്ക് മാറാൻ സാധ്യത ഉണ്ട് .
C). ഒരു സാധ്യമായ അസ്‌തിത്വത്തിന്റെ നിലനിൽപ് ഒരു രീതിയിലും അനിവാര്യമായി നിലനില്കേണ്ടതാണ് എന്ന് നമുക്ക് പറയാൻ കഴിയാത്ത അവസ്ഥ , അതായത് ഒരു വസ്തുവിന്റെ സമൂഹത്തിന് പോലും അനിവാര്യമല്ലാതായി തീരുന്ന സ്ഥിതി . ഉദാഹരണത്തിന് ഞാൻ എന്ന സാധ്യമായ വ്യക്തിത്വം ഇല്ല എന്നുള്ളത് കൊണ്ട് ഈ ലോകത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല . ഞാൻ ചെയ്യേണ്ട കാര്യങ്ങൾ മറ്റുള്ളവർ ചെയ്യും എന്നല്ലാതെ ഈ ലോകത്ത് സംഭവിക്കുന്ന രാവും, പകലും മറ്റു സംഭവങ്ങളും മറ്റുള്ളവരുടെ ജീവിതങ്ങളും ഒക്കെ നടന്ന് പോകും . അത് പോലെ ഭൂമിയോ സൂര്യനോ ഇല്ലെങ്കിൽ സൗരയൂഥത്തിന്റെ നിലനിൽപ് ഇല്ലാതാകുന്നില്ല .ഒരു അസ്ഥിത്വം ഇല്ലെങ്കിലും മറ്റുള്ളവ നില നിൽക്കും . അങ്ങനെ നിരവധി കാര്യങ്ങൾ ഈ വിഷയത്തിൽ എടുത്തു പറയാൻ കഴിയും .
ഈ മൂന്ന് പ്രത്യേകതകൾ ആണ് സാധ്യമായ അസ്തിത്വത്തിന് ഉള്ളത് . അപ്പോൾ ഈ മൂന്ന് വിഭാഗത്തിൽ പെടുന്നതാണ് നാമും ,നമ്മുടെ ഫോണും നമ്മൾ ജീവിക്കുന്ന ഈ ഭൂമിയും ഭൂമി ചുറ്റുന്ന ഗ്രഹങ്ങളും ഇതെല്ലാം ഉൾകൊള്ളുന്ന മിൽക്കിവേ ഗാലക്സിയും അടങ്ങുന്ന നമ്മുടെ അറിവിന്റെ വലയത്തിൽ വരുന്ന ഏകദേശം എല്ലാ വസ്തുക്കളും മുകളിൽ സൂചിപ്പിച്ച മാനദണ്ഡങ്ങൾ അനുസരിക്കുന്ന സാധ്യമായ അസ്ഥിത്വങ്ങൾ ആണ് .
2. അസാധ്യമായത് (impossible Existence) :
----------------------------------------------------------
ഒരിക്കലും സാധ്യമാവാത്ത അവസ്ഥ . ഉദാഹരരണമായി രാത്രിയും പകലും ഒരേ സമയം ആകുക എന്നുള്ളത് . ഇത് അസംഭവ്യമാണ് കാരണം ഒന്ന് നീങ്ങിയാൽ ആണ് മറ്റൊന്ന് സംഭവിക്കുന്നത് . അതുപോലെതന്നെ ഒരു വസ്തുവിന് കറുപ്പും വെളുപ്പും ഒരേസമയം ഒരേ സഥലത്ത് ആകുക എന്നുള്ളത് , രണ്ടു വശങ്ങളിൽ ആക്കാമെങ്കിലും ഒരേ സഥലത്ത് കഴിയില്ലല്ലോ .അതുപോലെ മറ്റൊരു ഉദാഹരണമാണ് ഒരേ സമയം രണ്ട് ആകൃതി അല്ലെങ്കിൽ വട്ടത്തിലുള്ള ത്രികോണം അസാധ്യമാണ് . അങ്ങനെ ധാരാളം ഉദാഹരണങ്ങൾ നമുക്ക് ഇതിന് നിരത്താൻ കഴിയും
3. അനിവാര്യമായത് (Necessary):
-----------------------------------------------
