unmasking atheism | 9 വയസുള്ള ആയിഷ(റ )യെ 54 വയസുള്ള മുഹമ്മദ് നബി (സ)കല്യാണം കഴിച്ചത് പീഡോഫീലിയ അല്ലേ ?

9 വയസുള്ള ആയിഷ(റ )യെ 54 വയസുള്ള മുഹമ്മദ് നബി (സ)കല്യാണം കഴിച്ചത് പീഡോഫീലിയ അല്ലേ ?

ത്യത്തിൽ ഇത്തരം ആരോപണങ്ങൾ നടത്താൻ ഇസ്ലാം വിരോധികൾക്ക് അർഹതയുണ്ടോ എന്നത് വേറെ കാര്യം !. ഉദാഹരണമായി ശ്രീരാമൻ സീതയെ കല്യാണം കഴിക്കുമ്പോൾ സീതക്ക് ആറു വയസ്സാണ് പ്രായം എന്നാണ് പുരാണങ്ങളിൽ വ്യക്തമായി എഴുതി വച്ചിട്ടുള്ളത്. ഹിന്ദുമത ആചാര്യനായ, വിവേകാനന്ദൻറെ ഗുരുവുമായ ശ്രീരാമകൃഷ്ണപരമഹംസൻ തൻറെ ഇരുപത്തിമൂന്നാം വയസ്സിൽ വിവാഹം കഴിച്ചത് അഞ്ചുവയസ്സുകാരി ശാരദാ ബായിയെ ആണ്. യേശുക്രിസ്തുവിനെ മാതാവായ മറിയത്തെ ജോസഫ് വിവാഹം കഴിക്കുമ്പോൾ ജോസഫിൻറെ പ്രായം 90 ഉം മറിയത്തിന് 12 വയസ്സുമാണ് എന്ന് കത്തോലിക്കാ എൻസൈക്ലോപീഡിയ തന്നെ പറയുന്നത്. അബ്രഹാം പ്രവാചകൻറെ മകനും പ്രവാചകനുമായിരുന്ന ഇസഹാഖ് റബ്ബേക്കയെ വിവാഹം കഴിക്കുമ്പോൾ റബേക്കക്ക് മൂന്നു വയസ്സായിരുന്നു പ്രായം എന്ന് ബൈബിൾ ! ഇവരൊക്കെ പീഡോഫിലിയക്കാർ ആയിരുന്നു എന്ന് ആരോപകർ ആരോപിക്കുമോ ! എവിടെയും അങ്ങനെ കണ്ടിട്ടില്ല; അപ്പോൾ ഇത്തരം ആരോപണങ്ങളുടെ പിന്നിലെ ചേതോവികാരം വെറും വർഗീയത ആണെന്ന് വ്യക്തം. 

 

ഇനി എന്താണ് പീഡോഫിലിയ എന്ന് നോക്കാം. കുട്ടികളോട് മാത്രം ലൈംഗിക അഭിനിവേശം തോന്നുന്ന ലൈംഗിക വൈകൃതമാണ് പീഡോഫിലിയ. അവർക്ക് മുതിർന്നവരോട് ലൈംഗിക വികാരം തോന്നുകയില്ല. കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതിനെക്കുറിച്ചുള്ള ഫാൻറസികളും തരംകിട്ടിയാൽ കുട്ടികളെ അത്തരം ലൈംഗിക വൈകൃതങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നവരും ആണ് ഇവർ. മുതിർന്നവരോട് ഇത്തരക്കാർക്ക് ലൈംഗിക താല്പര്യം ഉണ്ടാവുകയില്ല. അഥവാ അവരുടെ sexual orientation കുട്ടികളോട് മാത്രമാണ്. 

 

പീഡോഫൈലുകൾ ആരും കല്യാണം കഴിക്കാറില്ല. കാരണം, അവർക്ക് എപ്പോഴും കുട്ടി പ്രായത്തിലുള്ളവർ തന്നെ ആവശ്യമുണ്ട്. ഇരകൾ മാറി കൊണ്ടിരിക്കണം. കുട്ടി വലുതായാൽ അവരോട് താല്പര്യം ഉണ്ടാവുകയില്ല. ഭാര്യക്ക് പ്രായം കൂടിക്കൊണ്ടിരിക്കും എന്നുള്ളതുകൊണ്ട് തന്നെ പീഡോഫൈലുകൾ കല്യാണം കഴിക്കില്ല. ഇവർ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് പ്രലോഭനങ്ങളിലൂടെയോ ഭീഷണിയിലൂടെയോ ബലാൽക്കാരമായോ മാത്രമാണ്. 

