unmasking atheism | ഇസ്‌ലാം എന്തുകൊണ്ട് അടിമത്തം നിരോധിച്ചില്ല ?-Dr Jauzal CP

ഇസ്‌ലാം എന്തുകൊണ്ട് അടിമത്തം നിരോധിച്ചില്ല ?-Dr Jauzal CP

ണ്ടുകാലത്ത് എല്ലാ ജനവിഭാഗങ്ങളിലും നിലനിന്നിരുന്ന സമ്പ്രദായമായിരുന്നു അടിമത്തം. ഇസ്ലാം ആവിഷ്കരിച്ചതോ പ്രോത്സാഹിപ്പിച്ചതോ ആയ സമ്പ്രദായമല്ല അടിമത്തം. അടിമ മോചനമാണ് ഇസ്ലാം പ്രോത്സാഹിപ്പിച്ചത്. മറ്റ് സമൂഹങ്ങൾ അടിമത്തം നിലനിർത്തുന്ന കാലത്തോളം ഇസ്ലാമിന് ഏകപക്ഷീയമായി അടിമത്തം നിരോധിക്കാൻ ആകുമായിരുന്നില്ല. മറ്റ് സമൂഹങ്ങൾ അടിമത്ത സമ്പ്രദായം ഉപേക്ഷിച്ചാൽ ഓട്ടോമാറ്റിക്കായി ഇസ്ലാമിക സമൂഹത്തിലെയും അടിമത്ത വ്യവസ്ഥിതി ഇല്ലാതാകുന്ന ശാസ്ത്രീയമായ സംവിധാനങ്ങളാണ് ഇസ്ലാമിലുള്ളത് എന്ന് നിഷ്പക്ഷമായി വിലയിരുത്തുന്ന ആർക്കും ബോധ്യമാകും. ലോകത്ത് സംഭവിച്ചതും അതുതന്നെയാണ്.  

 

സൈന്യത്തിനും പ്രതിരോധ സംവിധാനങ്ങൾക്കുമായി കോടിക്കണക്കിന് രൂപയാണ് രാജ്യങ്ങൾ ചെലവാക്കുന്നത്. പാക്കിസ്ഥാനും ചൈനയും അവരുടെ സൈന്യത്തെ തിരിച്ചു വിടാത്തിടത്തോളം കാലം ഇന്ത്യയ്ക്ക് മാത്രം ഏകപക്ഷീയമായി സൈന്യം ഉപേക്ഷിക്കാനാവില്ല. അതിനർത്ഥം ഇന്ത്യ സമാധാനം ആഗ്രഹിക്കാത്ത രാജ്യമാണ് എന്നല്ലല്ലോ. മറ്റ് സമൂഹങ്ങളിൽ അടിമത്ത വ്യവസ്ഥിതി നിലനിൽക്കുന്ന കാലഘട്ടത്തിൽ ഇസ്ലാമിന് മാത്രമായി ഏകപക്ഷീയമായി അടിമത്തം നിരോധിക്കാൻ ആകുമായിരുന്നില്ല. 

 

 പണ്ടുകാലത്ത് അടിമകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് താഴെപ്പറയുന്ന വിധത്തിലായിരുന്നു .

 

1.സ്വതന്ത്രരെ തട്ടികൊണ്ടു പോയി അടിമകളാക്കുക - ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും സ്പെയിൻകാരും പോർച്ചുഗീസുകാരും ഒക്കെ ആഫ്രിക്കൻ , ഏഷ്യൻ , അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്ന് ആളുകളെ പിടിച്ച് കൊണ്ടുപോയി അടിമകളാക്കിയിരുന്നത് ഉദാഹരണം. 

 

2. മനുഷ്യരെ വ്യത്യസ്ത ജാതികൾ ആക്കി തിരിച്ച് കീഴ്ജാതിക്കാരെ അടിമകളാക്കി വെക്കൽ. ഭാരതത്തിൽ ഉണ്ടായിരുന്നത് പ്രധാനമായും ഇത്തരത്തിലുള്ള അടിമത്തം ആയിരുന്നു. താഴ്ന്ന ജാതിയിൽ ജനിക്കുന്ന എല്ലാവരും മേൽജാതിക്കാരുടെ അടിമകൾ മാത്രം.

 

3. യുദ്ധത്തടവുകാരെ അടിമകളാക്കൽ. 

 

മുകളിൽ പറഞ്ഞതിൽ ഒന്നാമത്തെയും രണ്ടാമത്തെയും കാര്യം അഥവാ സ്വതന്ത്രനെ തട്ടിക്കൊണ്ടുപോയി അടിമയാക്കുന്നതും മനുഷ്യരെ ജാതികൾ ആക്കി തിരിച്ച് ഒരു വിഭാഗത്തെ  അടിമകളാക്കുന്നതും ഇസ്ലാം പൂർണമായും വിരോധിച്ചു. സ്വതന്ത്രനായ ഒരാളെ അടിമയാക്കുന്നത് ഇസ്ലാമിൽ വലിയ തിന്മയായാണ് പരിചയപ്പെടുത്തുന്നത്.