സാധ്യമായ അസ്തിത്വങ്ങൾ സത്യമാണ് എന്നുള്ളതും നാം ഈ ലോകത്ത് കാണുന്നതും അത് ആണ് എന്നുള്ളത് നാം മനസ്സിലാക്കി . പക്ഷേ സാധ്യമായ അസ്തിത്വങ്ങൾ മാത്രം ഉൾകൊള്ളുന്ന ഈ ലോകം അല്ലെങ്കിൽ പ്രപഞ്ചം അസാധ്യമാണ് . കാരണം അതിലുള്ളതിനെല്ലാം മറ്റെന്തിന്റെയോ ആശ്രയം വേണം , ഉദാഹരണത്തിന് സാധ്യമായ അസ്തിത്വങ്ങൾ മാത്രം ഉള്ള ഒരു ലോകത്ത് ഒരു വസ്തു എങ്ങനെ നില നിൽക്കുന്നു എന്നുള്ളത് പോലും നമുക്ക് വിശദീകരിക്കാൻ കഴിയില്ല . കാരണം ഇവകൾ മറ്റുള്ളവയിൽ ആശ്രയിച്ചു കൊണ്ട് നില നിൽക്കുന്നത് കൊണ്ട് തന്നെ ഓരോ അസ്ഥിത്വവും ഒന്നല്ലെങ്കിൽ മറ്റൊന്നിൽ ആശ്രയിച്ചായിരിക്കും, ആശ്രയിക്കപെട്ട വസ്തു വേറെ ഒന്നിൽ അത് മറ്റൊന്നിൽ അങ്ങനെ അനന്തമായി നീണ്ടു കൊണ്ടിരിക്കും .അത് അവസാനിക്കില്ല . അങ്ങനെ വന്നാൽ അനന്തമായ തിരിച്ചടി (infinite regression ) എന്ന പ്രശ്നം അവിടെ സംഭവിക്കും . ഉദാഹരണത്തിന് എനിക്ക് ഒരു പത്ത് രൂപ ആവശ്യമായി വന്നപ്പോൾ വേറെ ഒരാളോട് ചോദിച്ചു എന്നിരിക്കട്ടെ ചോദിക്കപ്പെട്ട വ്യക്തിയുടെ അടുത്തും പണം ഇല്ലാത്തത് കൊണ്ട് അദ്ദേഹം അടുത്ത ആളോട് ചോദിച്ചു അദ്ദേഹം മറ്റൊരാളോട് ചോദിച്ചു അങ്ങനെ അത് അനന്തമായി നീണ്ടു പോകുക എന്നല്ലാതെ എനിക്ക് ആ പണം കിട്ടാൻ പോകുന്നില്ല . കാരണം ആ പണം കിട്ടണമെങ്കിൽ ഈ ചോദിക്കപ്പെട്ട ആരിലെങ്കിലും അത് നിൽക്കണം അതായത് ഒരാളുടെ സ്വന്തം കയ്യിൽ പണം ഉണ്ടാകണം . അപ്പോൾ അദ്ദേഹത്തിന് വേറെ ഒരാളോട് ചോദിക്കേണ്ടി വരില്ല എന്നുള്ളത് യാഥാർഥ്യം . അപ്പോൾ ഒരു സാധ്യമായ അസ്ഥിത്വം ഈ ലോകത്ത് നില നിൽക്കുന്നു എങ്കിൽ അത് ആശ്രയിച്ച് ഇരിക്കുന്ന വസ്തുക്കളുടെ നിര ഏതോ ഒരു അസ്ഥിത്വത്തിൽ ചെന്ന് നിൽക്കുന്നു എന്നുള്ളതാണ് . ആ അസ്ഥിത്വത്തിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ അത് മറ്റൊന്നിനെയും ആശ്രയിക്കുന്നില്ല എന്നതാണ് . മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ പത്ത് രൂപ ഇല്ലാത്ത ഒരാളുടെ പരമ്പര പത്ത് രൂപ മറ്റൊരാളോട് ചോദിക്കാതെ സ്വന്തം പോക്കറ്റിൽ നിന്ന് എടുത്ത് കൊടുക്കാൻ പറ്റുന്ന ഒരു വ്യക്തിയിൽ നിന്നത് പോലെ . അപ്പോൾ മറ്റൊരാളുടെ ആശ്രയമില്ലാത്ത ഒരു അസ്ഥിത്വത്തിൽ ചെന്ന് നിൽക്കാതെ ഒരു സാധ്യമായ അസ്ഥിത്വം ഉണ്ടാകുന്നില്ല . അപ്പോൾ വളരെ കൃത്യമാണ് നമ്മൾ ഒക്കെ നില നിൽക്കുന്നത് ഒരു സത്യമാണെങ്കിൽ നമ്മുടെ ആശ്രയത്തിന്റെ ചക്രം പോയി നിൽക്കുന്നത് ഒന്നിനെയും ആശ്രയിക്കാത്ത അനിവാര്യമായ ഒരു അസ്ഥിത്വത്തിൽ പോയി നിൽക്കണം .അത് കൊണ്ടാണ് ഈ അസ്ഥിത്വത്തെ അനിവാര്യമായത് (Necessary) എന്ന് വിളിക്കുന്നത് .