 

ഇനി മുഹമ്മദ് നബിയുടെ കാര്യം പരിശോധിക്കാം. തൻറെ ഇരുപത്തിയഞ്ചാം വയസ്സിൽ ആദ്യമായി മുഹമ്മദ് നബി വിവാഹം കഴിക്കുന്നത് ഖദീജയെയാണ്. തന്നെക്കാൾ പ്രായം കൂടുതലുള്ള (40 വയസ്സ് എന്നതാണ് പ്രബലമായ അഭിപ്രായം), മുമ്പ് 2 രണ്ട് വിവാഹങ്ങൾ ചെയ്തിട്ടുള്ള, മൂന്നു കുട്ടികളുടെ മാതാവായ , വിധവ ആയിരുന്നു ഖദീജ. 25 വർഷം നീണ്ടു നിന്ന വിവാഹജീവിതം. ഖദീജ മരിക്കുന്നതുവരെ മുഹമ്മദ് നബി വേറെ വിവാഹം ഒന്നും ചെയ്തിട്ടില്ല. ഖദീജയുടെ മരണശേഷം പ്രവാചകൻ വിവാഹം കഴിച്ചത് തന്നെക്കാൾ വളരെ പ്രായക്കൂടുതലുള്ള 65 വയസ്സുള്ള വിധവയായ സൗദയെ ആയിരുന്നു. 

 

ഇതൊക്കെ കഴിഞ്ഞാണ് പിന്നീട് ആയിഷയെ വിവാഹം കഴിക്കുന്നത്. മുഹമ്മദ് നബിയുടെ സന്തതസഹചാരിയും ഒന്നാം ഖലീഫയുമായിരുന്ന അബൂബക്കറിന്റെ പുത്രിയാണ് ആയിഷ. നിക്കാഹ് നടന്നത് ആയിഷക്ക് 6 വയസ്സുള്ളപ്പോഴാണ് . ആയിഷയെ മുഹമ്മദ് നബി വീട്ടിലേക്ക് കൂട്ടി കൊണ്ടുവന്നതും അവർ വൈവാഹിക ജീവിതം ആരംഭിച്ചതും മൂന്ന് വർഷങ്ങൾക്ക് ശേഷം ആയിഷക്ക് ഒൻപത് വയസ്സുള്ളപ്പോഴാണ്. പ്രവാചകൻറെ ഭാര്യമാരിൽ ആയിഷ മാത്രമാണ് കന്യക ആയിട്ട് ഉണ്ടായിരുന്നത്. ബാക്കിയുള്ളവരെല്ലാം തന്നെ ഒന്നോ അതിലധികമോ തവണ വിവാഹം ചെയ്തവരും വിവാഹമോചിതകളും വിധവകളും മാത്രമാണ്. അഥവാ ഒരു നിർവചന പ്രകാരവും പീഡോഫിലിയ ആരോപിക്കാൻ വകുപ്പില്ല. 

 

ഇസ്ലാമിലെ വിവാഹം, വരനും വധുവിനും രക്ഷിതാവും സാക്ഷികളെ മുൻനിർത്തിക്കൊണ്ട് നടത്തുന്ന ഉറപ്പുള്ള ഒരു കരാറാണ്. ഇസ്ലാമിൽ വിവാഹത്തിന് വധുവിൻറെ സമ്മതം നിർബന്ധമാണ്. കന്യകയാണെങ്കിൽ അവളോട് വിവാഹത്തെപ്പറ്റി അന്വേഷിക്കുമ്പോൾ അവളുടെ മൗനം സമ്മതം ആയി പരിഗണിക്കും. എന്നാൽ മുമ്പ് വിവാഹം കഴിച്ച ആളാണെങ്കിൽ (വിധവ, വിവാഹമോചിത ) അവൾ തീർച്ചയായും വിവാഹത്തിനു സമ്മതം ആണ് എന്ന് വാക്കായി പറയുകയും വേണം. കന്യകമാർ പൊതുവേ നാണംകുണുങ്ങികൾ ആയിരിക്കും എന്നുള്ളതുകൊണ്ടു അവരുടെ മൗനം സമ്മതം ആയും ; എന്നാൽ മുമ്പ് വിവാഹം ചെയ്യപ്പെട്ട സ്ത്രീകൾ വിവാഹത്തിന് സമ്മതമാണ് എന്ന് തുറന്നുപറയാൻ ലജ്ജ ഉണ്ടാവില്ല എന്നത് പരിഗണിച്ചുകൊണ്ട് അവർ കാര്യം തുറന്നു പറയുക തന്നെ വേണമെന്നും മതം നിഷ്കർഷിക്കുന്നു.