 

"അല്ലാഹു പറഞ്ഞു: ഉയിർത്തെഴുന്നേൽപ്പു നാളിൽ മൂന്ന് പേർക്ക് ഞാൻ എതിരാളിയായിരിക്കും 1. എന്റെ പേരിൽ സത്യം ചെയ്ത് അത് ലംഘിക്കുന്നവൻ. 2. സ്വതന്ത്രനായ ഒരാളെ വിറ്റ് അതിന്റെ കാശ് കൊണ്ട് ഭക്ഷിച്ചവൻ 3. ജോലി പൂർത്തിയാക്കിയ തൊഴിലാളിക്ക് വേതനം നൽകാത്തവൻ. (ബുഖാരി 2227)"

 

യുദ്ധതടവിലൂടെയുള്ള അടിമത്വം മാത്രം നിലനിർത്തുകയാണ് ചെയ്തത്. ലോകത്തിലെ ഒരു രാജ്യവും യുദ്ധതടവുകാർക്ക് ഒരു സ്വതന്ത്ര പൗരന്റെ അവകാശം വക വെച്ച് കൊടുക്കുമെന്ന് തോന്നുന്നില്ല.  

 

യുദ്ധത്തടവുകാരെ എന്ത് ചെയ്യണം എന്നതിൽ ഖുര്‍ആന്‍ നല്‍കുന്ന നിര്‍ദേശമിങ്ങനെയാണ്: ''ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ച ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിക്കുക. എന്നിട്ട് അതിനുശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ, അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടയക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നതുവരെയാണിത്. അതാണ് (യുദ്ധത്തിന്റെ) മുറ'' (47:4). ശത്രുക്കളെ യുദ്ധഭൂമിയില്‍ വെച്ച് വധിക്കുവാന്‍ അനുശാസിക്കുന്ന ഈ സൂക്തത്തില്‍ ബന്ധനസ്ഥരായവരെ പ്രതിഫലം വാങ്ങിയോ അല്ലാതെയോ വിട്ടയക്കുവാനാണ് കല്‍പിച്ചിരിക്കുന്നത്. ഈ സൂക്തത്തിന്റെ വെളിച്ചത്തില്‍ പ്രവാചകാനുചരന്മാരില്‍ പ്രമുഖരെല്ലാം യുദ്ധത്തട വുകാരെ അനിവാര്യമായ അവസ്ഥകളിലല്ലാതെ വധിക്കാന്‍ പാടില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

യുദ്ധത്തടവുകാരെ നാലു വിധത്തില്‍ കൈകാര്യം ചെയ്യുവാന്‍ ഇസ്ലാമിൽ അനുവാദമുണ്ട്.

1.വെറുതെ വിട്ടയക്കുക. അവരെ വിട്ടയക്കുന്നത് മുസ്‌ലിം സമൂഹത്തിന് ഹാനികരമല്ലെന്ന് ബോധ്യപ്പെടുന്ന അവസ്ഥയില്‍ യുദ്ധത്തടവു കാരെ വെറുതെ വിട്ടയക്കാവുന്നതാണ്.

2. ശത്രുക്കള്‍ പിടിച്ചുവെച്ച മുസ്‌ലിം തടവുകാര്‍ക്കു പകരമായി അവരെ കൈമാറുക.

3. പ്രതിഫലം വാങ്ങി തടവുകാരെ വിട്ടയക്കുക.

4. അടിമകളാക്കി മാറ്റി മുസ്‌ലിം യോദ്ധാക്കള്‍ക്ക് ഭാഗിച്ച് നല്‍കുക.

 

പ്രവാചകന്‍ (സ) വിവിധ യുദ്ധങ്ങളില്‍ മുകളില്‍ പറഞ്ഞ വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നതായി കാണാം. ഇതില്‍ നാലാമത്തെ മാര്‍ഗമായ യുദ്ധത്തടവുകാരെ അടിമകളാക്കി മാറ്റുന്ന രീതി, മറ്റു മൂന്നു മാര്‍ഗങ്ങളും അപ്രായോഗികമായിത്തീരുന്ന അവസ്ഥകളിലാണ് സ്വീകരിച്ചിരുന്നത്. അടിമത്തം പൂര്‍ണമായി നിരോധിക്കപ്പെട്ടിരുന്നുവെങ്കില്‍ ഈ മാര്‍ഗം സ്വീകരിക്കുവാന്‍ മുസ്‌ലിം സമൂഹത്തിന് ഒരിക്കലും സാധ്യമാകാത്ത അവസ്ഥ സംജാതമാകുമായിരുന്നു. അത്തരമൊരു അവസ്ഥ അടിമത്തം ഒരു സ്ഥാപനമായി നിലനിന്നിരുന്ന സാമൂഹിക സംവിധാനത്തില്‍ മുസ്‌ലിംകള്‍ക്ക് ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമായിരുന്നു എന്നതാണ് വസ്തുത.