ഇനി വാദത്തിന് വേണ്ടി ഈ ആശ്രയ ചക്രം എവിടെയും ചെന്ന് നിൽക്കാതെ അനന്തമായി നീണ്ടു പോകും എന്ന് പറഞ്ഞാൽ ആ ചക്രത്തിൽ ഉള്ളതെല്ലാം സാധ്യമായ അസ്ഥിത്വമാണ് . അതായത് അതെല്ലാം മറ്റെന്തിനോയോ ആശ്രയിച്ചിരിക്കുന്നതാണ് . അപ്പോൾ മുകളിൽ പറഞ്ഞപോലെ മറ്റൊന്നിനെ ആശ്രയിച്ച് മാത്രം ഇരിക്കുന്ന വസ്തുക്കൾ മാത്രം അടങ്ങുന്ന ഒരു ലോകം അസാധ്യമാണ് . അവയുടെ എല്ലാം നിലനിൽപ് ഒന്നിൽ മാത്രം ആശ്രയിച്ച് ഇരിക്കുന്ന ഒരു അനിവാര്യമായ ആസ്ഥിത്വം ആവശ്യമായി വരും . ഒരു കടൽ കണ്ടാൽ അതിന് താഴെ ഒരു പ്രതലം ഉണ്ടാകും എന്നുള്ളത് നമ്മുടെ മനസ്സിലേക്ക് കടന്ന് വരുന്നത് പോലെ തന്നെ അനിവാര്യമാണ് സാധ്യമായ അസ്ഥിത്വം നിലനിൽക്കുന്നുണ്ടോ എങ്കിൽ അനിവാര്യമായ അസ്ഥിത്വം (Necessary Existence ) നിര്ബന്ധമാണ് . എല്ലാവര്ക്കും പെട്ടെന്ന് മനസ്സിലാകാൻ വേണ്ടി ഒരു ഉദാഹരണം കൂടി പറഞ്ഞാൽ ഒരു മേശക്ക് മുകളിൽ ഒരു കല്ല് കണ്ടാൽ അത് അവിടെ കൊണ്ട് വെച്ച ഒരു കാരണം അതിന് പിന്നിൽ ഒരു വ്യക്തിയോ , കാറ്റോ , മറ്റു എന്തെങ്കിലോ ഉണ്ടായിരിക്കും .
അപ്പോൾ ആരെയും ആശ്രയിക്കാത്ത എന്നാൽ എല്ലാവരും ആശ്രയിക്കുന്ന ദൈവം എന്നുള്ളത് അനിവാര്യമാണ് എന്നുള്ളത് യുക്തിപരമായി ചിന്തിക്കുന്നവർക്കും സാധിക്കും എന്നുള്ളതാണ് കണ്ടിജൻസി തിയറി നമ്മെ പഠിപ്പിക്കുന്നത് .
"(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.അവന്ന് തുല്യനായി ആരും ഇല്ലതാനും." ഖുർആൻ 112:1 -4
What's Your Reaction?