 

حَدَّثَنَا أَبُو هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏"‏ لاَ تُنْكَحُ الأَيِّمُ حَتَّى تُسْتَأْمَرَ وَلاَ تُنْكَحُ الْبِكْرُ حَتَّى تُسْتَأْذَنَ ‏"‏ ‏.‏ قَالُوا يَا رَسُولَ اللَّهِ وَكَيْفَ إِذْنُهَا قَالَ ‏"‏ أَنْ تَسْكُتَ ‏"‏ ‏.‏

Reference : Sahih Muslim 1419a

 

A woman without a husband (or divorced or a widow) must not be married until she is consulted, and a virgin must not be married until her permission is sought. They asked the Prophet of Allah (ﷺ): How her (virgin's) consent can be solicited? He (the Holy Prophet) said: That she keeps silence.

 

പ്രവാചകൻ പറഞ്ഞു: "മുമ്പ് വിവാഹിതയായ (വിധവ, വിവാഹ മോചിത )ഒരു സ്ത്രീയെ അവളുടെ സമ്മതം ചോദിക്കാതെ വിവാഹം ചെയ്യരുത്. ഒരു കന്യകയെ അവളുടെ സമ്മതം കൂടാതെ വിവാഹം ചെയ്യുകയും അരുത്. സഹാബികൾ ചോദിച്ചു എങ്ങനെയാണ് കന്യകയുടെ സമ്മതം അറിയുക ? പ്രവാചകൻ പറഞ്ഞു അവൾ മൗനം പാലിച്ചാൽ വിവാഹത്തിന് സമ്മതമാണെന്ന് മനസ്സിലാക്കാം . (സഹീഹ് മുസ്ലിം)

 

വധുവിന് വിവാഹ സമ്മാനം (മഹ്ർ) കൊടുക്കൽ നിർബന്ധമാണ്. വിവാഹം പരസ്യപ്പെടുത്തുകയും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ വിവാഹസദ്യ നൽകുകയും വേണം. ഭാര്യയുടെ ഭക്ഷണം വസ്ത്രം പാർപ്പിടം തുടങ്ങി സകല ചെലവുകളും സാമ്പത്തിക ഉത്തരവാദിത്വവും പൂർണ്ണമായും ഭർത്താവിനാണ്. ഭാര്യയുടെ ഹലാലായ ലൈംഗിക താൽപര്യങ്ങൾ നിർവഹിച്ചു കൊടുക്കേണ്ടത് ഭർത്താവിന് നിർബന്ധമാണ്. എന്തെങ്കിലും കാരണവശാൽ ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയില്ല എന്ന് ബോധ്യപ്പെട്ടാൽ തൻറെ മഹർ തിരിച്ചുനൽകി ഭർത്താവിൽ നിന്ന് വിവാഹമോചനം നേടാനും ഭാര്യക്ക് അവകാശമുണ്ട്. 

 

ഇരുപതാം നൂറ്റാണ്ടു വരെ ലോകത്ത് മിക്കവാറും എല്ലായിടത്തും കുറഞ്ഞ വിവാഹപ്രായം എട്ടും പത്തും വയസ്സ് ഒക്കെ ആയിരുന്നു. 1891ൽ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ ഇന്ത്യയിൽ ഒരു പുതിയ നിയമം കൊണ്ടുവന്നു. Age of consent act, 1891. വിവാഹിതർ എന്നോ അവിവാഹിതർ എന്നോ വ്യത്യാസമില്ലാതെ പെൺകുട്ടികൾക്ക് ലൈംഗികബന്ധത്തിന് സമ്മതം നൽകാനുള്ള കുറഞ്ഞ പ്രായം പത്തുവയസ്സിൽ നിന്നും 12 വയസ്സ് ആക്കി ഉയർത്തുന്നത് ആയിരുന്നു ഈ നിയമം. 