 

മുസ്‌ലിം സമൂഹവുമായി യുദ്ധം ചെയ്യുന്നവര്‍ അടിമത്തത്തെ ഒരു മാര്‍ഗമായി അംഗീകരിക്കുന്നവരും അടിമകളെ ലഭിക്കുക എന്നതുകൂടി ലക്ഷ്യമായിക്കണ്ട് യുദ്ധത്തില്‍ ഏര്‍പ്പെടുന്നവരുമായിരുന്നു. അവരുമായി യുദ്ധം ചെയ്യുമ്പോള്‍ മുസ്‌ലിംകളില്‍നിന്ന് അവര്‍ തടവുകാരായി പിടിക്കുന്നവരെ അവര്‍ അടിമകളാക്കി മാറ്റുകയോ വധിച്ചുകളയുകയോ ചെയ്യുമായിരുന്നു. അടിമത്തം നിരോധിക്കപ്പെട്ടിരുന്നുവെങ്കില്‍ മുസ്‌ലിംകള്‍ക്ക് അവരില്‍നിന്നുള്ള ബന്ദികളെ അടിമകളാക്കുവാന്‍ പറ്റുകയില്ല. ഇത് ശത്രുക്കള്‍ക്ക് മുസ്‌ലിം ബന്ദികളുടെ മേല്‍ കൂടുതല്‍ ക്രൂരത കാണിക്കുവാനുള്ള അവസരമുണ്ടാക്കുകയാണ് ചെയ്യുക. മുസ്‌ലിംകള്‍ക്കാണെങ്കില്‍ അവരില്‍നിന്ന് പിടിക്കപ്പെട്ടവര്‍ക്കു വേണ്ടി വില പേശുവാനായി ശത്രുക്കളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികളെ ഉപയോഗിക്കുവാനും കഴിയില്ല.

 

ഇസ്‌ലാമില്‍ അടിമത്തം നിരോധിക്കപ്പെട്ടാല്‍ അവരില്‍നിന്നുള്ളവരെ അടിമകളാക്കുവാനോ വധിക്കുവാനോ മുസ്‌ലിംകള്‍ക്ക് കഴിയുകയില്ലെന്ന് ശത്രുക്കള്‍ക്കറിയാം. അതുകൊണ്ടുതന്നെ അവരില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികള്‍ക്ക് പകരമായി മുസ്‌ലിംകളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികളെ സ്വതന്ത്രരാക്കുകയെന്ന പരസ്പരധാരണക്ക് ശത്രുക്കള്‍ സന്നദ്ധരാവുകയില്ല.

 

മുസ്‌ലിംകള്‍ക്കാണെങ്കില്‍ ശത്രുക്കളില്‍നിന്നുള്ള ബന്ദികള്‍  തലവേദന മാത്രമായിത്തീരുകയും ചെയ്യും. അവര്‍ക്കുള്ള താമസസ്ഥലം ഉണ്ടാക്കുക മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയായിത്തീരും. ആയിരക്കണക്കിനാളുകള്‍ ബന്ദികളായി പിടിക്കപ്പെടുന്ന അവസരങ്ങളില്‍ അവ ര്‍ക്കെല്ലാം താമസിക്കാനാവശ്യമായ സൗകര്യങ്ങളുണ്ടാക്കുക ഏറെ ദുഷ്‌കരമായിത്തീരുമെന്ന് പറയേണ്ടതില്ലല്ലോ. അവര്‍ക്കുള്ള ഭക്ഷണവും വസ്ത്രവുമെല്ലാം നല്‍കാന്‍ മുസ്‌ലിം സമൂഹം ബാധ്യസ്ഥമായിത്തീരും. അവര്‍ ഇവിടെ ഇസ്‌ലാമിക സമൂഹത്തിന്റെ സംരക്ഷണത്തില്‍ സുഖകരമായി ജീവിക്കുമ്പോള്‍ മുസ്‌ലിംകളില്‍നിന്ന് പിടിക്കപ്പെട്ട ബന്ദികള്‍ ഇസ്‌ലാമിന്റെ ശത്രുക്കളുടെ ക്രൂരതകള്‍ സഹിച്ച് അവര്‍ ഏല്‍പിക്കുന്ന കഠിനമായ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയാവും. ഇത് ഒരിക്കലും നീതിയാവുകയില്ലല്ലോ. മുസ്‌ലിം സമൂഹത്തിന്റെ നാശത്തിനാണ് അതു നിമിത്തമാവുക. യുദ്ധം ഇസ്‌ലാമിക സമൂഹത്തെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ഒരു അവസ്ഥയാണ് ഇതുവഴി സംജാതമാവുക. അതുകൊണ്ടുതന്നെ  ലോകം മുഴുവനായി അടിമത്തം നിരോധിക്കാത്ത അവസ്ഥയില്‍ ഇസ്‌ലാം ഏകപക്ഷീയമായി അടിമത്തം നിരോധിച്ചിരുന്നുവെങ്കില്‍ അത് ആത്മഹത്യാപരമാകുമായിരുന്നു.

ഇസ്‌ലാം എന്തുകൊണ്ട് അടിമത്തം നിരോധിച്ചില്ല ?-Dr Jauzal CP