 

ബ്രിട്ടീഷുകാർ ഇങ്ങനെ ഒരു നിയമം കൊണ്ടുവരാൻ ഉണ്ടായ സാഹചര്യം 35 വയസ്സുകാരനായ ഹരി മോഹൻ എന്ന വ്യക്തി തൻറെ 10 വയസ്സുകാരിയായ ഭാര്യ ഫുൽമണി ദാസിയുമായി ബലാൽക്കാരമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും അതിൻറെ ഫലമായി ആ കുട്ടി രക്തം വാർന്ന് മരിക്കുകയും ചെയ്ത സംഭവമായിരുന്നു. 

 

എന്നാൽ ഈ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇന്ത്യയിൽ ഉണ്ടായത്. ഇതു ഹിന്ദുമത വിശ്വാസങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും അംഗീകരിക്കാൻ കഴിയില്ല എന്നും പ്രഖ്യാപിച്ചുകൊണ്ട് ബാലഗംഗാധര തിലകന്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭങ്ങൾ നടന്നു. സംശയിക്കേണ്ട, സ്വാതന്ത്ര്യസമരസേനാനി എന്നും ലോകമാന്യ എന്നുമൊക്കെ അറിയപ്പെടുന്ന അതേ ബാലഗംഗാധരതിലകൻ തന്നെ. ബ്രിട്ടീഷുകാർ നിയമം പിൻവലിക്കാൻ തയ്യാറായില്ലെങ്കിലും ഹിന്ദു പ്രതിഷേധം ഭയന്ന് നിയമം പ്രാബല്യത്തിലാക്കാൻ പിന്നെയും ഒരുപാട് കാലങ്ങൾ വലിയ ഉത്സാഹം കാണിച്ചിരുന്നില്ല എന്നതാണ് വസ്തുത. 

 

1925 ൽ ഇന്ത്യയിൽ age of consent 14 വയസ്സായി ഉയർത്തി. 1940 ൽ ഇത് 16 വയസ്സ് ആയി ഉയർത്തി. 2013 ൽ ഇത് 18 വയസായി ഉയർത്തി. അഥവാ ഇന്ത്യയിൽ ഒരു ആണിനോ പെണ്ണിനോ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എങ്കിൽ മിനിമം 18 വയസ്സ് ആയിരിക്കണം. ഈ നിയമം പ്രാബല്യത്തിൽ ആയിട്ട് വെറും എട്ടു വർഷമേ ആയിട്ടുള്ളൂ. 

 

എന്നാൽ ലോകരാജ്യങ്ങളിൽ അതാണോ സ്ഥിതി ! ഉദാഹരണമായി ഈ 2021 ൽ പോലും ഫിലിപ്പൈൻസിൽ age of consent 12 വയസ്സ് ആണ്. വികസിത രാഷ്ട്രമായ ജപ്പാനിൽ ഇത് 13 വയസ്സാണ്. ലോക ശക്തിയായി കുതിക്കുന്ന ചൈനയിൽ ഇത് 14 വയസ്സാണ്. യൂറോപ്യൻ രാജ്യങ്ങളിൽ 14 -16 വയസ് ആണ്. ജർമ്മനി, ഇറ്റലി, പോർച്ചുഗൽ , ഓസ്ട്രിയ, ബൾഗേറിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ 14 വയസ്സ് ആണ് . ഫ്രാൻസ്, ഡെന്മാർക്ക്, സ്വീഡൻ തുടങ്ങിയവയിൽ 15 വയസ്സും റഷ്യ, യു.കെ തുടങ്ങിയവയിൽ 16 വയസും ആണ്. അമേരിക്കയിൽ പല സ്റ്റേറ്റുകളിലും age of consent നിർവചിച്ചിട്ടില്ല. ചില സ്റ്റേറ്റുകളിൽ 14 ഉം ചില സ്റ്റേറ്റുകളിൽ 16 ഉം ഒക്കെയാണ്.  

 

രസകരമായ ഒരു കാര്യം കൂടി പറയാം. ഫ്രാൻസിൽ 2021 വരെ age of consent നിർവചിക്കപ്പെട്ടിരുന്നില്ല. ഈ വർഷമാണ് പുതിയ ബില്ല് കൊണ്ടുവന്നു നിയമം ഉണ്ടാക്കിയത് പോലും !

 #MeTooIncest എന്ന പേരിൽ അടുത്തകാലത്ത് ഫ്രാൻസിൽ ബാല്യകാലത്ത് ഇൻസെസ്റ്റിനിരയായ നിരവധിപേർ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടത്തിയതിന് ഫലമായാണ് പുതിയ ബിൽ ഉണ്ടാക്കിയത്. ഈ

ബില്ലിനെതിരെയും നിരവധിപേർ രംഗത്തുണ്ട് ! 15 വയസ്സ് എന്നത് കൂടുതലാണ് വയസ്സ് കുറയ്ക്കണം എന്നാണ് അവരുടെ ആവശ്യം ! 

 

മുസ്ലിം രാജ്യങ്ങളായ സൗദി അറേബ്യ, ഒമാൻ , യുഎഇ എന്നിവിടങ്ങളിലെല്ലാം മിനിമം വിവാഹ പ്രായം 18 വയസ്സായി നിശ്ചയിച്ചിട്ടുണ്ട് ! ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള ഇന്തോനേഷ്യയിൽ പെൺകുട്ടികളുടെ മിനിമം വിവാഹ പ്രായം 19 വയസ്സ് ആണ് ! 

 

അപ്പോൾ പറഞ്ഞു വന്നത് ഇതാണ്, ലോകത്ത് എല്ലായിടത്തും എല്ലാവർക്കും സ്വീകാര്യമായ age of consent ഇല്ല. ഓരോ രാജ്യങ്ങളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഓരോ കാലഘട്ടത്തിലും വ്യത്യാസമുണ്ട്. 1891 വരെ ഇന്ത്യയിൽ കുറഞ്ഞ വിവാഹപ്രായം പത്ത് വയസ്സ് ആയിരുന്നു. 1880 ഇവരെ അമേരിക്കയിൽ കുറഞ്ഞ വിവാഹപ്രായം പത്ത് വയസ്സ് ആയിരുന്നു. Delaware സംസ്ഥാനത്ത് ഇത് വെറും ഏഴ് വയസ്സ് ആയിരുന്നു. 

 

മാറിയ സാമൂഹിക സാഹചര്യങ്ങളിൽ വിവാഹപ്രായവും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ പ്രായവും ഉയർന്നു എന്നത് മാത്രമാണ് വസ്തുത. ഇസ്ലാം വിവാഹത്തിന് അങ്ങനെ ഒരു പ്രായം നിശ്ചയിച്ചിട്ടില്ല. നാട്ടിൽ പൊതുവേ അംഗീകരിക്കപ്പെടുന്ന വിവാഹ പ്രായത്തിൽ ആർക്കും വിവാഹം കഴിക്കാം. ഇസ്ലാം കാലത്തിന് അതീതമായതു കൊണ്ടു തന്നെ ഏഴാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇനി ഭാവിയിലും ഒക്കെ ഇസ്ലാം പിന്തുടരാൻ അതുകൊണ്ടുതന്നെ പ്രയാസമില്ല.  

 

ഉത്തരവാദിത്ത ലൈംഗികത മാത്രമാണ് ഇസ്ലാം അനുവദിക്കുന്നത്. ആളുകളെ സാക്ഷി നിർത്തി പെണ്ണിൻറെ പിതാവിൻറെ കൈപിടിച്ചുകൊണ്ട് അവളുടെ സമ്മതത്തോടുകൂടി അവൾക്ക് വിവാഹ സമ്മാനം നൽകി കൊണ്ട് അവളുടെ സംരക്ഷണ, സാമ്പത്തിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അവൾ ഗർഭിണിയായാൽ ഗർഭത്തിൻറെയും കുട്ടിയുടെയും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഉത്തരവാദിത്വ ലൈംഗികത മാത്രമാണ് ഇസ്ലാം അനുവദിക്കുന്നത്

9 വയസുള്ള ആയിഷ(റ )യെ 54 വയസുള്ള മുഹമ്മദ് നബി (സ)കല്യാണം കഴിച്ചത് പീഡോഫീലിയ അല്ലേ ?